ADVERTISEMENT

വെളുത്തുള്ളിയും ഇഞ്ചിയും മുളകും കുരുമുളകുമൊക്കെ അരച്ച് ചേർത്ത് മീൻ പൊരിച്ചെടുക്കണം. ഹാ നാവിൽ വെള്ളമൂറും രുചിയാണ്. എണ്ണയിൽ വറുത്തെടുക്കുന്നത് സ്വാദേറുമെങ്കിലും സ്ഥിരമായി വറുത്തതും പൊരിച്ചതും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ‌അതിനായി എണ്ണയ്ക്ക് പകരം വാഴയിലയിൽ പൊള്ളിച്ചും ഭക്ഷണപ്രേമികൾ മീന്‍ കഴിക്കാറുണ്ട്. അതിനും പ്രത്യേക രുചിയാണ്. ഇനി എണ്ണയും വാഴയിലും ഇല്ലാതെയും അടിപൊളിയായി മീൻ പൊരിച്ചെടുക്കാം. അതെങ്ങനെ എന്നാണോ?  ഇൗ രീതിയിൽ തയാറാക്കി നോക്കൂ, ചൂടു ചോറിനൊപ്പം മീൻ പൊരിച്ചതും കഴിക്കാം.

ചേരുവകൾ

∙മീന്‍–ആവശ്യത്തിന്

∙കശ്മീരി മുളക്പൊടി–ഒന്നര ടീസ്പൂൺ

∙ഇഞ്ചി വെളുത്തുള്ളി അരച്ചത്– അര ടീസ്പൂൺ

∙മഞ്ഞപൊടി– കാൽ ടീസ്പൂൺ

∙കുരുമുളക്പൊടി– അര ടീസ്പൂൺ

∙തേങ്ങ– ഒരു പകുതി

∙ഉപ്പ്– ആവശ്യത്തിന്

∙കറിവേപ്പില ആവശ്യത്തിന്

∙കായപൊടി– ഒരു നുള്ള്

∙ഉലുവപൊടി– ആവശ്യത്തിന്

∙നാരങ്ങ– ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

മീൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കാം. തേങ്ങ ഒരു പകുതി മിക്സിയിൽ ഇത്തിരി വെള്ളവും ചേർത്ത് നന്നായി അരച്ച് പിഴിഞ്ഞെടുക്കാം. അതിലേക്ക് ഒന്നര ടീസ്പൂൺ കശ്മീരി മുളക്പൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, മഞ്ഞപൊടി, കുരുമുളക്പൊടി, ഒരു നുള്ള് കായപൊടിയും ഉലുവപൊടിയും ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കാം. 

 

ആ കൂട്ടിലേക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് 1 മണിക്കൂറോളം വയ്ക്കണം. ഇൗ മസാലകൂട്ടുകൾ മീനിലേക്ക് നന്നായി പിടിയ്ക്കും. ശേഷം അടുപ്പിൽ പാൻ വച്ചിട്ട് മീൻ കഷ്ണങ്ങൾ ഇടാം. തേങ്ങാപാലിൽ ആയതുകൊണ്ട് ചൂടാകുമ്പോൾ എണ്ണ തെളിഞ്ഞു വരുന്നതു കാണാം. വെന്തു പാകമാകുമ്പോൾ മീൻ മറിച്ചിട്ട് വേവിക്കാം. എണ്ണ ഒഴിക്കാതെയും നന്നായി മൊരിഞ്ഞ് രുചിയൂറും മീൻ പൊരിച്ചെടുക്കാം. വെളിച്ചെണ്ണ ചേർക്കാതെ തേങ്ങാപാലിൽ ആകുമ്പോൾ മീനിന് രുചിയേറും. ഇനി ഇങ്ങനെ മീൻ പൊരിച്ച് നോക്കാം.

English Summary: How To Fry Fish Without Oil 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com