ഈന്തപ്പഴം പലതരം, തടികുറയ്ക്കേണ്ടവരും പ്രമേഹരോഗികളും കഴിക്കേണ്ടത് ഇതാണ്
Mail This Article
കാരയ്ക്ക, ഡേറ്റ്സ് എന്നൊക്കെ വിളിക്കുന്ന ഈന്തപ്പഴം ആയിരക്കണക്കിന് വര്‍ഷങ്ങളായി ജനപ്രിയമായ ഒരു ഫലവര്‍ഗമാണ്. പച്ചയ്ക്കും ഉണക്കിയുമെല്ലാം ഇത് ഉപയോഗിച്ചു വരുന്നു. പണ്ടുകാലത്ത് അറേബ്യന്‍ രാജ്യങ്ങളില്‍ മാത്രം വിളഞ്ഞിരുന്ന ഈന്തപ്പഴം ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്, വടക്കേ ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടും വളരുന്നു.
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴത്തിന് ഒട്ടേറെ വെറൈറ്റികളുണ്ട്. മധുരത്തിലും രുചിയിലും പോഷകഗുണത്തിലുമെല്ലാം വ്യത്യാസമുള്ള ചില ഈന്തപ്പഴ ഇനങ്ങള്‍ പരിചയപ്പെടാം.
1. മെജൂള്‍ (Medjool)
ഈന്തപ്പഴങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രിയങ്കരമായ ഒരു ഇനമാണ് മെജൂള്‍. യഥാർത്ഥത്തിൽ മൊറോക്കോയിൽ നിന്നും വന്ന ഇവ ഇപ്പോൾ കാലിഫോർണിയ ഉൾപ്പെടെ പല പ്രദേശങ്ങളിലും വളരുന്നു.
വലുപ്പവും മധുരവും കൂടുതലുള്ള ഇനങ്ങളാണ് ഇവ. അതുകൊണ്ടുതന്നെ, ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.
2. അജ്‌വ(Ajwa)
മിഡിൽ ഈസ്റ്റിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു പ്രത്യേക ഇനമാണ് അജ്‌വ ഈന്തപ്പഴം. കൂടുതല്‍ ഇരുണ്ട നിറവും വൃത്താകൃതിയുള്ളതുമായ ഈ ഈന്തപ്പഴത്തിന് ചോക്ലേറ്റിന്റെയും കാരമലിന്റെയും ഒത്തുചേര്‍ന്ന രുചിയാണ് ഉള്ളത്.
ഇതില്‍ ഉയർന്ന അളവില്‍ പൊട്ടാസ്യവും നാരുകളും കൂടാതെ, ഫോളേറ്റ്, റൈബോഫ്ലേവിൻ എന്നിവയും അടങ്ങിയിട്ടുണ്ട്, പ്രമേഹമുള്ളവർക്ക് ഇത് മിതമായ അളവിൽ കഴിക്കാം. ഗുണങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ പൊതുവേ ഇവയ്ക്ക് വില അല്‍പ്പം കൂടുതലാണ്.
3. പിയറോം(Piarom)
ചോക്കലേറ്റ് ഈന്തപ്പഴം എന്നും അറിയപ്പെടുന്ന പിയറോം ഈന്തപ്പഴം ഇറാനിൽ വളരുന്നു. കടും തവിട്ട് നിറമുള്ള ഇവയ്ക്ക് മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കാലറി കുറവാണ്.
അതിനാല്‍ ഭാരം കുറയ്ക്കാന്‍ ഡയറ്റ് പിന്തുടരുന്ന ആളുകള്‍ ഇവ തിരഞ്ഞെടുക്കാറുണ്ട്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമായ ഇവ സ്മൂത്തികളില്‍ ചേര്‍ത്തോ മധുരപലഹാരങ്ങളില്‍ ചേര്‍ത്തോ കഴിക്കാം.
4. ഡെഗ്ലെറ്റ് നൂർ(Deglet Noor)
മഞ്ഞയോ ആംബര്‍ നിറമോ ആയിരിക്കും ഡെഗ്ലെറ്റ് നൂർ ഇനത്തില്‍പ്പെട്ട ഈന്തപ്പഴത്തിന് ഉണ്ടാവുക. കൂടാതെ മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ മാംസളഭാഗത്തിന് കൂടുതല്‍ ഉറപ്പുണ്ടാകും. സിറപ്പുകൾ, ബേക്കിങ് പേസ്റ്റുകൾ, കുക്കികള്‍ എന്നിവ ഉണ്ടാക്കാൻ ഇവ വളരെ അനുയോജ്യമാണ്. ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പന്നമാണ് ഡെഗ്ലെറ്റ് നൂർ ഈന്തപ്പഴം. കൂടാതെ, മറ്റു ഇനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഗ്ലൈസീമിക് സൂചികയാണ് ഇവയ്ക്ക് ഉള്ളത്.
