വോട്ടു പിടിക്കാൻ കത്തു മുതൽ ആപ്പ് വരെ; പോരാട്ടം ഒപ്പത്തിനൊപ്പം; വാച്ച് പാർട്ടിയിൽ ചിരിക്കുന്നതാര്?
Mail This Article
അടുത്ത നാലു വർഷം അമേരിക്കയെ ആരു നയിക്കും; ഡോണൾഡ് ട്രംപോ കമല ഹാരിസോ? ഉത്തരമറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ പ്രവചിക്കുന്നതുപോലെ കട്ടയ്ക്കു കട്ടയ്ക്കാണ് പല സംസ്ഥാനങ്ങളിലും മത്സരമെങ്കിൽ ഫലമറിയാൻ വൈകാം. കാരണം, ഫലം ആദ്യം പ്രഖ്യാപിക്കുന്നതു ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ ടിവി ചാനലുകളാണ്. ഔദ്യോഗിക പ്രഖ്യാപനവും ഇലക്ടറൽ വോട്ടെടുപ്പുമൊക്കെ പിന്നത്തെ കാര്യമാണ്. പ്രധാനപ്പെട്ട ഇരുപാർട്ടികളും തിരഞ്ഞെടുപ്പുരാത്രിയിൽ അവരുടെ വാച്ച് പാർട്ടി സംഘടിപ്പിക്കുന്ന പതിവുണ്ട്. ആയിരങ്ങൾ അവിടെ ഒത്തുകൂടും. ഫലസൂചന വ്യക്തമായാൽ സ്ഥാനാർഥികൾ തങ്ങളുടെ വാച്ച് പാർട്ടി കേന്ദ്രങ്ങളിലെത്തി ഒന്നുകിൽ ജയം പ്രഖ്യാപിക്കും; ഇല്ലെങ്കിൽ പരാജയം സമ്മതിക്കും. 2020ൽ ട്രംപ് പരാജയം സമ്മതിച്ചില്ല; എന്തിന്, ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത്തവണ എന്താകുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവർക്കിടയിൽ ശക്തമാണ്. അമേരിക്ക മനസ്സുറപ്പിച്ചു കഴിഞ്ഞോ? ഉവ്വെന്നും ഇല്ലെന്നും പറയാം. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് സൗകര്യം ഉപയോഗിച്ചു വോട്ടു ചെയ്തു കഴിഞ്ഞു. 2020ൽ വോട്ടു ചെയ്തവരുടെ 40 ശതമാനത്തിലധികം വരുന്ന സംഖ്യ.