വൈകുന്നേരം ചൂട് ചായയ്ക്കൊപ്പം ഒരു കരാഞ്ചി
Mail This Article
ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കുമെല്ലാം പരമ്പരാഗതമായി തയാറാക്കുന്ന ഒരു മഹാരാഷ്ട്രൻ വിഭവമാണ് കരാഞ്ചി. ഉള്ളിൽ മധുരമുള്ള ഫില്ലിംഗ് വച്ച് പൊരിച്ചെടുക്കുന്ന ഒരു മധുര പലഹാരമാണിത്. സ്ഥലഭേദങ്ങൾക്കനുസരിച്ച് ഇതിൻറെ രുചിയിലും വ്യത്യാസമുണ്ട്, ഫില്ലിങ്ങിൽ മാത്രമാണ് വ്യത്യാസം. ഗുജറാത്തിൽ ഗുജിയ എന്നും കർണ്ണാടകയിൽ കാർച്ചിക്കായ് എന്നും ഇത് അറിയപ്പെടുന്നു.
ചേരുവകൾ:
- മൈദ - 3 കപ്പ്
- ഉപ്പ് - ½ ടീസ്പൂൺ
- ചൂടുള്ള നെയ്യ് - 3 ടേബിൾസ്പൂൺ
- വെള്ളം - ¾ കപ്പ്
- ചിരകിയ തേങ്ങ - 1½ കപ്പ്
- പഞ്ചസാര - 5 ടേബിൾസ്പൂൺ
- ചെറുതായി അരിഞ്ഞ ചെറി - ½ കപ്പ്
- ചെറുതായി അരിഞ്ഞ ഉണക്കമുന്തിരി - ½ കപ്പ്
- ചെറുതായി നുറുക്കിയ കശുവണ്ടി - ¼ കപ്പ്
- ഏലക്കായ പൊടിച്ചത് - ½ ടീസ്പൂൺ
- ചുക്ക് പൊടിച്ചത് - ½ ടീസ്പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
∙ ഒരു വലിയ ബൗളിൽ മൈദ എടുത്തു ഉപ്പ് ചേർത്ത് ഇളക്കിയശേഷം അതിലേക്ക് ചൂടുള്ള നെയ്യ് ചേർക്കുക.
∙ കൈകൊണ്ട് നന്നായി തിരുമ്മിയശേഷം വെള്ളം കുറേശ്ശ ഒഴിച്ച് മാവ് മൃദുവാകുന്നതുവരെ കുഴയ്ക്കുക.
നനവുള്ള ഒരു തുണി കൊണ്ട് മൂടി 20 മിനിറ്റ് വയ്ക്കുക.
∙ ഈ സമയം ഇതിലേക്കുള്ള ഫില്ലിംഗ് തയ്യാറാക്കി എടുക്കാം, അതിനായിട്ട് ഒരു പാത്രത്തിൽ ചിരകിയ തേങ്ങ എടുത്ത് അതിലേക്ക് പഞ്ചസാര, ചെറുതായി അരിഞ്ഞ ചെറി, ഉണക്കമുന്തിരി, കശുവണ്ടി, ഏലക്കായ പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കാം.
∙ മാവ് തുല്യ വലിപ്പമുള്ള ബോളുകൾ ആക്കി ഉരുട്ടി എടുക്കാം. അതിനുശേഷം പൂരി പോലെ മാവ് പരത്തുക. മാവ് പരത്തുമ്പോൾ ബാക്കിയുള്ളവയിൽ നനഞ്ഞ തുണി മൂടിയിടുക.
∙ ഇനി തയാറാക്കി വച്ച ഫില്ലിങ് കുറച്ചെടുത്തു നടുക്കു വച്ച് വശങ്ങൾ യോജിപ്പിച്ച് കൈകൊണ്ട് പതുക്കെ അമർത്തി കൊടുക്കാം, ശേഷം ഇത് കൈയിലെടുത്തു പിടിച്ചു അരികുകൾ പിരിച്ചു വച്ച് സീൽ ചെയ്യുക.
∙ ഇതുപോലെ എല്ലാം ചെയ്ത് എടുക്കുന്നതുവരെ തയാറാക്കിവച്ച കരാഞ്ചി നനഞ്ഞ തുണികൊണ്ടു മൂടി ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം.
∙ ഇനി ഓരോ കരാഞ്ചിയായി ചൂടായ എണ്ണയിലിട്ട് ഇടത്തരം തീയിൽ രണ്ടു വശവും ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കാം.
Content Summary : Indian Sweet Snacks Recipe by Nimmy.