ക്രഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാതിയുണ്ടോ? പരിഹരിക്കാന്‍ ഇതാ എളുപ്പവഴി
Mail This Article
നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ മോശമായത് വിവരങ്ങള്‍ തെറ്റായി രേഖപ്പടുത്തിയത് കൊണ്ടാണ് എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ. എങ്കില്‍ നിങ്ങള്‍ക്ക് അവയെ ചോദ്യം ചെയ്യാം. പരാതി ഉന്നയിക്കാം. വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്താന്‍ ക്രഡിറ്റ് ഏജന്‍സിയോട് ആവശ്യപ്പെടാം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ക്രഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അതിനാല്‍ അതില്‍ തെറ്റുകള്‍ കടന്നുകൂടാനുള്ള സാധ്യതയും ഉണ്ട്. തെറ്റായ വിവരങ്ങള്‍ മൂലം ക്രഡിറ്റ് സ്‌കോര്‍ മേശമായാല്‍ നിങ്ങളുടെ വായ്പ സാധ്യതയെയും അത് മോശമായി ബാധിക്കും.
ക്രഡിറ്റ് റിപ്പോര്‍ട്ടിലെ പെഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍, കോണ്ടാക്ട് ഇന്‍ഫര്‍മേഷന്‍, എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍, അക്കൗണ്ട് ഇന്‍ഫര്‍മേഷന്‍, എന്‍ക്വയറി ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ ഏതുവിവരത്തെക്കുറിച്ചും പരാതിപ്പെടാം. ഒരു പരാതിയില്‍ തന്നെ വിവിധ വിവരങ്ങളെക്കുറിച്ച് പരാതിപ്പെടാം.
ഫീസ് നൽകേണ്ട
പരാതി രേഖാമൂലം തപാലില്‍ നല്‍കുകയോ ഓണ്‍ലൈനായി നല്‍കുകയോ ചെയ്യാം. പരാതി സമര്‍പ്പിച്ചാല്‍ അതേക്കുറിച്ചുള്ള കണ്‍ഫര്‍മേഷന്‍ ഇ മെയിലിലും എസ്.എം.എസായും നല്‍കും. പരാതി നല്‍കിയാല്‍ അത് പരിഹരിക്കുന്നത് വരെ തര്‍ക്ക വിഷയമായ വിവരങ്ങള്‍ അണ്ടര്‍ ഡിസ്പ്യൂട്ട് എന്ന് വിശേഷണത്തോടെയാകും ക്രഡിറ്റ് റിപ്പോര്‍ട്ടില്‍ ഉണ്ടാകുക. പരാതികിട്ടി 30 ദിവസത്തിനകം ക്രഡിറ്റ് ഏജന്‍സി അവയില്‍ തീര്‍പ്പാക്കും. ഇതിനായി ഫീസ് ഒന്നും നല്‍കേണ്ടതില്ല. പരാതി കിട്ടിയാല്‍ അത് ബന്ധപ്പെട്ട ബാങ്കിനെയോ ധനകാര്യ സ്ഥാപനങ്ങളെയോ ക്രഡിറ്റ് ഏജന്‍സി അറിയിക്കും. അവര്‍ അത് അംഗീകരിക്കുകയും തെറ്റ് സ്ഥിരീകരിക്കുകയും ചെയ്താല്‍ അതിന് അനുസരിച്ചുള്ള മാറ്റം നിങ്ങളുടെ പുതിയ ക്രഡിറ്റ് റിപ്പോര്‍ട്ടില്‍ വരുത്തും. ബാങ്ക് അംഗീകരിച്ചില്ല എങ്കില്‍ അക്കാര്യം ക്രഡിറ്റ് ഏജന്‍സി നിങ്ങളെ അറിയിക്കും. ബാങ്ക് നിങ്ങളോട് അനീതിയാണ് ഇക്കാര്യത്തില്‍ കാട്ടിയത് എന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ ബാങ്കിനെതിരെ ഓംബുഡ്മാനെ സമീപിക്കാം. ക്രഡിറ്റ് ഏജന്‍സിക്ക് പരാതി നല്‍കിയശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കിനെയും നേരിട്ട് സമീപിച്ച് കൃത്യമായ വിവരങ്ങള്‍ ക്രഡിറ്റ് ഏജന്‍സിക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം.
ക്രഡിറ്റ് ഏജന്‍സിക്ക് പരാതി ഓണ്‍ലൈനായി നല്‍കാന്‍ അവയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധാനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)