മടുപ്പ് തോന്നിക്കാത്ത മധുരത്തിൽ, നാവിലലിയും പൈനാപ്പിൾ കേക്ക്
Mail This Article
ആർഭാടങ്ങളില്ലാത്ത അറേബ്യൻ കേക്ക് ആരെയും ആരാധകരാക്കും. കാഴ്ചയിലും രുചിയിലും മലയാളിത്തമുള്ള ഇതു കഴിച്ചാൽ മടുക്കില്ലെന്നു മാത്രമല്ല, തുടക്കക്കാർക്കും പരീക്ഷിക്കാം. പൈനാപ്പിൾ അഥവാ കൈതച്ചക്കയുടെ രുചിയുള്ള നാടൻ കേക്ക് അറേബ്യൻ ഗ്രാമീണ വിരുന്നുകളിൽ പ്രധാനി.
ഒരു കപ്പ് മൈദയ്ക്ക് അത്രയും തന്നെ വെണ്ണ എന്നതാണു കണക്ക്. വെണ്ണ ഉരുക്കി 2 സ്പൂൺ പഞ്ചസാര നേർമയായി പൊടിച്ചത്, അൽപം ബേക്കിങ് പൗഡർ, വാനില പൗഡർ എന്നിവ ചേർത്തു യോജിപ്പിക്കണം. 2 മുട്ട നന്നായി അടിച്ചു പതപ്പിച്ച് ഇതിലൊഴിക്കുക. ഇതിൽ ഒരു ടീസ്പൂൺ പൈനാപ്പിൾ എസൻസ് ചേർക്കുക. കൂടിപ്പോകാതെ ശ്രദ്ധിക്കണം. ഈ കൂട്ടിലേക്ക് മൈദ കുറേശ്ശെയിട്ട് നന്നായി യോജിപ്പിച്ചെടുക്കണം.
വട്ടത്തിലോ ചതുരത്തിലോ ഉള്ള ട്രേയിൽ ഇതൊഴിച്ച് കേക്ക് തയാറാക്കാം. ട്രേയിൽ വെണ്ണ പുരട്ടി താഴെ കനംകുറച്ച് വട്ടത്തിൽ അരിഞ്ഞ പൈനാപ്പിൾ നിരത്തണം. ഇതിനു മുകളിൽ കൂട്ട് ഒഴിച്ച് 15-20 ഡിഗ്രി ചൂടിൽ 15 മിനിറ്റ് അവ്‌നിൽ വയ്ക്കണം. നിശ്ചിതസമയം കഴിഞ്ഞ് ട്രേയെടുത്ത് പ്ലേറ്റിൽ കമിഴ്ത്തുക. പുഞ്ചിരിക്കുന്ന പൈനാപ്പിൾ കേക്ക് റെഡി. മുകളിൽ നിരത്താൻ ടിന്നിൽ കിട്ടുന്ന പൈനാപ്പിൾ കഷണവും ഉപയോഗിക്കാം. വെണ്ണയുടെ മാർദവം, മനം മയക്കുന്ന നിറവും മണവും, മടുപ്പ് തോന്നിക്കാത്ത മധുരം എന്നിവയാണു പ്രത്യേകതകൾ.
അറേബ്യൻ വിരുന്നുകളിൽ വിഭവങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാമെന്നു പാചകക്കാർ പറയുന്നു.
പഴങ്ങൾ-പച്ചക്കറികൾ, മത്സ്യവും മാംസവും ഉൾപ്പെടെയുള്ള കനമുള്ള വിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ. മധുരപലഹാരങ്ങളിൽ മുന്തിയ സ്ഥാനമാണ് കേക്കിനുള്ളത്. പല രുചിയിലും വലുപ്പത്തിലുമുള്ള കേക്കുകളുണ്ടാകും. ഇതിൽ താരതമ്യേന ബുദ്ധിമുട്ടു കുറഞ്ഞ ഇനമാണ് പൈനാപ്പിൾ കേക്ക്.
English Summary : Pineapple Cake