സ്വർണ വില ഇനി എങ്ങോട്ട്? ഇപ്പോൾ വാങ്ങണോ, അതോ വില ഇനിയും കുറയാൻ കാത്തിരിക്കണോ
Mail This Article
കഴിഞ്ഞ കുറെ കാലങ്ങളായി സ്വർണം നമ്മെ കുഴപ്പിക്കുകയാണ്. വില റോളർ കോസ്റ്റർ പോലെ കുത്തനെ കൂടുന്നു, കുറയുന്നു.. കുഞ്ഞിനൊരു കൈചെയിൻ അല്ലെങ്കിൽ മകളുടെ വിവാഹത്തിനുള്ള ആഭരണങ്ങൾ – ഇതിലെന്തു വാങ്ങണമെങ്കിലും വില കുറയുമെന്ന് കരുതി വാങ്ങാതെ കാത്തിരിക്കണോ അതോ വില കൂടും മുമ്പ് ഇപ്പോൾ തന്നെ വാങ്ങണോ എന്ന് ആളുകൾ ആകെ കൺഫ്യൂഷനിലാണ്. അമേരിക്കയിൽ ട്രംപ് ജയിച്ചതോടെ ഇനി വില താഴാനാണ് സാധ്യതയെന്നും പറയുന്നുണ്ട്, എന്താണ് സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ? സ്വർണത്തിന്റെ കാര്യത്തിൽ ഇനിയുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്? ഇതേക്കുറിച്ചല്ലാം നിക്ഷേപ വിദഗ്ധയും കോഴിക്കോട്ടെ അർത്ഥ ഫിനാൻഷ്യൽ സർവീസസിന്റെ ഉടമയുമായ ഉത്തര രാമകൃഷ്ണൻ 'മനോരമ ഓൺലൈനു'മായി പങ്കുവച്ചു. പ്രസക്ത ഭാഗങ്ങൾ:
∙2023 ഒക്ടോബർ 31ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 5640 രൂപയായിരുന്നത് 1785 രൂപ വർധിച്ച് ഇക്കഴിഞ്ഞ 31ന് 7455 രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണ വിലയിലെ ഈ കുതിപ്പിനു പിന്നിലെ കാരണം എന്താണ്?
ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിൽ സ്വർണവില കൂടിയത് ഏതാണ്ട് 30 ശതമാനമാണ്. ഈയൊരു വമ്പൻ വിലക്കയറ്റത്തിനു പിന്നിലെ കാരണങ്ങൾ പലതാണ്. ഇന്ത്യൻ സ്വർണവിലയെ ബാധിക്കുന്നത് പ്രധാനമായിട്ടും 3 ഘടകങ്ങളാണെന്ന് ചൂണ്ടിക്കാണിക്കാം.
അതിലൊന്ന് രാജ്യാന്തര സ്വർണവിലയാണ്. അതായത്, ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ രാജ്യങ്ങൾ തമ്മിൽ സ്വർണം കൈമാറുന്നത് ഈ വില വച്ചിട്ടാണ്. ഗോൾഡ് ഫിക്സ് എന്നറിയപ്പെടുന്ന ഈ വില എല്ലാ ദിവസവും തീരുമാനിക്കപ്പെടുന്നു. ഇത് അമേരിക്കൻ ഡോളറിലാണ് നിശ്ചയിക്കപ്പെടുന്നത്. ഒരു ട്രോയ്ഔൺസ് എന്ന അളവാണ് ഇതിനായി കണക്കാക്കുന്നത്. 31.1 ഗ്രാമായ ഒരു ട്രോയ്ഔൺസിന്റെ വിലയാണ് നമ്മൾ ഓരോ ദിവസവും ഇന്റർനാഷനൽ ഗോൾഡ് പ്രൈസായി തിട്ടപ്പെടുത്തുന്നത്. ഈ രാജ്യാന്തര വിലയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 35 ശതമാനം വർധന ഉണ്ടായി. അതായത് ഒരു ട്രോയ്ഔൺസിന് 2000 എന്നുള്ളത് 2,720 ഡോളർ എന്ന നിലയിലേക്കു കയറിയിരുന്നു.
