ഇന്നും താഴ്ന്നിറങ്ങി പൊന്ന്; കേരളത്തിൽ സ്വർണവില ഒരുമാസത്തെ താഴ്ചയിൽ, രാജ്യാന്തര വിലയിലും തകർച്ച
Mail This Article
ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് കേരളത്തിൽ സ്വർണവില ഇന്നും ഇടിഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 7,045 രൂപയായി. പവന് 320 രൂപ താഴ്ന്ന് വില 56,360 രൂപയിലെത്തി. സംസ്ഥാനത്തെ കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഒക്ടോബർ 31ന് വില പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ നവംബറിൽ ഇതുവരെ പവന് കുറഞ്ഞത് 3,280 രൂപയും ഗ്രാമിന് 410 രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ വിലത്തകർച്ചയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച. കഴിഞ്ഞമാസാവസാനം ഔൺസിന് 2,790 ഡോളർ എന്ന സർവകാല ഉയരംതൊട്ട രാജ്യാന്തരവില ഇന്നൊരുവേള 2,600ന് താഴേക്കുപതിച്ച് 2,590 ഡോളർ വരെയെത്തി. നിലവിൽ വ്യാപാരം അൽപം തിരിച്ചുകയറി 2,609 ഡോളറിൽ. കഴിഞ്ഞ സെപ്റ്റംബറിന്ശേഷം രാജ്യാന്തരവില 2,600 ഡോളറിന് താഴെയെത്തിയത് ആദ്യമാണ്.
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില കുതിപ്പിന് സഡൻബ്രേക്കിട്ട് താഴേക്ക് ഇറങ്ങിത്തുടങ്ങിയത്. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഓഹരി വിപണി, ക്രിപ്റ്റോകറൻസികൾ എന്നിവയ്ക്ക് കുതിപ്പേകുമെന്നാണ് വിലയിരുത്തലുകൾ. ഇവയിൽ നിന്ന് മികച്ച ആദായം ലഭിക്കുമെന്നതിനാൽ നിക്ഷേപകർ സ്വർണനിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറുന്നതാണ് വിലയെ ബാധിക്കുന്നത്. പുറമേ, ഡോളറിന്റെ മൂല്യം ഉയർന്നതിനാൽ സ്വർണം വാങ്ങാനുള്ള ചെലവേറിയത് ഡിമാൻഡിനെയും ബാധിച്ചു. ഇതും വിലത്തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു.
കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,810 രൂപയായി. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ സ്വർണത്തിനൊപ്പം താഴേക്കുനീങ്ങിയ വെള്ളിവില ഇന്നുപക്ഷേ കൂടി. ഗ്രാമിന് ഒരു രൂപ വർധിച്ച് വില 98 രൂപയായി. സ്വർണത്തിന് 3 ശതമാനം ജിഎസ്ടിയുണ്ട്. 53.10 രൂപയാണ് ഹോൾമാർക്ക് ഫീസ്. പുറമേയാണ് പണിക്കൂലി.
ഓരോ ആഭരണത്തിന്റെയും ഡിസൈനിന് അനുസരിച്ച് പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 61,008 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,626 രൂപയും. ഒക്ടോബർ 31ന് പവന് വാങ്ങൽവില 64,000 രൂപയ്ക്കും ഗ്രാമിന് 8,000 രൂപയ്ക്കും മുകളിലായിരുന്നു.