സഫീന കുത്തുകളിലൂടെ ചിത്രം വരച്ചു നേടുന്നത് മാസം 15000 രൂപ
Mail This Article
കുത്തുകളിലൂടെ ചിത്രം വരയ്ക്കാൻ കഴിയുമോ ? സഫീന വരയ്ക്കും. വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള കുത്തുകളിലൂടെ മോഡേൺ പോർട്രെയ്റ്റുകളും, കൃഷ്ണ രൂപവും, വ്യത്യസ്തങ്ങളായ ഡിസൈനുകളും എല്ലാം വരയ്ക്കും. വരയ്ക്കുക മാത്രമല്ല, അത് മനോഹരമായി ഫ്രെയിം ചെയ്ത് ഷോ പീസുകളായി വിൽക്കുകയും ചെയ്യും. ഇത്തരത്തിൽ ചിത്രം വയ്ക്കാൻ സഫീനയ്ക്ക് കാൻവാസുകൾ തന്നെ വേണമെന്നില്ല. മരത്തടിയിലും സാരിയിലും പൂച്ചട്ടിയിലും എന്തിനേറെ പേപ്പർ കപ്പുകളിൽ പോലും സഫീന കുത്തുകളിലൂടെ ചിത്രം വരയ്ക്കും. കുത്തുകളിലൂടെ ചിത്രം വയ്ക്കുന്ന മണ്ഡല രീതിയെപ്പറ്റി സഫീന അറിയുന്നതും പഠിക്കുന്നതും പരീക്ഷിക്കുന്നതുമെല്ലാം ലോക്ക് ഡൗൺ കാലത്താണ്. കേരളത്തിലും വിദേശത്തുമായി ഇലക്ട്രോണിക്‌സ് മേഖലയില്‍ ജോലി ചെയ്തിരുന്ന സഫീന ഇപ്പോൾ മണ്ഡല പെയിന്റിംഗിലൂടെ വീട്ടിലിരുന്ന് പ്രതിമാസം ശരാശരി 15000 രൂപയുടെ വരുമാനം നേടുന്നുണ്ട്.
നോ ടെൻഷൻ
കോർപ്പറേറ്റ് ജോലിയുടെ ടെൻഷനും സ്‌ട്രെസും ഒന്നും അനുഭവിക്കാതെ വളരെ ആസ്വദിച്ചു ജോലി ചെയ്ത് വരുമാനം കണ്ടെത്തുകയാണ് കൊച്ചി സ്വദേശിനിയായ സഫീന രഘു. അല്പസ്വല്പം കാലാഭിരുചി കൈവശമുള്ള ഏതൊരു വ്യക്തിക്കും ഡോട്ട് മണ്ഡല പെയിന്റിംഗ് പരീക്ഷിച്ച് വരുമാനം നേടാനാകും എന്നാണ് സഫീനയുടെ പക്ഷം. ചിത്രരചനയിൽ താല്പര്യമുണ്ടെങ്കിലും സ്ഥിരമായി ചിത്രങ്ങൾ വരച്ചിരുന്ന ഒരു വ്യക്തിയായിരുന്നില്ല സഫീന. ലോക്ക് ഡൗണിൽ ബോട്ടിൽ ആർട്ടുകളും തയ്യലുമൊക്കെയായി ആളുകൾ തിരക്കിലായതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ കണ്ടിട്ടാണ് തനിക്കും ഇത്തരത്തിൽ എന്തെങ്കിലുമൊന്ന് പരീക്ഷിക്കണം എന്ന ചിന്ത സഫീനയ്ക്കുണ്ടാകുന്നത്.
