ഇങ്ങനെയാണോ നിങ്ങൾ കര്‍ക്കടകക്കഞ്ഞി തയാറാക്കുന്നത്? ഇത് സ്പെഷലാണ്
Mail This Article
കർക്കടകത്തിന് പ്രധാനമാണ് ഔഷധക്കഞ്ഞി. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയാറാക്കുന്ന ഈ കഞ്ഞി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ശരീരത്തിന് പുത്തനുണർവും ലഭിക്കും. മാർക്കറ്റുകളിൽ കർക്കടക കഞ്ഞിയുടെ കൂട്ട് കിട്ടുമെങ്കിലും വീട്ടിൽ തയാറാക്കുന്നതാണ് ഏറെ ഗുണകരം. പലരീതിയിൽ ആ കഞ്ഞി തയാറാക്കാറുണ്ട്. കർക്കടകത്തിനുള്ള സ്പെഷൽ കഞ്ഞി ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കിയാലോ?
ചേരുവകൾ
∙തവിടു കളയാത്ത ഞവര അരി - 100 ഗ്രാം.
∙ഉലുവ - 5 ഗ്രാം.
∙ആശാളി - 5 ഗ്രാം.
∙ജീരകം - 5 ഗ്രാം.
∙കാക്കവട്ട് - ഒന്നിന്‍റെ പകുതി
ഔഷധസസ്യങ്ങള്‍ - മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്‍റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഈ ഔഷധസസ്യങ്ങള്‍ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.
തയാറാക്കുന്ന വിധം
ഇടിച്ചെടുത്ത പച്ചമരുന്നു നീരിലേക്ക് ആറിരട്ടി വെള്ളം ചേര്‍ക്കുക. ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ചെറുതീയിൽ വേവിക്കുക. പകുതി വേവുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക.
അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം.അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കുക. ആവശ്യമെങ്കില്‍ തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.