ADVERTISEMENT

ഊണു കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിലും നല്ല കുറുകിയ ചാറോട് കൂടിയ കറി തയാറാക്കാം. കുറച്ചു വെണ്ടയ്ക്കയും തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയാറാക്കാം എന്നു നോക്കാം.

 

ചേരുവകൾ

  • വെണ്ടയ്ക്ക - 10 എണ്ണം
  • തക്കാളി - 2 എണ്ണം
  • സവാള - 1 എണ്ണം
  • പച്ചമുളക് - 4 എണ്ണം
  • വെളിച്ചെണ്ണ - 4 സ്പൂൺ
  • മഞ്ഞൾ പൊടി - 1 സ്പൂൺ
  • ഉപ്പ് - 2 സ്പൂൺ
  • കാശ്മീരി മുളകുപൊടി - 1 സ്പൂൺ
  • കറിവേപ്പില - 2 തണ്ട്
  • വെള്ളം - 2 ഗ്ലാസ്‌
  • തേങ്ങ - അര മുറി
  • ജീരകം - 1 സ്പൂൺ
  • കടുക് - 1 സ്പൂൺ
  • ചുവന്ന മുളക് - 4 എണ്ണം

 

തയാറാക്കുന്ന വിധം

മൺചട്ടിയിൽ കുറച്ചു പച്ചവെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചതു ചേർത്തു കൊടുക്കാം.

ഒപ്പം തന്നെ പച്ചമുളകും ചേർത്തു കൊടുക്കാം. വെളിച്ചെണ്ണയിൽ തന്നെ ഇത് മൂപ്പിച്ചെടുക്കാൻ ശ്രമിക്കുക.

കാരണം വെളിച്ചെണ്ണയിൽ കറി ഉണ്ടാക്കുമ്പോൾ ആ കറിക്ക് ഒരു പ്രത്യേക സ്വാദാണ്. വെണ്ടയ്ക്കയിലേക്ക് പച്ചമുളകിന്റെ സ്വാദ് കിട്ടുന്നതിനാണ് രണ്ടും ഒപ്പം വഴറ്റുന്നത്, ഇങ്ങനെ വഴറ്റുന്നത് കൊണ്ട് മറ്റൊരു കാരണം കൂടിയുണ്ട്. വെണ്ടയ്ക്ക കുഴഞ്ഞു പോകാതിരിക്കാനും അതുപോലെ തന്നെ ഒട്ടിപ്പിടിക്കാതെ വെണ്ടയ്ക്കയുടെ വഴുവഴുപ്പ് മാറിക്കിട്ടാനും വേണ്ടിയിട്ടാണ് പച്ച വെളിച്ചെണ്ണയിൽ വെണ്ടയ്ക്ക നന്നായി മൂപ്പിച്ച് എടുക്കുന്നത്.

നന്നായിട്ട് മൂത്തു വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തു കൊടുക്കാം. അതിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതൊന്ന് വേകാൻ വയ്ക്കുക.

 

ഇത് വേകുന്ന സമയത്ത് അരപ്പ് തയാറാക്കി എടുക്കാം, മിക്സിയുടെ ജാറിലേക്കു തേങ്ങ, ജീരകം, കറിവേപ്പില എന്നിവ നന്നായി അരച്ച്, വെണ്ടയ്ക്കയുടെയും തക്കാളിയുടെയും കൂടെ ചേർത്തു കൊടുക്കാം ഒപ്പം കുറച്ചു സവാള നീളത്തിൽ അരിഞ്ഞതും ചേർത്തു കൊടുക്കാം.

 

ഇത്രയും ചേർത്തു കഴിഞ്ഞാൽ കറി അധികം തിളയ്ക്കരുത് നന്നായി ചൂടാക്കാനെ പാടുള്ളൂ, ഇളക്കി കൊടുത്തു കൊണ്ടേയിരിക്കാം. തീ കുറച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ചൂടായി കഴിയുമ്പോൾ ഇത് അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം. ശേഷം മറ്റൊരു ചീന ചട്ടി വച്ചു വെളിച്ചെണ്ണ ഒഴിച്ച്, അതിലേക്കു കടുകു ചേർത്തു പൊട്ടിച്ച്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത്, ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത്, നന്നായി വറുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. വളരെ രുചികരമായ നല്ല കുറുകിയ ചാറോടുകൂടിയ ഒരു കറിയാണ്.
 

Content Summary : Tomato Vendakka curry recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com