''ആദ്യമായി ഞാൻ കുപ്പിയിൽ ഒരു ചിത്രം വരച്ചു. അതിൽ കുത്തുകൾ ധാരാളം ഉണ്ടായിരുന്നു. സുഹൃത്തക്കളെ കാണിച്ചപ്പോൾ എല്ലാവരിൽ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചത്. കൂട്ടത്തിൽ ശാന്തി എന്ന കൂട്ടുകാരിയാണ് നിനക്ക് ഡോട്ട് മണ്ഡല പെയിന്റിംഗുകൾ ചെയ്യാനാകും എന്ന് പറഞ്ഞുകൊണ്ട് ഈ കലാരൂപത്തെ എനിക്ക് പരിചയപ്പെടുത്തുന്നത്. പല നിറത്തിലുള്ള കുത്തുകൾ ചേർത്ത ഒരു ഡോട്ട് മണ്ഡല ചിത്രം ശാന്തി അയച്ചു തന്നു. അതെനിക്ക് വളരെ ഇഷ്ടമായി.
ഞാൻ ആദ്യമായിട്ടായിരുന്നു ഇതേപ്പറ്റി കേൾക്കുന്നത്. എന്നാൽ പിന്നീട്ട് ഞാൻ ഡോട്ട് മണ്ഡലയെപ്പറ്റി കൂടുതൽ പഠിക്കാൻ ശ്രമിച്ചു. യുട്യൂബ് ട്യൂട്ടോറിയലുകൾ ആയിരുന്നു പ്രധാന ഗുരു. അങ്ങനെ ആദ്യമായി വരച്ചെടുത്ത ചിത്രം വാങ്ങാൻ ആളെത്തിയതോടെ ഞാൻ ഡോട്ട് മണ്ഡലയിൽ എന്റെ അവസരം കണ്ടെത്തുകയായിരുന്നു.'' സഫീന പറയുന്നു.
ബഡ്‌സ് മാറ്റി ടൂൾസ് വാങ്ങി
തുടക്കത്തിൽ സഫീന ഇയർ ബഡ്‌സ് കൊണ്ടാണ് ഡോട്ട് മണ്ഡല പെയിന്റിംഗ് ചെയ്ത് തുടങ്ങിയത്. എന്നാൽ ഇതേപ്പറ്റി കൂടുതൽ പഠിച്ചപ്പോൾ മണ്ഡല പെയിന്റിംഗ് ടൂളുകൾ ഉണ്ടെന്നു മനസിലായി. തുടർന്ന്, ആമസോണിൽ നിന്നും ടൂൾസ് വാങ്ങി. അതോടെ ചിത്രരചന കൂടുതൽ എളുപ്പവും പെർഫെക്ഷനോട് കൂടിയതുമായി മാറി. തുടക്കത്തിൽ ഇന്റർനെറ്റിൽ കാണുന്ന ഡോട്ട് മണ്ഡല പെയിന്റിംഗ് മാതൃകകൾ നോക്കി വരച്ചിരുന്ന സഫീന പെയിന്റിംഗുകൾക്ക് ആവശ്യക്കാർ വർധിച്ചതോടെ തന്റേതായ ഡിസൈനുകൾ ചെയ്യാൻ ആരംഭിച്ചു. വീടുകൾ, ഓഫീസുകൾ തുടങ്ങിയിടങ്ങളിൽ ഷോ പീസ് ആയി വയ്ക്കുന്നതിനായാണ് മണ്ഡല പെയിന്റിംഗുകൾ തേടി ആവശ്യക്കാർ എത്തുന്നത്. പല നിറത്തിലുള്ള കുത്തുകൾ ചേരുന്ന ചിത്രങ്ങളായതിനാൽ തന്നെ ആകർഷണീയത കൂടുതലാണ് എന്നതാണ് മണ്ഡല പെയിന്റിംഗുകളുടെ സാധ്യത വർധിപ്പിക്കുന്നത്.
ലോക്ക്ഡൗണില്‍ ഒരു കൗതുകത്തിന് മകന്റെ കയ്യിലെ പെയിന്റ് എടുത്ത് വരച്ചു തുടങ്ങിയ സഫീനയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് രഘുവുമെത്തി. അദ്ദേഹം സമ്മാനമായി കൂടുതല്‍ പെയിന്റുകള്‍ വാങ്ങി നൽകി പിന്തുണച്ചതാണ് ബിസിനസ് എന്ന നിലയിലേക്ക് ഡോട്ട് മണ്ഡല പെയിന്റിംഗുകൾ വളർത്തുന്നതിന് സഫീനയ്ക്ക് പ്രചോദനമായത്. തന്റെ പെയിന്റിംഗുകൾക്ക് ബിസിനസ് സ്വഭാവം നൽകിയതോടെ കുപ്പികളിൽ നിന്നും കാൻവാസുകളിലേക്കും മരത്തടി, സാരി, കല്ലുകള്‍, പൂച്ചട്ടികൾ എന്നിവയിലേക്കും സഫീന പെയിന്റിങുകൾ വ്യാപിപ്പിച്ചു.
