ഇന്ത്യൻ റെയിൽവേ 50,000 രൂപ പിഴ ചുമത്തി; വന്ദേഭാരതിലെ യാത്രക്കാർക്ക് ലഭിച്ച ഭക്ഷണത്തിൽ പ്രാണി
Mail This Article
പുതിയ യാത്രാനുഭവമാണ് ഓരോ യാത്രക്കാരനും വന്ദേഭാരത് നൽകുന്നത്. മാറിയ കാലത്തിൽ വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യൻ റെയിൽവേ വന്ദേഭാരത് തീവണ്ടികൾ ട്രാക്കിൽ എത്തിച്ചത്. വന്ദേഭാരത് അടിമുടി മാറിയെങ്കിലും ഇന്ത്യൻ റെയിൽവേ നേരിടേണ്ടി വരുന്ന ഒരു സ്ഥിരം പരാതി വന്ദേ ഭാരതും കേട്ടു തുടങ്ങി. മറ്റൊന്നുമല്ല യാത്രയ്ക്കിടയിൽ ആളുകൾക്ക് ലഭിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും ചെറുപ്രാണികളെ കണ്ടെത്തുന്നതാണ് ഇത്. നേരത്തെയും വന്ദേഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ നിന്ന് പ്രാണികളെയും മറ്റും ലഭിച്ചതായി നിരവധി യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ ഇത്തരത്തിൽ വീണ്ടും ഒരു പരാതി ഉയർന്നിരിക്കുകയാണ്. എന്നാൽ, പരാതി ഉയർന്നതിന് പിന്നാലെ റെയിൽവേ സ്വീകരിച്ച നടപടിയും അഭിനന്ദനാർഹമാണ്. സാമ്പാറിൽ ചെറുപ്രാണിയെ കണ്ടെത്തിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഭക്ഷണകരാറുകാർക്ക് 50,000 രൂപ പിഴ ചുമത്തിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. ശനിയാഴ്ച, തിരുനെൽവേലി - ചെന്നൈ എഗ്മോർ വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർക്ക് ലഭിച്ച സാമ്പാറിലാണ് ചെറുപ്രാണിയെ കണ്ടെത്തിയത്. കരാറുകാർക്ക് പിഴ ചുമത്തിയതിന് പിന്നാലെ സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ആരംഭിച്ചു.
സി2 കോച്ചിൽ യാത്ര ചെയ്ത യാത്രക്കാരനാണ് പരാതിക്കാരൻ. രാവിലെ എട്ടു മണിക്കാണ് ട്രയിൻ മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെട്ടത്. ഇതിനു പിന്നാലെയാണ് പ്രഭാതഭക്ഷണം നൽകിയത്. പ്രഭാതഭക്ഷണത്തിന് ഒപ്പം ലഭിച്ച സാമ്പാറിൽ ചെറു പ്രാണിയെ കണ്ടെത്തിയെന്ന് യാത്രക്കാരൻ പരാതിപ്പെടുകയായിരുന്നു. തിരുനെൽവേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് ആണ് ഭക്ഷണം വിതരണം ചെയ്തതെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.
പരാതി ഉയർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിച്ചു. ഭക്ഷണം നൽകിയ പാത്രത്തിന്റെ അടപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിൽ ആയിരുന്നു ചെറുപ്രാണി. അതുകൊണ്ടു തന്നെ ഭക്ഷണം പാചകം ചെയ്തതിനു ശേഷം പാക്ക് ചെയ്യുന്ന സമയത്താണ് ഈ പിഴവ് സംഭവിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. അതേസമയം, മോശം ഭക്ഷണം ലഭിച്ച യാത്രക്കാരന് ദിണ്ടിഗലിൽ നിന്ന് വേറെ ഭക്ഷണം നൽകിയെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. യാത്രക്കാരനോട് ക്ഷമാപണം നടത്തിയ ഉദ്യോഗസ്ഥർ ഭക്ഷണം വിതരണം ചെയ്തവർക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.