വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ എത്രയാണ്? എങ്ങനെ സ്മാർട്ടായി വായ്പ എടുക്കും
Mail This Article
പലതരം വായ്പ എടുക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വായ്പ കിട്ടണമെങ്കില്‍ പിന്നണിയിൽ പല കാര്യങ്ങളും നോക്കും. അതില്‍ പ്രധാനമാണ് ക്രെഡിറ്റ് സ്‌കോര്‍. ഒരു വ്യക്തിഗത വായ്പയ്ക്ക് വേണ്ട ക്രെഡിറ്റ് സ്‌കോര്‍ എത്രയെന്ന് നോക്കാം
എന്താണ് ക്രെഡിറ്റ് സ്‌കോര്‍?
നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ് യോഗ്യത പ്രതിഫലിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. ഇത് സാധാരണയായി 300 നും 900 നും ഇടയിലായിരിക്കും. ഉയര്‍ന്ന സ്‌കോര്‍ മെച്ചപ്പെട്ട സാമ്പത്തിക ഉത്തരവാദിത്തത്തെ സൂചിപ്പിക്കുന്നു. തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് വിനിയോഗം, ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈര്‍ഘ്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കുന്ന ട്രാന്‍സ് യൂണിയന്‍ CIBIL, CRIF High Mark, Equifax, Experian തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നത്. വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. കാരണം ലോണ്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവ് വായ്പ നല്‍കുന്നവര്‍ക്ക് വിശ്വാസമേകും.
ക്രെഡിറ്റ് സ്‌കോര്‍ ശ്രേണി
300-549 – നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന മോശം സ്‌കോര്‍ ആണ്. അതിനാല്‍, ഒരു പുതിയ വ്യക്തിഗത ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
550-699 – ഇതൊരു ശരാശരി സ്‌കോറാണ്, ഒരു വ്യക്തിഗത ലോണിന് യോഗ്യത നേടുന്നതിന് ഇത് നിങ്ങളെ അനുവദിച്ചേക്കാം, എന്നാല്‍ കടം കൊടുക്കുന്നവര്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുകയും അനുകൂലമല്ലാത്ത നിബന്ധനകള്‍ നല്‍കുകയും ചെയ്തേക്കാം.
700-749 – ഇതൊരു നല്ല സ്‌കോറാണ്. ഇത് പെട്ടെന്ന് വായ്പ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ ശ്രേണിയില്‍ ക്രെഡിറ്റ് സ്‌കോറുള്ള വായ്പക്കാര്‍ക്ക് മത്സരാധിഷ്ഠിത പലിശ നിരക്കുകളും കൂടുതല്‍ അനുകൂലമായ നിബന്ധനകളും വായ്പ നല്‍കുന്നവര്‍ സാധാരണ വാഗ്ദാനം ചെയ്യുന്നു.
750-900 – 750ന് മുകളിലുള്ള ഏത് സ്‌കോറും മികച്ചതായി കണക്കാക്കുന്നു. എളുപ്പത്തിൽ അംഗീകാരം, കുറഞ്ഞ പലിശ നിരക്കുകള്‍, കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ലോണ്‍ വ്യവസ്ഥകള്‍ എന്നിവയ്ക് ഇത് നിങ്ങളെ സഹായിക്കും.
വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ ക്രെഡിറ്റ് സ്‌കോര്‍
ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്, പല ബാങ്കുകളും750 അല്ലെങ്കില്‍ അതിനു മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ ഉള്ള അപേക്ഷയാണ് ഇഷ്ടപ്പെടുന്നത്. കുറഞ്ഞ സ്‌കോറുകളുള്ളവര്‍ക്ക് വായ്പ നല്‍കുന്നയാളുടെ മാനദണ്ഡം അനുസരിച്ച് ഇപ്പോഴും അര്‍ഹതയുണ്ടായേക്കാം, എന്നാല്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരും.
ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഘടകങ്ങള്‍
ഇടപാടുകള്‍
വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും സമയബന്ധിതമായ തിരിച്ചടവാണ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. നഷ്ടമായ പേയ്മെന്റുകള്‍, ഡിഫോള്‍ട്ടുകള്‍ അല്ലെങ്കില്‍ വൈകിയുള്ള പേയ്മെന്റുകള്‍ എന്നിവ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും.
ക്രെഡിറ്റ് ഉപയോഗ അനുപാതം
നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന നിങ്ങളുടെ ലഭ്യമായ ക്രെഡിറ്റിന്റെ ശതമാനമാണിത്. ഉയര്‍ന്ന ക്രെഡിറ്റ് വിനിയോഗ അനുപാതം ക്രെഡിറ്റിനെ അമിതമായി ആശ്രയിക്കുന്നതിനെ സൂചിപ്പിക്കുന്നു, ഇത് നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 30% ഉള്ളില്‍ ഈ അനുപാതം നിലനിര്‍ത്തണം.
ക്രെഡിറ്റ് ഹിസ്റ്ററി ദൈര്‍ഘ്യം
കടം കൊടുക്കുന്നവര്‍ ദീര്‍ഘമായ ക്രെഡിറ്റ് ഹിസ്റ്ററിയാണ് പരിഗണിക്കുക. കാലക്രമേണ ക്രെഡിറ്റ് മാനേജ്‌മെന്റിന്റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡുള്ള വ്യക്തിഗത വായ്പ അപേക്ഷകര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കടം കൊടുക്കുന്നവരില്‍ നിന്ന് അംഗീകാരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ക്രെഡിറ്റ് മിശ്രിതം: സുരക്ഷിതമായ (ഭവന വായ്പകള്‍, കാര്‍ ലോണുകള്‍), സുരക്ഷിതമല്ലാത്ത ക്രെഡിറ്റുകള്‍ (വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍) എന്നിവയുടെ ആരോഗ്യകരമായ ഉപയോഗം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ഗുണപരമായി ബാധിക്കും. നിങ്ങള്‍ക്ക് വിവിധ തരത്തിലുള്ള ക്രെഡിറ്റ് ഫലപ്രദമായി കൈകാര്യം ചെയ്യാനും നിങ്ങളുടെ പണം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനും കഴിയുമെന്ന് ഇത് കാണിക്കുന്നു.
ക്രെഡിറ്റ് അന്വേഷണങ്ങളുടെ എണ്ണം: ലോണുകള്‍ക്കോ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ വേണ്ടിയുള്ള പതിവ് അപേക്ഷകളുടെ അന്വേഷണങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താല്‍ക്കാലികമായി കുറയ്ക്കും. വായ്പാ അപേക്ഷകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മികച്ചതാക്കാം
∙കൃത്യസമയത്ത് ബില്ലുകള്‍ അടയ്ക്കുക
നിങ്ങളുടെ ലോണ്‍ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും നിശ്ചിത തീയതിക്കോ അതിന് മുമ്പോ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
∙കടത്തിന്റെ കുടിശിക കുറയ്ക്കുക നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ നിലവിലുള്ള കടങ്ങള്‍ അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുക അല്ലെങ്കില്‍ കഴിയുന്നത്ര താഴ്ത്തുക.
∙ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുക
പിശകുകള്‍ അല്ലെങ്കില്‍ പൊരുത്തക്കേടുകള്‍ ഒഴിവാക്കാനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത് ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ റിപ്പോര്‍ട്ടില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സ്‌കോറിന് പ്രശ്നമായേക്കും.
∙പുതിയ വായ്പാ അപേക്ഷ
ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം വായ്പകള്‍ക്കോ, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കോ അപേക്ഷിക്കുന്നത് ഒഴിവാക്കുക. ഒന്നിലധികം അന്വേഷണങ്ങള്‍ നടത്തിയാൽ നിങ്ങളുടെ സ്‌കോര്‍ കുറയും.
പേഴ്‌സണല്‍ ലോണ്‍ അപ്രൂവലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുക എന്നത് പ്രധാനമാണ്.