ഹിറ്റായി ഈ മിനി ഊത്തപ്പം; കുട്ടികൾക്ക് സിംപിളായി തയാറാക്കാം
Mail This Article
ദോശയ്ക്കും ഇഡ്ഡലിയ്ക്കും സാമ്പാറും ചമ്മന്തിയുമാണ് ബെസ്റ്റ് കോമ്പിനേഷനുകൾ. കുട്ടികൾക്ക് പ്രിയവും അതുതന്നെ. ഇനി ഒരു വെറൈറ്റി ദോശ തയാറാക്കിയാലോ? അമ്മയുടെ സഹായം ഇല്ലാതെ അടിപൊളി ദോശ കുട്ടികൾക്ക് ഉണ്ടാക്കാം. മിനി ഊത്തപ്പമാണ് ഹൈലൈറ്റ്. അമ്മയുടെ സഹായം പൂർണമായും വേണ്ടായെന്ന് വയ്ക്കാനാവില്ല.
ദോശ മാവ് അമ്മ തന്നെ റെഡിയാക്കണം. എന്നാൽ സംഗതി കുട്ടികള്‍ക്ക് എളുപ്പമാകും. മാവ് തയാറാക്കുന്ന കൂട്ട് കുട്ടികൾക്ക് പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റിയെന്ന് വരില്ല. ദോശക്കല്ലിൽ ദോശ പരത്തി എടുക്കേണ്ട എന്നതാണ് ഈ ദോശയുടെ ഏറ്റവും വലിയ പ്രത്യേകത. മിനി ഊത്തപ്പം എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ദോശമാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് കലക്കി വയ്ക്കാം. ഇത്തിരി കാരറ്റും സവാളയും മല്ലിയിലയും പൊടിയായി അരിഞ്ഞു വയ്ക്കാം. ദോശക്കല്ല് ചൂടാകുമ്പോൾ എണ്ണ തടവി കൊടുക്കാം. ശേഷം സ്പൂൺ കൊണ്ട് മാവ് കോരി ഒഴിക്കാം. ദോശ പരത്തേണ്ട ആവശ്യമില്ല. മാവിന് മുകളിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റും സവാളയും മല്ലിയിലയും ചേർക്കാം. മുകളിൽ ആവശ്യത്തിനുള്ള നെയ്യും ചേർത്ത് മറിച്ചിട്ടും വേവിക്കാം. മിനി ഊത്തപ്പം മൊരിഞ്ഞ് വരും. വീട്ടിൽ ഇഡ്ഡലിപൊടി ഉണ്ടെങ്കിൽ വെളിച്ചെണ്ണ ചേർത്ത് പൊടി യോജിപ്പിച്ച് മിനി ഊത്തപ്പത്തിന് ഒപ്പം കഴിക്കാം. എളുപ്പത്തിൽ തയാറാക്കാം ഈ ഊത്തപ്പം.