ഈ ചിക്കൻകറി വെജിറ്റേറിയൻ പ്രേമികൾക്കും കഴിക്കാം; ഗംഭീര സ്വാദാണ്
Mail This Article
ചിക്കനും മീനും ബീഫുമൊക്കെ ഭക്ഷണത്തിനു നിർബന്ധമാണ് ചിലർക്ക്. വെജിറ്റേേറിയൻ പ്രേമികൾക്കാകട്ടെ പപ്പടവും തൈരും കോളിഫ്ളവറുമൊക്കെയാണ് സ്പെഷലുകൾ. ചിക്കൻ കറിയുടെ രുചിയിൽ, ചിക്കനില്ലാതെ ഒരു അടിപൊളി വിഭവം തയാറാക്കിയാലോ? ചിക്കനു പകരം പപ്പായയാണ് ഇവിടുത്തെ സൂപ്പർ താരം. ഒരുപാട് ആരോഗ്യ ഗുണമുള്ള ഒന്നാണ് പപ്പായ. പഴുപ്പിച്ചും അല്ലാതെയുമൊക്കെ കഴിക്കാറുണ്ട്. പപ്പായ തോരനായും മെഴുക്കുപുരട്ടിയായും പയർ ചേർത്ത് കറിയായുമൊക്കെ ഉപയോഗിക്കാം. അതിൽനിന്നൊക്കെ വ്യത്യസ്തമാണ് ഈ പപ്പായ ‘ചിക്കൻ’ കറി. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
പച്ച പപ്പായ ചതുരത്തിൽ കഷ്ണങ്ങളായി മുറിച്ച് നന്നായി കഴുകി ആവശ്യത്തിന് ഉപ്പും കശ്മീരി മുളകു പൊടിയും മഞ്ഞൾപൊടിയും ചേർത്ത് മസാല പിടിക്കാനായി വയ്ക്കാം. ഗ്യാസിൽ മൺചട്ടി വച്ച് അതിൽ സവാള നീളത്തിൽ അരിഞ്ഞതും 2 പച്ചമുളകും ഒരു കറുവപ്പട്ടയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. നല്ല ബ്രൗൺ നിറം ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കണം.
ആവശ്യത്തിനുള്ള കശ്മീരി മുളക്പൊടിയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും ഒരു തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം. ശേഷം മസാല പുരട്ടിവച്ച പപ്പായയും ചേർക്കണം. എല്ലാംകൂടി മസാലയിൽ യോജിപ്പിക്കണം. അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് ഗരം മസാലയും കുരുമുളക് ചതച്ചതും ചേർത്ത് അടച്ചു വയ്ക്കാം. കറി നന്നായി കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് തീ അണയ്ക്കാം. നല്ല കുറുകിയ ചിക്കൻ രുചിയിൽ പപ്പായക്കറി റെഡി.