കരിമീൻ പൊളളിച്ചതും ചെമ്മീനും മാത്രമല്ല ഇതാണ് ഷാപ്പിലെ ഹൈലൈറ്റ്; മുല്ലപന്തലിലെ രുചിക്കൂട്ട്
Mail This Article
കള്ള് ഷാപ്പിൽ കള്ള് മാത്രമല്ല, രുചിയൂറും വിഭവങ്ങളും റെഡിയാണ്. നാവിനെ ത്രസിപ്പിക്കുന്ന രുചി വിഭവങ്ങളുമായി ഭക്ഷണപ്രേമികളുടെ ഇടയിൽ പ്രശസ്തമാണ് മുല്ലപന്തൽ ഷാപ്പ്. കള്ളുഷാപ്പ് എന്നതിനപുറം കുടുംബവുമായി പോയി നല്ല ആമ്പിയൻസിൽ ഇരുന്ന് കൊതിയൂറും കരിമീൻ പൊളളിച്ചതും കക്ക ഫ്രൈയും ചെമ്മീൻ ഉലർത്തിയതും ബീഫും പോർക്കുമെല്ലാം കഴിക്കാൻ പറ്റുന്ന ഒരു ഫാമിലി ഷാപ്പാണ് എറണാകുളം ജില്ലയിൽ ഉദയംപേരൂർ മാങ്കായി കവലയിലുള്ള മുല്ലപന്തൽ.
മുല്ലപ്പന്തൽ ഷാപ്പിലെ ഏറ്റവും ഫെയ്മസ് വിഭവങ്ങൾ തലക്കറിയും താറാവ് മസാലക്കറിയുമാണ്. ഇത് രണ്ടും പാകം ചെയ്യുന്നത് പ്രധാന പാചകക്കാരിയായ രാധ ചേച്ചിയാണ്. ഒരിക്കൽ വന്നവർ വീണ്ടും അന്വേഷിച്ചെത്തുന്ന താറാവുമസാല കറിയുടെ കൂട്ട് രാധ ചേച്ചി മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.
ചേരുവകൾ വളരെ കുറച്ചേയുള്ളുവെങ്കിലും രുചിയ്ക്ക് ഒട്ടും കുറവുണ്ടാവുകയില്ല. രാധ ചേച്ചിയ്ക്ക് എല്ലാം കൈ കണക്കാണ്. മുല്ലപ്പന്തലിന്റെ തുടക്കകാലം മുതൽ കാത്തു പോരുന്ന ചില കൂട്ടുകൾ ചേർന്ന മസാല പൊടിയാണ് ഇവിടുത്തെ കറികളുടെ രുചിയുടെ രഹസ്യമെന്നും രാധ ചേച്ചി പറയുന്നു. അപ്പോൾ എങ്ങനെയാണ് മുല്ലപ്പന്തൽ സ്പെഷൽ താറാവുകറി ഉണ്ടാക്കുന്നത് എന്നു നോക്കാം.
ചേരുവകൾ
താറാവ് 1 കിലോ ചെറിയ കഷണങ്ങളായി മുറിക്കുക
∙മഞ്ഞൾപ്പൊടി - ½ ടിസ്പൂൺ
∙സവാള അരിഞ്ഞത് - 3 എണ്ണം
∙ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
∙വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
∙പച്ചമുളക് ചതച്ചത് - 1 ടേബിൾസ്പൂൺ
∙മല്ലിപ്പൊടി - 3 ടേബിൾസ്പൂൺ
∙ഗരം മസാല - 1 ടിസ്പൂൺ ( വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് നല്ലത്)
∙പച്ചമുളക് കീറിയത് - 6 എണ്ണം
∙കറിവേപ്പിലയും വെളിച്ചെണ്ണയും ഉപ്പും ആവശ്യത്തിന്
തേങ്ങാപ്പാലിലാണ് താറാവു കറി തയാറാക്കേണ്ടത്. അതിനായി ഒരു കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും വേണം.
വെള്ളിച്ചെണ്ണയിൽ സവോള വഴറ്റി അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. തുടർന്ന് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഇട്ടുകൊടുക്കാം. ഇനി ഗരം മസാല ചേർക്കാം. മസാല നന്നായി വഴറ്റിയതിനു ശേഷം താറാവ് ഇടാം. പാകത്തിന് ഉപ്പുമിട്ട് കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കണം.
താറാവിറച്ചിയ്ക്ക് നല്ല വേവാണ്. നല്ലതു പോലെ തിള വന്നു കഴിയുമ്പോൾ രണ്ടാം പാൽ ഒഴിച്ച് വീണ്ടും തിളപ്പിക്കണം. പാലിൽ കിടന്ന് ഇറച്ചി നല്ലതുപോലെ വേവണം.അവസാനം ഒന്നാം പാലും കൂടി ഒഴിച്ച് കീറി വച്ചിരിക്കുന്ന പച്ചമുളകും കൂടി ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കാം. ഷാപ്പിലെ കറിയ്ക്ക് ചുവന്ന മുളക് ചേർക്കില്ലെന്ന് രാധമ്മ പറയുന്നു. പച്ചമുളകാണ് ഇതിന്റെ ഹൈലൈറ്റ്. രുചിയൂറും താറാവ് മസാലക്കറി റെഡി.
English Summary: Eatouts Mullapanthal Toddy Shop