സാമ്പാലി;ബ്രേക്ക് ഫാസ്റ്റിനൊരു പുതു രുചി
Mail This Article
എല്ലാവരുടെയും വീടുകളിൽ മിക്കവാറും ഉണ്ടാക്കുന്ന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. സ്ഥിരം കഴിക്കുന്നത് കൊണ്ട് നമ്മളിൽ പലർക്കും മടി ഉള്ള കാര്യം ആണ് ഇഡ്ലി കഴിക്കുന്നത്. ആ മടുപ്പ് ഒഴിവാക്കാനും ഇഡ്ഡലിക്കൊപ്പം സാമ്പാറോ ചമ്മന്തിയോ ഇല്ലെങ്കിലും ആസ്വദിച്ചു കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് സാമ്പാലി. സാമ്പാർ കൂട്ടി ഇഡ്ഡലി കഴിക്കുന്നതിനേക്കാൾ രുചി ഉറപ്പ്.
ചേരുവകൾ
- ഇഡ്ഡലി - 3 (ചെറിയ കഷണങ്ങളാക്കിയത്)
- സവാള - 1
- എണ്ണ
- ഉപ്പ്
- ഉഴുന്ന്- 1 ടീസ്പൂൺ
- കറിവേപ്പില
- സാമ്പാർ പൊടി- 1 ടേബിൾസ്പൂൺ
- ഇഞ്ചി - 1 ടീസ്പൂൺ
- പച്ചമുളക് - 1 ടീസ്പൂൺ
- കടുക് - 1/4 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുകിട്ട് കൊടുക്കണം. അതിന് ശേഷം ഉഴുന്ന് ചേർത്ത് മൂപ്പിക്കണം. ശേഷം കൊത്തി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റണം. അതിന് ശേഷം ഇതിലേക്ക് സാമ്പാർ പൊടി ചേർത്ത് ഇളക്കണം. പൊടിയുടെ പച്ച മണം മാറി കഴിയുമ്പോൾ അതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന ഇഡ്ഡലിയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിന് ശേഷം ചൂടോടെ വിളമ്പാം.