5. ഹണി(Honey)
പേരുപോലെ തന്നെ തേനിന്‍റെ രുചിയുള്ള ഇനമാണ് ഹണി. ഇളം കാരാമൽ നിറമോ കടുത്ത തവിട്ട് നിറമോ ഉള്ള ഈ ഇനത്തിന് വെണ്ണയുടേത് പോലെ അലിഞ്ഞു പോകുന്ന മാംസളഭാഗമുണ്ട്. കുക്കീസ്, കേക്ക് ബാറ്റർ, ഐസ്ക്രീം, ഓട്‌സ്, പാന്‍കേക്ക്, ബ്രൗണികള്‍ എന്നിവയ്‌ക്ക് മധുരം നൽകാന്‍ ഇത് ഉപയോഗിക്കാം.
ചോക്ലേറ്റ്, മേപ്പിൾ സിറപ്പ്, കറുവപ്പട്ട, ജാതിക്ക, ഏലം, വെണ്ണ, തേങ്ങ, ഓറഞ്ച്, ഇഞ്ചി, ഡാർക്ക് റം തുടങ്ങിയ രുചികള്‍ക്കൊപ്പം ഉപയോഗിക്കുമ്പോള്‍ ഇവ അതീവ രുചികരമാകും. ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
6. കിമിയ(Kimia)
തെക്കൻ ഇറാനിൽ വളരുന്ന ഒരുതരം ഈന്തപ്പഴമാണ് കിമിയ. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഒരു ഇനമാണ് ഇത്. അതുകൊണ്ടുതന്നെ മറ്റു ഇനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വില വളരെ കൂടുതലാണ്. കൂടുതല്‍ കറുത്ത നിറവും വളരെയധികം മിനുസമാര്‍ന്ന തൊലിയുമുള്ള ഈന്തപ്പഴത്തിന് വളരെ മൃദുവായ മാംസളഭാഗമാണ് ഉള്ളത്.
എനർജി ഈന്തപ്പഴ ലഡ്ഡു, പോഷകങ്ങൾ നിറഞ്ഞ പലഹാരം തയാറാക്കാം
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പോഷക ഗുണമുള്ള പലഹാരം.
ചേരുവകൾ
ഈന്തപ്പഴം - 250 ഗ്രാം
കടല - 150 ഗ്രാം
അണ്ടിപ്പരിപ്പ് - 150 ഗ്രാം
ബദാം - 150 ഗ്രാം
ഏലയ്ക്ക - 6 എണ്ണം
പഞ്ചസാര - 2 ടേബിൾ സ്പൂൺ
നെയ്യ് - 2 ടേബിൾ സ്പൂൺ
ഈന്തപ്പഴത്തിലേക്കു തിളച്ച വെള്ളം ഒഴിച്ച് ഇരുപതു മിനിറ്റ് കുതിർക്കാം. ഈ സമയത്ത് അണ്ടിപരിപ്പും ബദാമും വേറെ വേറെയായി പൊടിച്ചെടുക്കാം. ഇനി കടല തൊലി കളഞ്ഞതിനു ശേഷം പൊടിച്ചെടുക്കാം. ഇതിനു ശേഷം പഞ്ചസാരയും ഏലക്കായയും ഒരുമിച്ച് പൊടിക്കാം. കുതിർത്ത ഈന്തപ്പഴം കുരു കളഞ്ഞതിനു ശേഷം അരച്ചെടുക്കാം.
ഇനി ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു നെയ്യ് ചേർക്കാം. നെയ്യ് ചൂടായാൽ അതിലേക്ക് ആദ്യം ബദാം ചേർത്തിളക്കാം. ഇതിലേക്കു കടലപ്പൊടിയും അണ്ടിപ്പരിപ്പു പൊടിയും പഞ്ചസാര – ഏലയ്ക്ക പൊടിയും ചേർത്തു നന്നായി ഇളക്കാം. ഇവ മൂന്നോ നാലോ മിനിറ്റ് വറുക്കണം. ഇതിലേക്ക് അരച്ചു വച്ച ഈന്തപ്പഴം ചേർത്തു 4 മിനിറ്റ് നന്നായി യോജിപ്പിക്കാം. ഇനി സ്റ്റൗ ഓഫാക്കി തണുക്കാൻ വയ്ക്കാം. ഇളം ചൂട് ബാക്കി നിൽക്കുമ്പോൾ കൈ കൊണ്ടു നന്നായി കുഴച്ചു ഉരുട്ടി എടുക്കാം. ഈന്തപ്പഴവും മറ്റും കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഈ ലഡ്ഡു ഒന്നോ രണ്ടോ എണ്ണം സ്നാക്കായി കൊടുത്തയക്കാം. മുതിർന്നവർക്കു വളരെ പെട്ടെന്ന് ക്ഷീണം മാറ്റാനും ഇവ നല്ലതാണ്.