കസ്റ്റമൈസ്ഡ് വർക്കുകളും ധാരാളം
വരച്ച ഓരോ ചിത്രവും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് സഫീനയ്ക്ക് ലഭിച്ചത്. സുഹൃത്തുക്കൾ മുഖാന്തിരം തന്നെ ഓർഡറുകൾ ധാരാളമായി ലഭിക്കാൻ തുടങ്ങിയതോടു കൂടി സഫ്‌സ് ഡോട്ട് മണ്ഡല എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് പേജ് തുടങ്ങി അതിലൂടെയായി ബിസിനസ്. ഇപ്പോൾ സ്വന്തം ഡിസൈനുകൾക്ക് പുറമെ ആവശ്യക്കാരുടെ നിർദേശാനുസരണം കസ്റ്റമൈസ്ഡ് ആയ ഡിസൈനുകളും സഫീന ചെയ്തുകൊടുക്കുന്നുണ്ട്. ഇത്തരത്തിൽ സുഹൃത്തിന്റെ ആവശ്യപ്രകാരം ചെയ്ത രാധയുടെയും കൃഷ്ണന്റെയും ഡോട്ട് മണ്ഡല ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ഇത്തരത്തിൽ നിരവധി പെയിന്റിങുകൾക്ക് ആവശ്യക്കാർ എത്താറുണ്ടെന്ന് സഫീന പറയുന്നു. ഓർഡറുകൾ കൊണ്ട് തിരക്കിലായതിനാൽ തന്നെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ ഈ കലയെ വരുമാനമാര്‍ഗമാക്കി മാറ്റുകയാണ് സഫീന.
''വരുമാനത്തിനായി ഓഫീസിൽ പോയി ജോലി ചെയ്യണം എന്ന് യാതൊരു നിർബന്ധവുമില്ല. കലകളും വരുമാനമാക്കാം. ഞാൻ ഇപ്പോൾ വളരെ ആസ്വദിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ആസ്വാദനത്തോടൊപ്പം പ്രതിഫലവും ലഭിക്കുന്നു എന്നതാണ് ഇരട്ടി സന്തോഷം. പെയിന്റ് വാങ്ങുന്ന പണം മാത്രമാണ് ചെലവ് ഇനത്തിൽ വരുന്നത്. മണ്ഡല വരയ്ക്കുന്നതിനായുള്ള ടൂൾസ് ഒറ്റ തവണ നിക്ഷേപമാണ്. എട്ടു മണിക്കൂർ വരെ തുടർച്ചയായി ഇരുന്നു വരച്ചെടുത്ത ചിത്രങ്ങളുണ്ട്. 300 രൂപ മുതല്‍ക്കാണ് ഡോട്ട് മണ്ടല ആര്‍ട്ടുകളുടെ വില ആരംഭിക്കുന്നത്. ചെയ്യുന്ന പ്രതലം, വലുപ്പം എന്നിവ ആശ്രയിച്ച് വിലയും വര്‍ധിക്കും.എങ്ങനെ പോയാലും പ്രതിമാസം 15000 രൂപ ശരാശരി വരുമാനം എനിക്ക് ലഭിക്കുന്നുണ്ട്'' സഫീന പറയുന്നു.
ഡോട്ട് മണ്ഡല പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്റെ ഭാഗത്ത് നിന്നും പൂർണമായ പിന്തുണയും വേണ്ട നിർദേശങ്ങളും സഫീന നൽകുന്നുണ്ട്.
English Summary : Interesting Mandala Art by Safeena