സിഎസ്ബി ബാങ്കിന് 138 കോടി രൂപയുടെ അറ്റാദായം, നിക്ഷേപത്തിൽ 25 ശതമാനം വർധന
Mail This Article
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 138 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 133 കോടി രൂപയാണ് അറ്റാദായം 4 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന.
മൊത്തം നിക്ഷേപം 25 ശതമാനം വര്‍ധിച്ച് 25,438 കോടി രൂപയില്‍ നിന്ന് 31,840 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 15 ശതമാനം വര്‍ധിച്ച് 200 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവിലിത് 175 കോടി രൂപയായിരുന്നു. ആദ്യ പാദത്തില്‍ പ്രവര്‍ത്തന ലാഭം 172 കോടി രൂപയായിരുന്നു. 16 ശതമാനമാണ് വര്‍ധന.
സ്വര്‍ണ വായ്പ 28 ശതമാനം വര്‍ധിച്ച് 12,005 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 9403 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം (എന്‍.ഐ.ഐ.) രണ്ടാം പാദത്തില്‍ 367 കോടി രൂപയായി. മുന്‍വര്‍ഷത്തെ 344 കോടി രൂപയില്‍ നിന്ന് 7 ശതമാനമാണ് വര്‍ധന. മറ്റ് വരുമാനം 40 ശതമാനം വര്‍ധിച്ച് 199 കോടി രൂപയായി. മുന്‍വര്‍ഷമിത് 143 കോടി രൂപയായിരുന്നു. ഒന്നാം പാദത്തിലെ 172 കോടി രൂപയില്‍ നിന്ന് 16 ശതമാനമാണ് വര്‍ധന. ബാങ്കിന്റെ നിക്ഷേപങ്ങളും മുന്‍കരുതലുകളും വ്യവസായത്തിന്റെ വളര്‍ച്ചയെക്കാളും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി.
നിക്ഷേപങ്ങള്‍ 25 ശതമാനം ഉയര്‍ന്ന നിരക്കില്‍ വളര്‍ന്നപ്പോള്‍, വായ്പ വളര്‍ച്ച 20 ശതമാനമായിരുന്നു. ലാഭക്ഷമത, ആസ്തി ഗുണനിലവാരം, കാര്യക്ഷമത എന്നിവയുടെ അനുപാതം ശക്തമായി തുടരുന്നുവെന്ന് സിഎസ്ബി ബാങ്ക് മാനേജിങ് ഡയറക്ടര്‍ പ്രലായ് മൊണ്ടല്‍ അറിയിച്ചു.