ചക്ക വറക്കുന്നത് ക്രിസ്പി ആകണോ? ഇതാ ഒരു എളുപ്പവഴി
Mail This Article
ചക്കപഴം, ചക്കവരട്ടിയത്, ചക്കവേവിച്ചത്, ചക്ക അട, ചക്ക വറുത്തത് അങ്ങനെ ചക്ക കൊണ്ടുള്ള രുചിയൂറും വിഭവങ്ങൾ ഒരുപാടുണ്ട്. ചക്ക സീസണായാൽ ഇൗ വിഭവങ്ങളൊക്കെയും വീട്ടമ്മമാർ തയാറാക്കാറുണ്ട്. എന്നാൽ ചക്ക വറക്കുന്നത് ഇമ്മിണി വലിയ ടാസ്കാണെന്നു തന്നെ പറയാം. ക്രിസ്പിയായി വറത്തെടുക്കാൻ പറ്റില്ലെന്നാണ് മിക്കവരുടെയും പരാതി. ഇനി ആ ടെൻഷൻ വേണ്ട, വീട്ടിൽ ചക്ക ഉണ്ടോ? ഇൗ എളുപ്പവഴിയിലൂടെ ക്രിസ്പിയായി ചക്ക വറുത്തെടുക്കാം.
ചേരുവകൾ
∙പച്ച ചക്ക - 1 എണ്ണം
∙ഉപ്പ് - 2 സ്പൂൺ
∙മഞ്ഞൾപ്പൊടി - 2-3 സ്പൂൺ
∙വെളിച്ചെണ്ണ - 500 ml
തയാറാക്കുന്ന വിധം
പച്ച ചക്ക മുറിച്ച് ചുള പറിച്ച് വൃത്തിയാക്കിയ ശേഷം കുരു കളഞ്ഞ് നീളത്തിൽ കീറുക. ഇനി ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം രണ്ടു മണിക്കൂർ വയ്ക്കുക. ഉപ്പ് പുരട്ടി രണ്ടുമണിക്കൂർ വയ്ക്കുന്നതിനാൽ ചക്കയിലെ ജലാംശം വാർന്ന് പോയി ചക്ക ക്രിസ്പിയായി വറുത്തെടുക്കാം.
ഇനി ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ചക്ക കഷ്ണങ്ങൾ വറുത്തെടുക്കുക. ക്രിസ്പി ചക്ക ചിപ്സ് തയാർ. വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും
English Summary: Tasty and Crispy Jackfruit Chips