ADVERTISEMENT

മ്യൂച്വൽഫണ്ടുകളിലേക്ക് കേരളത്തിൽ നിന്നുള്ള നിക്ഷേപം കഴിഞ്ഞമാസവും റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിലെത്തി. 85,416.59 കോടി രൂപയാണ് ഒക്ടോബറിൽ മലയാളികളുടെ മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യമെന്ന് (എയുഎം/AUM) അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/Amfi) കണക്കുകൾ വ്യക്തമാക്കി. മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളിപ്പണം 85,000 കോടി രൂപ കടന്നത് ആദ്യമാണ്. സെപ്റ്റംബറിൽ 84,743 കോടി രൂപ, ജൂലൈയിൽ 78,411 കോടി രൂപ, ഓഗസ്റ്റിൽ 81,812 കോടി രൂപ എന്നിങ്ങനെയായിരുന്നു എയുഎം.

ഭൂമി (Real Estate), സ്വർണം, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി/FD), ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ, പ്രത്യേകിച്ച് യുവാക്കൾ മാറിത്തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഓരോ മാസവും മ്യൂച്വൽഫണ്ട് നിക്ഷേപത്തിലുണ്ടാകുന്ന വർധന. മ്യൂച്വൽഫണ്ടുകളിൽ 100 രൂപ മുതൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈൽ ആപ്പുകൾ വഴി ലളിതമായി നിക്ഷേപിക്കാമെന്നതും മ്യൂച്വൽഫണ്ടുകളിലേക്ക് കൂടുതൽ മലയാളികളെ ആകർഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.

Image : iStock/solidcolours and iStock/Ekaterina Grebeshkova
Image : iStock/solidcolours and iStock/Ekaterina Grebeshkova

ഓഹരി നിക്ഷേപങ്ങളെപ്പോലെ റിസ്കിന് വിധേയമാണെങ്കിലും താരതമ്യേന മെച്ചപ്പെട്ട നേട്ടം (റിട്ടേൺ/Return) ലഭിക്കുന്നുവെന്ന വിലയിരുത്തലുകളും നിരവധിപേരെ മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

ഇഷ്ടം പൊന്നും ഓഹരിയും

മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളി നിക്ഷേപത്തിൽ ഭൂരിഭാഗവും ഓഹരിയധിഷ്ഠിത സ്കീമിലാണ് (ഇക്വിറ്റി ഓറിയന്റഡ്/Equity Oriented). സെപ്റ്റംബറിലെ 64,443.25 കോടി രൂപയിൽ നിന്ന് ഉയർന്ന് കഴിഞ്ഞമാസം ഇത് 64,478.07 കോടി രൂപയിലെത്തി. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ (Liquid Schemes) നിക്ഷേപം 5,000.07 കോടി രൂപയിൽ നിന്ന് 5,893.91 കോടി രൂപയായും മെച്ചപ്പെട്ടു. 

ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലെ (ഗോൾഡ് ഇടിഎഫ്/Gold ETF) നിക്ഷേപം 213.75 കോടി രൂപയിൽ നിന്ന് 234.15 കോടി രൂപയായി വർധിച്ചു. ഇടക്കാലത്ത് സ്വർണനിക്ഷേപങ്ങൾക്ക് പ്രിയമേറിയത് മലയാളികളും സുവർണാവസരമാക്കിയെന്ന് ഇതു വ്യക്തമാക്കുന്നു. മറ്റ് ഇടിഎഫ് നിക്ഷേപങ്ങൾ (Other ETF)1,094.48 കോടി രൂപയിൽ നിന്ന് 1,105.80 കോടി രൂപയായും മെച്ചപ്പെട്ടുവെന്ന് ആംഫി വ്യക്തമാക്കി.

Image : Shutterstock/Ratana21
Image : Shutterstock/Ratana21

അതേസമയം, കടപ്പത്രാധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ (Other Debt Oriented) നിക്ഷേപം 6,501.13 കോടി രൂപയിൽ നിന്ന് 6,451.82 കോടി രൂപയിലേക്കും കടപ്പത്രങ്ങളിലും ഓഹരികളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് സ്കീമുകളിലെ (Balanced Schemes) നിക്ഷേപം 6,909 കോടി രൂപയിൽ നിന്ന് 6,856.43 കോടി രൂപയിലേക്കും കുറഞ്ഞു. വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ്  (FoF)നിക്ഷേപം 381.55 കോടി രൂപയിൽ നിന്നുയർന്ന് 396.4 കോടി രൂപയായി. 

കോവിഡിന് ശേഷം കുതിപ്പ്

10 വർഷം മുമ്പ് മ്യൂച്വൽഫണ്ടിലെ ആകെ മലയാളിപ്പണം 8,400 കോടി രൂപയായിരുന്നു. 2019ലാണ് ആദ്യമായി 25,000 കോടി രൂപ കടന്നത്. തുടർന്ന്, കോവിഡിന് ശേഷം നിക്ഷേപത്തിലുണ്ടായത് വൻ കുതിച്ചുചാട്ടം. കഴിഞ്ഞ 4 വർഷത്തിനിടെ നിക്ഷേപം ഇരട്ടിയിലേറെയായി.കൂടുതൽ മലയാളികൾ മ്യൂച്വൽഫണ്ടുകളിലേക്ക് ചുവടുവച്ചത് ഇതിന് കരുത്തുപകർന്നു.

mutual-fund-3-

2024 ജനുവരിയിലാണ് എയുഎം 61,000 കോടി രൂപ കടന്നത്. ജൂണിൽ 70,000 കോടി രൂപയും ഓഗസ്റ്റിൽ 80,000 കോടി രൂപയും ഭേദിച്ചു. നിലവിലെ ട്രെൻഡ് തുടർന്നാൽ, 2025ൽ തന്നെ മലയാളികളുടെ മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപം ഒരുലക്ഷം കോടി രൂപയന്ന 'മാന്ത്രികസംഖ്യ' കടക്കും.

English Summary:

Malayali Mutual Fund Investments Hit Record High. Soar Past ₹85,000 Crore in October: Malayali investment in mutual funds reaches record-breaking ₹85,000 crore! Discover the preferred investment avenues and the factors driving this surge in Kerala's financial landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com