ADVERTISEMENT

ഐസുകട്ടയിൽ പെയിന്റടിക്കല്ലേ എന്ന് നമ്മൾ ചില സന്ദർഭങ്ങളിൽ പറയാറുണ്ട്. കാരണം അത് പ്രയോജനമില്ലാത്ത കാര്യമാണ്. എന്നാൽ ഐസുകട്ട നല്ല മസാലയൊക്കെ പുരട്ടി ഗ്രിൽ ചെയ്ത് തന്നാൽ നിങ്ങൾ കഴിക്കുമോ. ഐസിൽ പെയിന്റടിയ്ക്കുന്നതുപോലെ പ്രയോജനമില്ലാത്ത കാര്യമല്ല ഇത്. ചൈനയിൽ ഐസ് ക്യൂബുകൾ മസാലപുരട്ടി ബാർബീക്യൂ പോലെ ഗ്രില്ലിൽ വച്ച് മൊരിച്ചെടുത്ത് തരും. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോയിൽ നല്ല വ്യക്തമായി ഐസ്ക്യൂബുകൾ ഗ്രിൽ ചെയ്യുന്നത് കാണാം. 

ഭക്ഷണ വൈറൈറ്റികളുടെ കാര്യത്തിൽ ചൈനാക്കാരെ വെല്ലാൻ ആരുമില്ലെന്ന് പറയേണ്ടിവരും ഇതുകണ്ടുകഴിഞ്ഞാൽ. ഒരു വഴിയോരകച്ചവടക്കാരനാണ് അമ്പരപ്പിക്കുന്ന ഈ ഡിഷ് തയാറാക്കുന്നത്. ചൂടായ ഗ്രില്ലിലേക്ക് ഒരു പാത്രം ഐസ് ക്യൂബുകൾ അയാൾ വാരിയിടുന്നു. ഒരു ബ്രഷ് കൊണ്ട് ആദ്യം ഈ കട്ടകളിൽ കുറച്ച് എണ്ണ പുരട്ടികൊടുക്കുന്നത് കാണാം. തുടർന്ന് തയാറാക്കിവച്ചിരിക്കുന്ന മസാലയും സോസുമെല്ലാം ഈ ഐസ് കട്ടകളിലേക്ക് ഒഴിയ്ക്കുന്നു. ശേഷം ഈ ഐസ്കട്ടകൾ അയാൾ ഒന്ന് ഇളക്കി ഗ്രിൽ ചെയ്ത് സെർവ് ചെയ്യുന്നു.നല്ലതുപോലെ ഗാർണിഷ് ഒക്കെ ചെയ്താണ് വിളമ്പുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത ആൾ പറയുന്നത്, ചൈനയിൽ  ഈ ഐറ്റം ആദ്യമായിട്ടാണ് താൻ കാണുന്നതെന്നും ഇത് കഴിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നുമാണ്. തുടർന്ന് അത് കഴിയ്ക്കുന്ന സ്ത്രീ പറയുന്നത് ഭയങ്കര സ്പൈസിയും അതുപോലെ തന്നെ കൗതുകവുമുള്ളൊരു വിഭവമാണിതെന്നാണ്. 

ice-cubes-masala
Image Credit: Youtube

ഇത് ചൂടോടെ തന്നെ കഴിയ്ക്കണമെന്നാണ് പാചകക്കാരന്റെ അഭിപ്രായം. ചൂടും തണുപ്പും ചേർന്ന ഈ വിഭവത്തിന്റെ രുചിയെങ്ങനെയുണ്ടാകുമെന്നാണ് പലരും കമന്റിലൂടെ ചോദിയ്ക്കുന്നത്. ഇത് വെറും ഫാന്റസിയാണെന്നും ഇത്തരം ഭക്ഷണം ആരോഗ്യത്തിന് നല്ലതെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ പലർക്കും അത് കണ്ട അദ്ഭുതം മറച്ചുവയ്ക്കാനായില്ല. ഏതായാലും നോർത്ത് ഈസ്റ്റേൺ ചൈനയിൽ വളരെ പെട്ടെന്ന് ഫെയ്മസായൊരു ഡിഷ് തന്നെയാണ് സ്പൈസി ഗ്രിൽഡ് ഐസ് ക്യൂബ്സ്. 

English Summary:

Grilled ice Cubes become Popular Street Food in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com