രണ്ടാമത്തെ ഘടകം, ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നത് രൂപയുടെ ഡോളറുമായുള്ള വിപണന നിരക്ക് അനുസരിച്ചാണ്. ഇവിടെ രൂപയുടെ മൂല്യം കുറയുമ്പോൾ സ്വർണവില കൂടുന്നു. അതായത് ഒരു വർഷം മുൻപ് ഒരു ഡോളറിന് 82.5 രൂപയായിരുന്നെങ്കിൽ ഇന്നിപ്പോൾ 84.40 രൂപ നൽകിയാലേ ഒരു ഡോളർ കിട്ടൂ. അതു കൊണ്ടു കൂടുതൽ രൂപ നൽകിയാലേ ഇവിടെ സ്വർണം കിട്ടു എന്ന അവസ്ഥയുണ്ട്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തോടെ ഡോളർ കരുത്ത് കാട്ടുകയാണ്. അപ്പോൾ ആളുകൾ സുരക്ഷിത നിക്ഷേപമായി കാണുന്ന സ്വർണത്തെ കൈവിട്ട് ഡോളറിന്റെ കൂടെക്കൂടും. അതായത് സ്വർണത്തിനു ആവശ്യം കുറയുകയും വാങ്ങൽ താൽപ്പര്യം ഇടിയുകയും ചെയ്യും. ഇതും സ്വർണവില വിലയെ സ്വാധീനിക്കും.
∙അടുത്ത കാലത്ത് കേന്ദ്ര സർക്കാര്‍ ഇറക്കുമതി തീരുവ കുറച്ചത് ഇവിടെ ഗുണം ചെയ്യില്ലേ?
അതെ, മൂന്നാമതായി സ്വർണവിലയെ ബാധിക്കുന്നത് ഈ ഇറക്കുമതി തീരുവയാണ്. സർക്കാർ ഈയിടെ ഇംപോർട്ട് ഡ്യൂട്ടി 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കിയതോടെ സ്വർണവില കുറയുകയാണ് ഉണ്ടായത്. പക്ഷേ, രാജ്യാന്തര സ്വർണവില കൂടുകയും റുപ്പി ഡോളർ വിനിമയ നിരക്ക് കൂടുകയും ചെയ്തതുകൊണ്ടാണ് തീരുവയിലുണ്ടായ ഈ കുറവ് നമ്മുടെ വിലയിൽ പ്രതിഫലിക്കാതിരുന്നത്.
ഇന്റർനാഷനൽ ഗോൾഡ്‌വിലയെ ബാധിക്കുന്ന ചില കാരണങ്ങൾ കൂടി ചൂണ്ടിക്കാട്ടാനാകും. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം പല രാജ്യങ്ങളിലേക്ക് ഇനി ബാധിക്കുമോ ലോകത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമോ എന്ന പേടി ഇതുവരെ സ്വർണത്തെ സുരക്ഷിത നിക്ഷേപത്തിന്റെ റോളിലാണ് കണക്കാക്കിയിരുന്നത്. പക്ഷെ ട്രംപ് വരുന്നതോടെ യുദ്ധം തുടരാനുള്ള സാധ്യത കുറയും. അപ്പോഴും രാജ്യാന്തര സ്വർണവില താഴ്ന്നേക്കാം. പക്ഷെ ഇന്ത്യ സ്വർണം പർച്ചേസ് ചെയ്യുമ്പോൾ ഡോളറുമായി കണക്കാക്കി കൂടുതൽ രൂപ നൽകേണ്ടി വരുന്നത് കൊണ്ട് ഇവിടെ വിലയിൽ കാര്യമായ താഴ്ചയ്ക്ക് ഇടയാക്കില്ല.