‘ആ എതിർപ്പ് എനിക്ക് പ്രകടിപ്പിച്ചേ മതിയാകൂ’: അധികാരത്തോട് നിരന്തരം കലഹിച്ച കുഞ്ഞാമൻ; ഇരുട്ടിൽനിന്ന് അദ്ദേഹം കണ്ടെത്തിയ വെളിച്ചം
Mail This Article
‘ഭീരുക്കൾ പ്രതികരിക്കുന്നത് ഇമോജികളിലൂടെയാണ്. മികച്ച പദവികളും ശമ്പളവും നൽകി കൂട്ടിലടച്ച അടിമകൾ. അവരോടു സഹതപിക്കുക. അവർ മനുഷ്യ പുരോഗതിക്ക് എതിരാണെന്നു പ്രത്യേകം പറയേണ്ടതില്ല, അവരെ അവഗണിക്കുക. അധികാര കേന്ദ്രങ്ങളോടു ചേർന്നിനിൽക്കുന്നവർക്ക് കണ്ണു തുറക്കുന്നതിലല്ല, കണ്ണുകൾ അടച്ചു വയ്ക്കുന്നതിലാണു താൽപര്യം.’ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ.എം. കുഞ്ഞാമൻ മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണിത്. അരനൂറ്റാണ്ടിലേറെയായി സമൂഹത്തിലെ ചലനങ്ങൾ സസ്സൂക്ഷ്മം നോക്കിക്കണ്ടിരുന്ന അദ്ദേഹം എക്കാലവും വ്യവസ്ഥാപിത സംവിധാനങ്ങൾക്കു പുറത്തു നിൽക്കാനാണ് ആഗ്രഹിച്ചത്. അധികാരങ്ങളോടുള്ള നിരന്തര കലഹമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. അധികാര കേന്ദ്രങ്ങളെ വാഴ്ത്തുകയല്ല അവരെ വിമർശനാത്മകമായി നോക്കിക്കാണുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സാമൂഹിക ജീവിതത്തിന്റെ കയ്പു നിറഞ്ഞ യാഥാർഥ്യങ്ങളോടു പൊരുതി മുന്നേറി ഉന്നതിയിലേക്കു നടന്നു നീങ്ങിയ ഒരു വ്യക്തിക്ക് ഒരുപക്ഷേ വ്യത്യസ്തമായ ചില നിലപാടുകൾ സ്വീകാര്യമല്ലാതെയുമാവാം. കടന്നുവന്ന വഴികളിൽ സുഗന്ധം നിറഞ്ഞ സ്മരണകൾ ഏറെയില്ല അദ്ദേഹത്തിന്. ‘എതിര്’ എന്ന ആത്മകഥയിൽ കയ്പു നിറഞ്ഞ ആ ജീവിതത്തിന്റെ ചിത്രങ്ങളേറെയുണ്ട്.