സ്വിഗ്ഗിക്ക് ലിസ്റ്റിങ് വില 420 രൂപ; ഓഹരി കുതിപ്പിൽ, കോടീശ്വരന്മാരായി 500 ജീവനക്കാർ, ലക്ഷംകോടി കടന്ന് വിപണിമൂല്യം
Mail This Article
ബെംഗളൂരു ആസ്ഥാനമായ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരി വിപണിയിലേക്ക് കന്നിച്ചുവടുവച്ച ഇന്ന്, കമ്പനി കൈവരിച്ച ലിസ്റ്റിങ് വില എൻഎസ്ഇയിൽ 420 രൂപയാണ്.
പ്രാരംഭ ഓഹരി വിൽപനയിലെ (ഐപിഒ) ഉയർന്ന പ്രൈസ്ബാൻഡായ 390 രൂപയെ അപേക്ഷിച്ച് 7.69% അധികം. അതേസമയം, ഗ്രേ മാർക്കറ്റിൽ (ലിസ്റ്റിങ്ങിന് മുമ്പ് അനൗദ്യോഗികമായി ഓഹരികൾ ലഭിക്കുന്ന വിപണി) ഐപിഒ വിലയിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല എന്നതിനാൽ, ഈ ലിസ്റ്റിങ് വില സ്വിഗ്ഗിക്ക് ആശ്വാസമാണ്.
ബിഎസ്ഇയിൽ 412 രൂപയിലായിരുന്നു ലിസ്റ്റിങ്; നേട്ടം 5.6%. അതേസമയം, ലിസ്റ്റിങ്ങിന് പിന്നാലെ സ്വിഗ്ഗി ഓഹരി നഷ്ടത്തിലേക്ക് വീണെങ്കിലും പിന്നീട് ഉയിർത്തെണീറ്റ് മുന്നേറ്റത്തിലായി. ഒരുവേള വില 4 ശതമാനത്തിലധികം താഴ്ന്ന വില, ഇപ്പോൾ എൻഎസ്ഇയിൽ 6 ശതമാനത്തിലധികം കയറി 447.65 രൂപയായിട്ടുണ്ട്. ഇതുപ്രകാരം സ്വിഗ്ഗിയുടെ വിപണിമൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) ഒരുലക്ഷം കോടി രൂപയും ഭേദിച്ചു.
നവംബർ 6 മുതൽ എട്ടുവരെയായിരുന്നു സ്വിഗ്ഗി ഐപിഒ. 11,327 കോടി രൂപ കമ്പനി സമാഹരിക്കുകയും ചെയ്തു. ഇന്ത്യയിൽ ഈ വർഷത്തെ രണ്ടാമത്തെ വലിയ ഐപിഒയുമായിരുന്നു ഇത്. ഒക്ടോബറിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നടത്തിയ 27,870 കോടി രൂപയുടേതാണ് റെക്കോർഡ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമാണ് ഹ്യുണ്ടായിയുടേത്.
കോടിപതികളായി 500 ജീവനക്കാർ
സ്വിഗ്ഗിയുടെ ഐപിഒയ്ക്കും ലിസ്റ്റിങ്ങിന് ശേഷമുള്ള ഓഹരിക്കുതിപ്പിനും പിന്നാലെ കോളടിച്ചത് 5,000ഓളം ജീവനക്കാർക്ക്. ഇതിൽ 500 പേർ കോടീശ്വരന്മാരായും മാറും. ജീവനക്കാർക്ക് എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ (ഇഎസ്ഒപി) വഴി സ്വിഗ്ഗി നേരത്തേ ഓഹരി ആനുകൂല്യം നൽകിയിരുന്നു. യോഗ്യരായ ജീവനക്കാർക്ക് കമ്പനിയുടെ ഓഹരികൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇഎസ്ഒപി. ഇതുപ്രകാരം ഓഹരികൾ ലഭിച്ച ജീവനക്കാർക്കാണ് നേട്ടം. ഓഹരി ഒന്നിന് 390 രൂപവച്ച് മൊത്തം 9,000 കോടി രൂപയാണ് ഇഎസ്ഒപി ജീവനക്കാർക്ക് ലഭിക്കുന്ന നേട്ടം.
സ്വിഗ്ഗി ഓഹരികൾക്ക് ഐപിഒയുടെ ഭാഗമായ ഒരുവർഷ ലോക്ക്-ഇൻ കാലാവധി സെബി ഒഴിവാക്കിയിരുന്നു. അതായത്, ലിസ്റ്റിങ് കഴിഞ്ഞ് ഓഹരികൾ എപ്പോൾ വേണമെങ്കിലും വിൽക്കാം, കൈമാറാം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഓഹരി വിറ്റ് കോടീശ്വരന്മാരാകാൻ 500ഓളം ജീവനക്കാർക്ക് കഴിയുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് സ്വിഗ്ഗി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മറ്റ് മുൻനിര ടെക്നോളജി അധിഷ്ഠിത കമ്പനികളായ സൊമാറ്റോ, പേയ്ടിഎം എന്നിവയുടെ ജീവനക്കാരും അവയുടെ ഐപിഒ വേളയിൽ സമാനനേട്ടം കൈവരിച്ചിട്ടുണ്ട്. 2021 നവംബറിൽ പേയ്ടിഎമ്മിന്റെ ഐപിഒ വേളയിൽ 320 ജീവനക്കാരാണ് കോടീശ്വരന്മാരായി മാറിയത്. ആ വർഷം ജൂലൈ 21ന് സൊമാറ്റോ ഐപിഒ നടത്തിയപ്പോൾ 18 പേർ 'ഡോളർ ലക്ഷപ്രഭുക്കളുമായി' (ഡോളർ മില്യണയേഴ്സ്) മാറിയിരുന്നു.