ശരിക്കും നിങ്ങൾ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കത്തികൾ ഇത്തരത്തിൽ തിരഞ്ഞെടുക്കാം
Mail This Article
പാചകം ഒരു കലയാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ അനുയോജ്യമായ വസ്തുക്കൾ ലഭിച്ചില്ലെങ്കിൽ അതൊരു കലാപമായി മാറുകയും ചെയ്യും. പാചകം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ മികച്ചതായിരിക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് വസ്തുക്കളും. അടുക്കളയിൽ ഏറ്റവും അത്യാവശ്യമുള്ള ഒരു വസ്തുവാണ് കത്തി. അതുപോലെ തന്നെ പാചകം ചെയ്യുന്നവർക്ക് കൈയിൽ ഒരു നല്ല കത്തി ഉണ്ടായിരിക്കുക എന്ന് പറയുന്നത് വലിയ സമാധാനമാണ്. മൂർച്ചയില്ലാത്ത, തുരുമ്പ് പിടിച്ച കത്തി ആണെങ്കിൽ
പാചകം ചെയ്യാനുള്ള സുഖവും രസവും ഒക്കെ ഏത് വഴിക്ക് പോയെന്ന് ചോദിച്ചാൽ മതി.
ടിവി ചാനലുകളിലും യുട്യൂബ് ചാനലുകളിലും നിരവധി പാചക പരിപാടികളും കുക്കിംഗ് ഷോകളും എല്ലാം അടുക്കള എന്ന സങ്കൽപ്പത്തിനും പാചകം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള ധാരണകൾക്കും വലിയ മാറ്റമാണ് വരുത്തിയത്. സ്റ്റൈലായി എത്തുന്ന ഷെഫുമാരും അടുക്കളയിൽ ഉപയോഗിക്കുന്ന അത്യാധുനിക പാചക ഉപകരണങ്ങളും ആളുകളുടെ ധാരണയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. പണ്ട്, ഏറ്റവും അടുത്ത മാർക്കറ്റിൽ പോയി സാധാരണ കത്തി വാങ്ങിയിരുന്ന അവസ്ഥയിൽ നിന്ന് ഉയർന്ന ഗുണനിലവാരമുള്ള കത്തികൾ വാങ്ങുന്നതിലേക്ക് ചിന്താഗതി മാറി.
കത്തി വെറുമൊരു കത്തി എന്നതിൽ നിന്ന് മാറി വളരെ പ്രത്യേകതയുള്ള ഒരു വസ്തുവായി മാറി. കത്തി കൈകാര്യം ചെയ്യാനുള്ള സുഖം, അതിന്റെ മൂർച്ച എന്നു തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ കത്തി തിരഞ്ഞെടുക്കുന്നതിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കത്തിയുടെ ബ്ലേഡ് ആണ് അതിൽ പ്രധാനപ്പെട്ടത്. പച്ചക്കറി മുറിക്കാൻ ആണെങ്കിലും മീനോ, ഇറച്ചിയോ മുറിക്കാനാണെങ്കിലും ബ്ലേഡിന് മൂർച്ചയില്ലെങ്കിൽ പണി പാളി. സ്റ്റയിൻലെസ് സ്റ്റീൽ, ഹൈ കാർബൺ സ്റ്റീൽ, ഡമാസ്കസ് സ്റ്റീൽ, സെറാമിക് എന്നു തുടങ്ങി വിവിധ മെറ്റീരിയലുകളാണ് ബ്ലേഡുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ലോകത്തിലെ മുൻനിര കത്തി നിർമാണ കമ്പനികൾ എല്ലാം ബ്ലേഡ് നിർമിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് തേയാത്തതും സുഖമായി കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ ഒന്നാണ് ഇത്.
ഹൈ കാർബൺ സ്റ്റീലിൽ നിർമിക്കുന്ന ബ്ലേഡുകൾ അരികുഭാഗം മികച്ച രീതിയിൽ ആയിരിക്കും നിർമിച്ചിട്ടുണ്ടാകുക. കൃത്യമായ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ പെട്ടെന്ന് തുരുമ്പ് എടുക്കാനുള്ള സാധ്യതയുണ്ട്. കത്തികളിൽ ഏറ്റവും വിലയേറിയത് ഡമാസ്കസ് സ്റ്റീലിൽ തീർത്തവയാണ്. സ്റ്റീലിന്റെ നിരവധി ലെയറുകൾ മർദ്ദം ഉപയോഗിച്ച് അമർത്തിയാണ് ഇത് ഉണ്ടാക്കുന്നത്. ഇത് വളരെ വില കൂടിയതും ഒത്തിരി ശ്രദ്ധയോടെ പരിപാലിക്കേണ്ടതുമാണ്. സെറാമിക് കത്തികൾ മൂർച്ചയേറിയതും എളുപ്പം മുറിക്കാൻ പറ്റുമെങ്കിലും പൊട്ടിപ്പോകാനും ഒടിഞ്ഞുപോകാനുമുള്ള സാധ്യത കൂടുതലാണ്.
കത്തിയുടെ പിടികൾ ഉണ്ടാക്കാനും വ്യത്യസ്ത തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. പ്രധാനമായും തടിയിലാണ് കത്തിയുടെ പിടികൾ നിർമിക്കാറുള്ളത്. രണ്ട് കഷണങ്ങൾ ചേർത്തുവെച്ച് ഉണ്ടാക്കുന്ന പിടിയേക്കാൾ ഒറ്റ തടിക്കഷണത്തിൽ തീർക്കുന്ന കൈപ്പിടികളുള്ള കത്തികൾ തിരഞ്ഞെടുക്കുക. കാരണം, രണ്ട് കഷണങ്ങൾ ചേർത്തുവെച്ച കത്തിയുടെ പിടി പെട്ടെന്ന് തന്നെ അടർന്ന് പോകാനുള്ള സാധ്യത ഉണ്ട്. പ്ലാസ്റ്റിക് പിടികൾ ഏറെക്കാലം നിലനിൽക്കും. സ്റ്റയിൻലെസ് സ്റ്റീൽ, കാർബൺ ഫൈബർ എന്നിവ കൊണ്ടു കത്തിക്ക് കൈപ്പിടി നിർമിക്കാറുണ്ട്.