ഇന്ത്യയിൽ എസ്ഐപി തരംഗം; പ്രതിമാസ നിക്ഷേപം ആദ്യമായി 25,000 കോടി ഭേദിച്ചു, സ്റ്റോപ്പേജ് റേഷ്യോയിൽ ആശങ്ക
Mail This Article
മൂച്വൽഫണ്ടുകളിൽ കുറഞ്ഞ് 100 രൂപ മുതൽ തവണവ്യവസ്ഥയിലൂടെ നിക്ഷേപിക്കാവുന്ന മാർഗമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) വഴി ഒക്ടോബർ ഒഴുകിയെത്തിയത് റെക്കോർഡ് 25,323 കോടി രൂപ. ചരിത്രത്തിൽ ആദ്യമാണ് ഒരുമാസത്തെ നിക്ഷേപം 25,000 കോടി രൂപ ഭേദിക്കുന്നത്. സെപ്റ്റംബറിലെ 24,509 കോടി രൂപയുടെ റെക്കോർഡ് പഴങ്കഥയായി.
കഴിഞ്ഞ 5 വർഷത്തിനിടെയാണ് എസ്ഐപിയിൽ പണമൊഴുക്ക് അതിശക്തമായത്. ഉദാഹരണത്തിന് 2016 ഏപ്രിലിൽ എസ്ഐപി വഴി മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 3,122 കോടി രൂപയായിരുന്നു. 2021 സെപ്റ്റംബറിൽ ഇത് ആദ്യമായി 10,000 കോടി രൂപ കടന്നു; ഈ വർഷം ഏപ്രിലിൽ 20,000 കോടി രൂപയും. തുടർന്ന് വെറും 6 മാസത്തിന് ശേഷം പ്രതിമാസ നിക്ഷേപം 25,000 കോടി രൂപയും കടന്നു.
എസ്ഐപി അക്കൗണ്ടുകളുടെ എണ്ണവും കൂടുന്നുണ്ട്. സെപ്റ്റംബറിലെ 9.87 കോടിയിൽ നിന്ന് ഒക്ടോബറിൽ ആകെ അക്കൗണ്ടുകൾ 10.12 കോടിയായി. ഒക്ടോബറിൽ മാത്രം പുതുതായി തുറന്നത് 24.19 ലക്ഷം അക്കൗണ്ടുകൾ. മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം എസ്ഐപി നിക്ഷേപം (എസ്ഐപി എയുഎം) സെപ്റ്റംബറിലെ 13.39 ലക്ഷം കോടി രൂപയിൽ നിന്ന് കഴിഞ്ഞമാസം 13.81 ലക്ഷം കോടി രൂപയായും മെച്ചപ്പെട്ടു.
സ്റ്റോപ്പേജ് റേഷ്യോയിൽ ആശങ്ക
എസ്ഐപി വഴിയുള്ള പ്രതിമാസ പണമൊഴുക്ക് റെക്കോർഡ് ഭേദിച്ചെങ്കിലും പുതിയ അക്കൗണ്ടുകളുടെ എണ്ണം, സ്റ്റോപ്പേജ് റേഷ്യോ (എസ്ഐപി അക്കൗണ്ട് അവസാനിപ്പിക്കൽ) എന്നിവ ആശങ്ക സൃഷ്ടിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ഓരോ മാസവും പുതിയ അക്കൗണ്ടുകളുടെ എണ്ണം കുറയുകയാണ്.
ജൂലൈയിൽ 35.3 ലക്ഷമായിരുന്നു പുതുതായി ആരംഭിച്ച അക്കൗണ്ടുകൾ. ഓഗസ്റ്റിൽ ഇത് 27.4 ലക്ഷമായി. സെപ്റ്റംബറിൽ 26.1 ലക്ഷം. ഇതാണ് കഴിഞ്ഞമാസം 24.19 ലക്ഷമായത്. എസ്ഐപി സ്റ്റോപ്പേജ് റേഷ്യേയാകട്ടെ ഒക്ടോബറിൽ 61 ശതമാനമാണ്. കഴിഞ്ഞ 6 മാസത്തെ ഉയർന്ന അനുപാതമാണിത്. സെപ്റ്റംബറിൽ 60.72 ആയിരുന്നു.
ശരാശരി നിക്ഷേപത്തിൽ വർധന
10 കോടിയിൽപ്പരം എസ്ഐപി അക്കൗണ്ടുകൾ കഴിഞ്ഞമാസം നടത്തിയ ശരാശരി നിക്ഷേപം 2,499 രൂപയാണ്. 2020 മേയ്ക്ക് (2,535 രൂപ) ശേഷമുള്ള ഏറ്റവും ഉയരമാണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 2,449 രൂപയും സെപ്റ്റംബറിൽ 2,483 രൂപയുമായിരുന്നു.