ഓംലറ്റ് കൊണ്ട് വളരെ പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന കറി
Mail This Article
ആർക്കും ഞൊടിയിടകൊണ്ട് തയാറക്കാവുന്ന വിഭവമാണ് ഓംലറ്റ്. രുചികരമായ കറിയും ഓംലറ്റുകൊണ്ട് തയാറാക്കാം. അപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം ഏറെ രുചികരമാണ്.
ഓംലെറ്റ് തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- മുട്ട – അഞ്ച്
- പച്ചമുളക് – രണ്ട്
- ഇഞ്ചി - ഒരു ചെറിയ കഷണം
- ചെറിയ ഉള്ളി – 12
- കറിവേപ്പില – ഒരു തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
അഞ്ചു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചെറിയ ഉള്ളിയും ഗ്രൈൻഡറിൽ ചതച്ചിട്ട് മുട്ടയിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്യുക. ഒരു പാനിൽ ഓയില്‍ തടവി ഓംലെറ്റ് പൊരിച്ചെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
മസാല തയാറാക്കാൻ ആവശ്യമുള്ളവർ ചേരുവകൾ
- സവാള -ഒന്ന് മുറിച്ചത്
- തക്കാളി - 5 എണ്ണം അരിഞ്ഞത്
- ഉണക്കമുളക് - 4
- ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി - കാൽ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- മല്ലിപ്പൊടി – കാൽ ടീസ്പൂൺ
- ഗരം മസാലപ്പൊടി - കാൽ ടീസ്പൂൺ
- എണ്ണ - രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാളയും തക്കാളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് നല്ലതുപോലെ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് മുളകു പൊടി മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി വഴറ്റുക. എണ്ണ തെളിഞ്ഞാൽ പൊരിച്ചു വെച്ച ഓംലെറ്റ് കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കുക.