ഇടിയപ്പം ഉണ്ടാക്കുമ്പോൾ ഇനി ഈ ട്രിക്ക് പരീക്ഷിച്ചു നോക്കാം
Mail This Article
ഇടിയപ്പം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. വളരെ നേർത്ത അരിപ്പൊടിയിൽ ചൂടുള്ള വെള്ളവും പാകത്തിന് ഉപ്പും അല്പം നെയ്യും ചേർത്ത് നന്നായി കുഴച്ചെടുത്തു സേവനാഴിയിൽ നിറച്ച്, തയാറാക്കുന്ന ഇടിയപ്പം. ആരാധകർ നിരവധിയുണ്ട് ഈ വിഭവത്തിന്. പാകം ചെയ്തെടുക്കാൻ കുറച്ചു സമയമെടുക്കുമെങ്കിലും മുട്ടക്കറിയോ സ്റ്റൂവോ കൂട്ടി ഇടിയപ്പം കഴിച്ചാൽ വയറു മാത്രമല്ല, മനസും നിറയും. ഇടിയപ്പം തയാറാക്കുമ്പോൾ ചിലരെങ്കിലും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് സേവനാഴിയിൽ നിറച്ച മാവിൽ കുറേയേറെ മുകളിലേക്ക് കയറിവന്നിരിക്കുക എന്നത്. ചിലപ്പോൾ ഒരു ഇടിയപ്പത്തിനുള്ള മാവ് മുഴുവനായും ഇത്തരത്തിൽ മുകളിലേക്ക് കയറി ഇരിക്കുന്നതായി കാണാം. ഇതിനൊരു ശാശ്വത പരിഹാരം പങ്കുവച്ചിരിക്കുകയാണ് malustailoring_ class എന്ന ഇൻസ്റ്റഗ്രാം പേജ്.
അരിപൊടി നല്ലതുപോലെ കുഴച്ചതിനു ശേഷം പതിവായി ചെയ്യുന്നത് പോലെ സേവനാഴിയിൽ നിറയ്ക്കാം. അതിനു മുകളിലായി ഇടിയപ്പത്തിന്റേതു അല്ലാതെ, സേവനാഴിയ്‌ക്കൊപ്പം ലഭിച്ച ഏതെങ്കിലും ചില്ല് മാവിന് മുകളിലായി വെച്ചതിനു ശേഷം മുറുക്കി അടയ്ക്കാവുന്നതാണ്. ഇനി ഇടിയപ്പം തയാറാക്കാം. മാവ് തീർന്നതിനു ശേഷം വീണ്ടും നിറയ്ക്കുന്നതിനായി തുറന്നു നോക്കൂ, സാധാരണ കയറി വരുന്ന മാവിന്റെ പകുതി പോലും മുകളിലേക്ക് കയറി വന്നിട്ടില്ലെന്നു കാണുവാൻ കഴിയും. ഇതുപോലെ വച്ച് കൊടുക്കാൻ ചില്ല് ഇല്ലെങ്കിൽ നേർത്ത ഒരു പ്ലാസ്റ്റിക് അടപ്പ് വൃത്താകൃതിയിൽ മുറിച്ചതിനു ശേഷം വെച്ചുകൊടുത്താലും മതിയാകും.
വിഡിയോ കണ്ട ഭൂരിപക്ഷം പേരും ഈ ടിപ് ഏറെ ഉപകാരപ്രദമാണെന്ന തരത്തിലാണ് കമെന്റുകൾ കുറിച്ചിരിക്കുന്നത്. ഇനി ഈ വിദ്യ പരീക്ഷിച്ചു നോക്കാമെന്നും ചിലർ എഴുതിയിട്ടുണ്ട്. പ്രാതലിനു ഇടിയപ്പം ഉണ്ടാക്കുമ്പോൾ സ്ഥിരമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണിതെന്നും ഇത്തരമൊരു പോംവഴി നിർദ്ദേശിച്ചതിനു ഒരുപാട് നന്ദി എന്നും നീളുന്നു വിഡിയോയുടെ താഴെയുള്ള കുറിപ്പുകൾ.