പ്രഷർ കുക്കറിൽ സദ്യ അവിയൽ, ചെറിയ അളവിൽ തയാറാക്കാം
Mail This Article
സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അവിയൽ. ധാരാളം പച്ചക്കറികൾ ചേരുന്നതുകൊണ്ട് തന്നെ അവിയൽ തയാറാക്കി വരുമ്പോൾ ആവശ്യമുള്ള അളവിലും കൂടുതലായിരിക്കും. ചെറിയ അളവിൽ വെന്തു കുഴയാതെ പ്രഷർ കുക്കറിൽ അവിയൽ തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഈ അളവിൽ തയാറാക്കിയാൽ അഞ്ചു മുതൽ ആറുപേർക്ക് വരെ കഴിക്കാം.
ചേരുവകൾ
- ചേന - രണ്ടിഞ്ച് കഷ്ണം
- ഏത്തക്ക - ഒന്നിന്റെ നാലിലൊന്ന്
- ചേമ്പ് - ഒന്ന് ചെറുത്
- കാരറ്റ് - ഒന്നിന്റെ പകുതി
- മുരിങ്ങക്ക - ഒന്നിന്റെ പകുതി
- അമരക്ക - 4
- പടവലങ്ങ - ഒരു ചെറിയ കഷ്ണം
- വെള്ളരിക്ക - ഒരു ചെറിയ കഷ്ണം
- പച്ചമാങ്ങ - പുളിക്ക് ആവശ്യത്തിന്
- പച്ചമുളക് - 3
- മഞ്ഞൾ പൊടി - അര ടീസ്പൂൺ
- മുളകുപൊടി - അര ടീസ്പൂൺ
- വെളിച്ചെണ്ണ - ഒന്നര ടേബിൾസ്പൂൺ
- വെള്ളം - 2 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- തേങ്ങ ചിരകിയത് - ഒരു മുറി
- ജീരകം - അര ടീസ്പൂൺ
- ചുവന്നുള്ളി - 2 അല്ലി
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ പച്ചക്കറികൾ ചെറിയ കഷ്ണങ്ങളായി കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.
ചേന, ചേമ്പ്, ഏത്തക്ക എന്നിവ അരിഞ്ഞ് നന്നായി കഴുകിയശേഷം വെള്ളത്തിൽ മുക്കി വയ്ക്കുക. (കറ പോവാനും നിറം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്).
തേങ്ങ ചിരകിയതിലേക്കു ജീരകം, ചുവന്നുള്ളി, അഞ്ചോ ആറോ കറിവേപ്പില എന്നിവ ചേർത്തു വെള്ളം ചേർക്കാതെ നന്നായി ചതച്ചെടുക്കുക.
പച്ചക്കറികൾ എല്ലാം കൂടി ഒരു വലിയ പാത്രത്തിലേക്കു മാറ്റുക. ചേനയും ചേമ്പും ഏത്തക്കയും വെള്ളം ഊറ്റിക്കളഞ്ഞു ചേർക്കുക.
ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ, രണ്ട് ടേബിൾ സ്പൂൺ വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
പ്രഷർ കുക്കറിൽ ഇറക്കി വയ്ക്കാൻ പരുവത്തിലുള്ള ഒരു പാത്രത്തിലേക്കു മാറ്റുക.
കുക്കറിൽ വെള്ളം ഒഴിച്ച് ഒരു തട്ട് ഇറക്കി വച്ചതിനുശേഷം പച്ചക്കറികൾ നിറച്ച പാത്രം വച്ച് കുക്കർ അടച്ച് രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക.
കുക്കറിന്റെ പ്രഷർ പോയിക്കഴിഞ്ഞു തുറക്കുമ്പോൾ പച്ചക്കറികൾ കൃത്യമായ പരുവത്തിൽ വെന്തിരിക്കും.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്ക് തേങ്ങ ചതച്ചതും കറിവേപ്പിലയും ചേർത്തു പച്ചമണം മാറുന്നതുവരെ ചൂടാക്കുക.
ഇതിലേക്കു വെന്ത പച്ചക്കറികൾ ചേർത്ത് ഉടയാതെ യോജിപ്പിക്കുക.
നന്നായി യോജിച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇളക്കിയെടുത്താൽ രുചികരമായ സദ്യ അവിയൽ തയാർ.
Content Summary : Sadya Aviyal in Pressure Cooker recipe by Ganga.