2 സംവിധായകരുള്ള ആദ്യ മലയാള സിനിമ; നായികയെ കിട്ടിയില്ല, ഒടുവിൽ വന്ന നടി സൂപ്പർ താരമായി, ചിത്രം 50 ദിവസം ഹൗസ്ഫുൾ!
Mail This Article
രാജ്യത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള ഇന്ത്യന്‍ പ്രസിഡന്റിന്റെ വെളളിമെഡല്‍ നേടിയ ആദ്യ മലയാള ചിത്രം– നീലക്കുയില്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, നീലക്കുയിലിന്റെ സംവിധായകരില്‍ ഒരാളായ രാമു കാര്യാട്ട് തനിച്ച് ചെയ്ത ‘ചെമ്മീന്‍’ ഇന്ത്യയിലെ മികച്ച സിനിമയ്ക്കുളള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. മലയാളത്തിലെ ആദ്യ സംവിധായക ജോടികളായിരുന്നു നീലക്കുയില്‍ ഒരുക്കിയ രാമു കാര്യാട്ടും പി.ഭാസ്കരനും. നീലക്കുയില്‍ പല തലങ്ങളില്‍ ശ്രദ്ധേയമാണ്. ഏറ്റവും വലിയ ആകര്‍ഷണം നിരവധി ഐതിഹാസിക വ്യക്തിത്വങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സിനിമ എന്നതു തന്നെയാണ്. പില്ക്കാലത്ത് ചെമ്മീനിലൂടെ അനശ്വരനായ രാമു കാര്യാട്ടും ഇരുട്ടിന്റെ ആത്മാവിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകനും കവിയും ഗാനരചയിതാവുമായ പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് പ്രാഥമികമായ സവിശേഷത. മലയാളത്തില്‍ അക്കാലത്ത് സംവിധായക ജോടികള്‍ എന്ന സങ്കല്‍പംതന്നെയുണ്ടായിരുന്നില്ല. തമിഴില്‍ കൃഷ്ണന്- പഞ്ചു ജോടികള്‍ ഒക്കെ സജീവമായി ഏറെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു പ്രവണത കേരളത്തിലും അരങ്ങേറുന്നത്. കൃഷ്ണന്-പഞ്ചു 50ലധികം സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ രാമു-ഭാസ്കരന് കൂട്ടായ്മ ഒരേയൊരു ചിത്രത്തില്‍ ഒതുങ്ങി. നീലക്കുയില്‍ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു.