കറുമുറെ കൊറിക്കാൻ ഉരുളക്കിഴങ്ങു വട
Mail This Article
നാലുമണിക്കു ചായയ്ക്കൊപ്പം കറുമുറെ കൊറിക്കാൻ ഉരുളക്കിഴങ്ങു കൊണ്ടു രുചികരമായ വട തയാറാക്കാം. ഇത് തക്കാളി സോസ് ചേർത്തു കഴിക്കുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. സാധാരണ വട തയാറാക്കുന്നതു പോലെ ഒരുപാട് ചേരുവകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല.
ചേരുവകൾ
- ഉരുളക്കിഴങ്ങ് - അരക്കിലോ
- അരിപ്പൊടി - അര കപ്പ്
- വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
- മുളകുപൊടി - ഒരു ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു തൊലി കളഞ്ഞു കനം കുറച്ച് നീളത്തിൽ അരിയുക.(ഒരു തീപ്പെട്ടി കോലിന്റെ കനത്തിൽ വേണം അരിഞ്ഞെടുക്കാൻ)
അരിഞ്ഞെടുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ തണുത്ത വെള്ളത്തിൽ മുക്കി 15 മിനിറ്റ് വയ്ക്കുക.
15 മിനിറ്റിനു ശേഷം വെള്ളം തെളിയുന്നതു വരെ നന്നായി കഴുകി ഒരു അരിപ്പൊടിയിലേക്ക് ഇട്ട് വെള്ളം വാലാനായി വയ്ക്കുക.
ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഒരു വലിയ പാത്രത്തിലേക്കു മാറ്റുക.
വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മുളകുപൊടി, അരിപ്പൊടി ഇവ ചേർത്തു കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.
തയാറാക്കിയ ഉരുളക്കിഴങ്ങ് മിശ്രിതം പരിപ്പുവടയ്ക്കു പരത്തുന്നതു പോലെ കയ്യിൽ വച്ചു മെല്ലെ ഒന്ന് അമർത്തി തിളച്ച എണ്ണയിലേക്ക് ഇട്ട് ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
Content Summary : Delicious Potato Snacks Recipe For Snacks Lovers.