കറുമുറെ കൊറിക്കാൻ എരിവുള്ള നാടൻ മിക്സ്ചർ
Mail This Article
ചായയ്ക്കൊപ്പം നല്ല നാടൻ മിക്സ്ചർ വീട്ടിലൊരുക്കാം.
ചേരുവകൾ
- കടലമാവ് - 2 കപ്പ്
- വറുത്ത അരിപ്പൊടി - 3/4 കപ്പ്
- പൊട്ടുകടല - 1/2 കപ്പ്
- കപ്പലണ്ടി - 1 കപ്പ്
- കറിവേപ്പില - ആവശ്യത്തിന്
- വെളുത്തുള്ളിചതച്ചത് - 4 എണ്ണം
- മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കായപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - 1/4 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോ കാണാം
ഒരു ബൗളിലേക്ക് കടലമാവ്, അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിൽ നിന്നും നാല് ടേബിൾ സ്പൂൺ മാവ് ബൂന്തി തയ്യാറാക്കാനായി മറ്റൊരു ബൗളിലേക്ക് മാറ്റിവയ്ക്കാം . ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവു പരുവത്തിലാക്കി മാറ്റിവയ്ക്കാം. നേരത്തെ എടുത്തു വച്ച കടലമാവിന്റെ മിക്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണയും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിമാവ് കുഴിച്ചെടുക്കുന്ന പരുവത്തിൽ നന്നായി കുഴച്ചെടുക്കാം. കുഴച്ചെടുത്ത മാവ് ഇടിയപ്പത്തിന്റെ അച്ചിലേക്ക് ഇട്ടുകൊടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം.
എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇടിയപ്പത്തിന്റെ അച്ചിലൂടെ മാവ് നന്നായി പ്രസ്സ് ചെയ്തു ഇട്ടുകൊടുക്കാം. ഒരു വശം നന്നായി മൂത്ത് വരുമ്പോൾ മറിച്ചിട്ടു കൊടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ബൂന്തി തയാറാക്കാം അതിനായിട്ട് കുഴിയുള്ള തവിയിലേക്ക് മാവ് കോരി ഒഴിച്ച് എണ്ണയിൽ ഇട്ട് നന്നായി മൂപ്പിച്ച് എടുക്കാം. ഇനി പൊട്ടുകടല , കപ്പലണ്ടി, കറിവേപ്പില , വെളുത്തുള്ളി ഇവ ഓരോന്നായി വറുത്ത് കോരി എടുക്കാം . ഇനി ഒരു വലിപ്പമുള്ള പാത്രത്തിലേക്ക് വറുത്തുവച്ചിരിക്കുന്നവ എല്ലാം ഇട്ടുകൊടുക്കാം. ഇതിലേക്ക് അര ടേബിൾ സ്പൂൺ മുളകുപൊടി ,കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ചൂടാറിയതിനു ശേഷം വായുകടക്കാത്ത പാത്രത്തിലേക്ക് ഇട്ട് അടച്ച് സൂക്ഷിക്കാം.
English Summary : Easy-to-make south Indian mixture.