തടി കുറയ്ക്കാം, അവക്കാഡോയും ബ്ലൂബെറിയും വേണ്ട, പകരം ഇവ കഴിക്കാം
Mail This Article
സമൂഹമാധ്യമങ്ങൾ തുറന്നാല്‍ നിറയെ സൂപ്പര്‍ഫുഡുകളുടെ ബഹളമാണ്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പല ജാതി പഴങ്ങളും പച്ചക്കറികളും ഫീഡുകളില്‍ വന്ന് നിറയുമ്പോള്‍ പലര്‍ക്കും സംശയം തോന്നാം, ആരോഗ്യം നിലനിര്‍ത്താന്‍ ഇവയൊക്കെ കഴിക്കണോ എന്ന്. ഇത്തരം 'വിദേശി'കളെക്കാളും ഗുണമുള്ളതും എപ്പോഴും ലഭ്യമായതും വില വളരെ കുറവുള്ളതുമായ ഒട്ടേറെ പച്ചക്കറികള്‍ നമ്മുടെ നാട്ടിലുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തെ ആരോഗ്യത്തെ സംരക്ഷിക്കാനുമെല്ലാം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വിദേശ ഇനങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
∙അവക്കാഡോ
അവക്കാഡോക്ക് സമാനമായ പോഷകഗുണങ്ങളുള്ള രണ്ടു ഇന്ത്യന്‍ ഭക്ഷണങ്ങളാണ്, ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ തേങ്ങയും പൊട്ടാസ്യം കൂടുതലുള്ള വാഴപ്പഴവും. കൂടാതെ, ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, വിറ്റാമിൻ ഇ, പ്രോട്ടീൻ എന്നിവ അടങ്ങിയ ബദാം, കശുവണ്ടി, നിലക്കടല എന്നിവയും മഗ്നീഷ്യം, സിങ്ക്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ നിറഞ്ഞ മത്തങ്ങ വിത്തുകൾ, ചീര എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അവക്കാഡോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഗ്വാക്കമോളിക്ക് പകരം വെള്ളക്കടല വേവിച്ച് ഉടച്ച്, അതില്‍ യോഗര്‍ട്ട്, ക്യുക്കംബര്‍ എന്നിവ ചേര്‍ത്ത് കഴിക്കാം.
∙ബെറികള്‍
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി പോലെയുള്ള വിദേശ ബെറികള്‍ക്ക് പകരം ഇന്ത്യയില്‍ ധാരാളമായി കിട്ടുന്ന പഴങ്ങളും ബെറികളും ഉപയോഗിക്കാം. ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, ആൻ്റിഓക്‌സിഡൻ്റുകൾ നിറഞ്ഞ ഞാവല്‍പ്പഴം, പോളിഫെനോളുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയുള്ള മാതളനാരങ്ങ, വിറ്റാമിൻ സി, ലൈക്കോപീൻ, ഡയറ്ററി ഫൈബർ എന്നിവയാൽ നിറഞ്ഞ പേരയ്ക്ക മുതലായവ ഇവയ്ക്ക് സമാനമായതോ അതില്‍ കൂടുതലോ പോഷകങ്ങള്‍ നല്‍കുന്ന പഴങ്ങളാണ്.
∙ക്വിനോവ
അവശ്യ അമിനോ ആസിഡുകളും ഉയർന്ന കാൽസ്യവും ഇരുമ്പും അടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ അമരന്ത് (രാജ്‌ഗിര), ഫോക്‌സ്‌ടെയിൽ മില്ലറ്റ്, ഫിംഗർ മില്ലറ്റ് (റാഗി), പേൾ മില്ലറ്റ് (ബജ്‌റ) എന്നിവ ക്വിനോവയ്ക്ക് മികച്ച പകരക്കാരാണ്. ബാർലി (ജൗ) , താനിന്നു (കുട്ടു) എന്നിവ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ള മറ്റ് മികച്ച ഓപ്ഷനുകളാണ്. ഈ നാടൻ ധാന്യങ്ങൾ ചെലവ് കുറഞ്ഞതും ഗ്ലൂറ്റൻ രഹിതവുമാണ്.
∙കൊംബുച്ച
ചൈനയില്‍ നിന്നും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പ്രചരിച്ച ഒരു പാനീയമാണ് കൊംബുച്ച. തയാമിൻ , റൈബോഫ്ലേവിൻ, നിയാസിൻ, വിറ്റാമിൻ ബി 6 തുടങ്ങിയ നിരവധി ബി വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്ന ഈ പാനീയത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. ദഹനത്തിന് സഹായിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രധാനഗുണം. ഇന്ത്യയില്‍ ഇതിനെ കവച്ചു വയ്ക്കുന്ന ഗുണങ്ങളുള്ള ഒട്ടേറെ പാനീയങ്ങളുണ്ട്. പ്രോബയോട്ടിക്‌സ് അടങ്ങിയ മോര്, ലസ്സി, കള്ള്, കാരറ്റ് അല്ലെങ്കിൽ ബീറ്റ്റൂട്ട് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന പുളിപ്പിച്ച പാനീയമായ കഞ്ചി മുതലായവയെല്ലാം ഇതേപോലെയുള്ള പാനീയങ്ങളാണ്.
∙ഒറിഗാനോ, തൈം
പിസയ്ക്കും പാസ്തയ്ക്കുമെല്ലാം കൂടുതല്‍ രുചി നല്കാന്‍ ഉപയോഗിക്കുന്ന ഉണങ്ങിയ ഇലകളാണ് ഒറിഗാനോ, തൈം എന്നിവ. ഇവയ്ക്ക് പകരമായി, സമാനമായ രുചിയുള്ള ഉണങ്ങിയ ഉലുവ ഇലകൾ ഉപയോഗിക്കുക. ഇരുമ്പിൻ്റെ അംശം കൂടുതലുള്ള ഈ ഇലകൾ കൂടുതല്‍ പോഷകസമൃദ്ധമാണ്. കൂടാതെ വിറ്റാമിൻ എ, കാൽസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ നിറഞ്ഞ കറിവേപ്പില, ഇരുമ്പ്, വിറ്റാമിൻ സി മുതലായവ ഉള്ള പുതിന മുതലായവയുമെല്ലാം രുചി കൂട്ടാന്‍ ഉണക്കിപ്പൊടിച്ച് ചേര്‍ക്കാം.
∙സുക്കിനി
ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഫിറ്റ്‌നസ് ഫ്രീക്കുകളുടെ പ്രിയപ്പെട്ട പച്ചക്കറിയാണ് സുക്കിനി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ യഥേഷ്ടം ലഭ്യമായ ഈ പച്ചക്കറിയ്ക്ക് പക്ഷേ നല്ല വിലയുണ്ട്. ഇതിനു പകരം വയ്ക്കാവുന്ന ഇന്ത്യന്‍ പച്ചക്കറികളില്‍ ഒന്നാണ് കുമ്പളങ്ങ. ഇതില്‍ കലോറി കുറവാണ്, കൂടാതെ നാരുകൾ, പ്രോട്ടീൻ, ശരിയായ അളവിൽ കാർബോഹൈഡ്രേറ്റും എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഉറക്ക തകരാറുകൾ പരിഹരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ പച്ചക്കറിക്ക് കഴിയും.