നിങ്ങൾ ഒരു റസ്ക് ലവർ ആണോ? ഇത് കണ്ടാൽ ഒരിക്കലും ഇനി കഴിക്കാൻ തോന്നില്ല!
Mail This Article
കുഞ്ഞുനാൾ മുതൽ നമ്മൾ കഴിച്ചു വളർന്ന എത്രയോ ഭക്ഷണങ്ങൾ ഉണ്ട്. അതിൽ ചില ബേക്കറി പലഹാരങ്ങൾ എല്ലാക്കാലത്തും ജീവിതത്തിന്റെ ഭാഗവുമായിരിക്കും. എന്നാൽ, എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നമ്മൾ ഒരിക്കലും അന്വേഷിക്കാറില്ല. ആവശ്യത്തിന് ശുചിത്വത്തോടെ, വൃത്തിയുള്ള അന്തരീക്ഷത്തിൽ ആണോ ഈ പലഹാരങ്ങൾ ഉണ്ടാക്കിയതെന്ന് നമ്മൾ ഒരിക്കലും ശ്രദ്ധിക്കാറില്ല. എന്നാൽ സോഷ്യൽ മീഡിയ സജീവമായതോടെ ഇത്തരത്തിലുള്ള ചില കുട്ടിക്കാല 'ക്രഷു'കൾ തവിടുപൊടിയാകുന്ന കാഴ്ചയാണ് കാണുന്നത്. പ്രിയപ്പെട്ട ചില പലഹാരങ്ങൾ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്നതിന്റെ വിഡിയോ പല തവണ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. പട്ടികയിലേക്ക് ഏറ്റവും ഒടുവിൽ കൂട്ടിചേർക്കപ്പെട്ടിരിക്കുന്നത് പലരുടെയും പ്രഭാതങ്ങളുടെ മനോഹരമാക്കുന്ന റസ്ക് ആണ്.
'ടോസ്റ്റ്' അല്ലെങ്കിൽ 'പാപ്പെ' എന്ന് വിളിക്കപ്പെടുന്ന റസ്ക് ഉണ്ടാക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ ചായയ്ക്കൊപ്പം റസ്ക് കഴിച്ചില്ലെങ്കിൽ ആ ദിവസത്തിന് ഒരു ഉഷാറ് ഇല്ലാത്ത പോലെ തോന്നുന്ന പലരുമുണ്ട്. എന്നാൽ, ഈ വിഡിയോ കണ്ടാൽ ആ റസ്ക് കഴിക്കൽ അന്നത്തോടെ നിർത്തും.
അമർ സിറോഹി എന്നയാൾ തന്റെ ഫുഡി ഇൻകാർനേറ്റ് എന്ന ഇൻസ്റ്റഗ്രാം ചാനലിലാണ് ഈ വിഡിയോ പങ്കുവെച്ചത്. ഒരു വർഷം മുമ്പ് പങ്കുവെച്ച ഈ വിഡിയോ 28 മില്യണിന് അടുത്ത് ആളുകളാണ് ഇതുവരെ കണ്ടത്. ഏകദേശം, മൂന്ന് കോടിക്കടുത്ത് ആളുകൾ. ആളുകൾക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണിക്കുന്നതാണ് ഇദ്ദേഹത്തിന്റെ മിക്ക വിഡിയോയും. ഓരോ വിഡിയോയ്ക്കും കോടിക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്.
ഏതായാലും റസ്ക് ഉണ്ടാക്കുന്ന വിഡിയോയിൽ ഒരു കൂട്ടം ആളുകൾ റസ്ക് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കാണാം. ഗ്ലൗസ് ധരിക്കാത്ത കൈ കൊണ്ടാണ് ഒരു കൂട്ടം ആളുകൾ മാവ് കുഴയ്ക്കുന്നത്. റസ്ക് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ഒരേ സമയത്ത് ഒരു കൈ കൊണ്ട് ഇളക്കുന്നതും ഒരു കൈ കൊണ്ട് പുക വലിക്കുന്നതുമാണ് ഇതിലെ ഹൈലൈറ്റ്. മാവ് രൂപപ്പെട്ടു കഴിയുമ്പോൾ തൊഴിലാളികൾ അതിനെ നീളമുള്ള അപ്പമായി രൂപപ്പെടുത്തുന്നത് കാണാം. പിന്നീട് അവ ചുട്ടെടുക്കുകയും റസ്ക് പോലെ കഷണങ്ങളായി മുറിക്കുകയും ചെയ്യുന്നു. അതിനു ശേഷം വീണ്ടും അവ ചുട്ടെടുക്കുന്നു. അതേസമയം, റസ്ക് ഉണ്ടാക്കുന്നത് ഇങ്ങനെയാണെങ്കിൽ ഇത് കഴിക്കാൻ ഭയമാണ് എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.