ക്രിസ്മസിനൊരുക്കാം ഒന്നാന്തരം മുന്തിരി വൈൻ, 5 ദിവസം കൊണ്ട്
Mail This Article
കേക്കിനൊപ്പം സൂപ്പർ ടേസ്റ്റിലൊരു മുന്തിരി വൈൻ വീട്ടിൽ തയാറാക്കിയാലോ?
ചേരുവകൾ
- മുന്തിരി - 1 കിലോഗ്രാം
- പഞ്ചസാര - മുക്കാൽ കിലോഗ്രാം
- വെള്ളം - ഒന്നര ലിറ്റർ
- കറുവ പട്ട - 4 കഷ്ണം (1 ഇഞ്ച് നീളം )
- ഗ്രാമ്പു - 6 എണ്ണം
- ഏലക്ക - 4 എണ്ണം
- യീസ്റ്റ് - 1 ടീസ്പൂൺ
- ഗോതമ്പ് - ഒരു കൈപ്പിടി
തയാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിലേക്ക് കഴുകി എടുത്ത മുന്തിരി, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്ക, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഒരു തവി വച്ച് മുന്തിരി ഉടച്ചു കൊടുക്കാം.
5 മിനിറ്റു കൂടി ചെറിയ തീയിൽ മുന്തിരി വേവിക്കണം. ശേഷം വൈൻ മിക്സ് തണുക്കാൻ വയ്ക്കാം.
വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. ശേഷം യീസ്റ്റും ഗോതമ്പും കൂടി ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക. വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വെള്ള തുണി (ലൈറ്റ് കളർ ) ഇട്ടു നല്ലതുപോലെ മുറുക്കി കെട്ടി വയ്ക്കണം (വായു സഞ്ചാരം ഉള്ള തുണി വേണം ഇതിനു വേണ്ടി എടുക്കേണ്ടത് ). വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം വയ്ക്കാൻ. പിറ്റേദിവസം ഇതേ സമയത്തു തന്നെ വൈൻ മിക്സ് എടുത്തു തവി വച്ച് ഒന്ന് ഇളക്കി കൊടുക്കണം. ഇതുപോലെ മൊത്തം നാലു ദിവസം വൈൻ മിക്സ് ഇളക്കി കൊടുക്കണം .അഞ്ചാം ദിവസം വൈൻ എടുത്തു ഒന്നുകൂടി ഇളക്കിയ ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. ശേഷം ഒരു തുണികൂടി വച്ച് വൈൻ അരിച്ചെടുക്കാം.
അങ്ങനെ നമ്മുടെ സൂപ്പർ ടേസ്റ്റി വൈൻ റെഡി. കൂടുതൽ വീര്യം ഉള്ള വൈൻ തയാറാക്കാൻ 7 ,14 ,21 എന്നിങ്ങനെ കൂടുതൽ ദിവസം കെട്ടി വയ്ക്കണം. വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ, അതുപോലെ ഇളക്കാൻ എടുക്കുന്ന തവി എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .
English Summary : The Christmas festivities are incomplete without toasting some homemade wine and enjoying delicious cakes.