സ്നേഹം മുതൽ മുടക്കിയൊരു ബിസിനസ്, കൈ നിറയെ കാശുവാരും ഈ കിളികൾ
Mail This Article
ഒരുപാട് ഇഷ്ടം തോന്നിയൊരു ഹോബിയിലെ ബിസിനസ് സാധ്യതകൾ കണ്ടെത്തി മനസ്സുനിറയെ സന്തോഷവും ഒപ്പം വരുമാനവും നേടുന്നൊരു പെൺകുട്ടിയെ പരിചയപ്പെടാം. ചെറുപ്രായത്തിൽ തന്നെ പക്ഷികളോട് ഇഷ്ടം കൂടിയൊരു ജ്യോത്സന, ആ ഇഷ്ടത്തെ വരുമാനം ലഭിക്കുന്നൊരു മാർഗം കൂടിയാക്കി മാറ്റുകയായിരുന്നു.
ആറ്റിങ്ങൽ സ്വദേശിയായ ജ്യോത്സനയിപ്പോൾ ഇംഗ്ലിഷ് ലാംഗ്വേജ് ട്രെയിനറാണ്. മോഡലിങ്ങും ഒപ്പം കൊണ്ടുപോകുന്നു. ഇതിനൊപ്പമാണ് അലങ്കാരപ്പക്ഷികളെ വാങ്ങലും വിൽക്കലും വളർത്തലുമെല്ലാം.
2005ൽ, രണ്ടു ജോഡി ലൗ ബേർഡ്സിനെ വാങ്ങിയതാണ് ജ്യോത്സനയുടെ പക്ഷിപ്രേമത്തിൽ വഴിത്തിരിവായത്. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ ലവ്ബേർഡ് മുട്ടയിട്ട്, അതിലൊരു കുഞ്ഞു വിരിഞ്ഞെങ്കിലും തള്ളക്കിളി തിരിഞ്ഞു നോക്കിയില്ല. അപ്പോൾ അതിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണമെന്നായി. അതു വിജയിച്ചു. അതോടെ കിളികളെ ഇണക്കി എടുക്കാനും പരിചരിക്കാനും പഠിച്ചു.
കളി കാര്യമാകുന്നു
ഇങ്ങനെ വീട്ടിൽ വളർത്താവുന്ന ഒരുപാടു കിളികളുണ്ടെന്നു മനസ്സിലാക്കി കിട്ടുന്ന കാശൊക്കെ സ്വരുക്കൂട്ടി കിളികൾക്കായി ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി. വഴിയെ കിളികളുടെ എണ്ണം കൂടിയതോടെ അവയ്ക്കു തീറ്റ കൊടുക്കാനുള്ള വരുമാനമെങ്കിലും ഇതിലൂടെ കിട്ടിയാൽ കൊള്ളാമെന്നു തോന്നിയെന്ന് ജ്യോത്സന പറയുന്നു. അങ്ങനെയാണ് പക്ഷിവളർത്തലിലൊരു ബിസിനസ് സാധ്യത കണ്ടെത്തുന്നത്. അച്ഛനും അമ്മയും കട്ടസപ്പോർട്ടുമായി കൂടെ നിന്നതോടെ കാര്യങ്ങൾ ഗൗരവത്തിലായി.
ഓരോ കിളിയെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് പഠിച്ചു മനസ്സിലാക്കിയ ശേഷമായിരുന്നു ജ്യോത്സന കിളികളെ വാങ്ങിയിരുന്നത്. അതു കൊണ്ടുതന്നെ അവയെ കൈകാര്യം ചെയ്യൽ വിഷമകരമായിരുന്നില്ല.
എവിടെനിന്നാണു വാങ്ങുന്നത്? എവിടെയാണു വിൽക്കുന്നത്?
കേരളത്തിന് അകത്തും പുറത്തും നിന്നുമാണു കിളികളെ വാങ്ങുന്നത്. വിൽപനയും വിലയുമെല്ലാം ഇവിടത്തെ മാർക്കറ്റ് കണ്ടീഷനുകൾക്കനുസരിച്ചാണ്. കൊച്ചി ഇത്തരത്തിൽ അലങ്കാരപ്പക്ഷികളുെട നല്ലൊരു വിപണിയാണ്. വിൽപനയുടെയും വാങ്ങലിന്റെയുമെല്ലാം പ്രമോഷനും പബ്ലിസിറ്റിയും സോഷ്യൽ മീഡിയ വഴി നടക്കുന്നു. പക്ഷികളെ പരിപാലിച്ചു വളർത്തുന്നതിനൊപ്പം അവയുടെ ബ്രീഡിങ് നടത്തുന്നതിനുള്ള സംവിധാനവും ഇപ്പോഴുണ്ട്. എന്നാൽ, അതിലുപരി ഈ രംഗത്ത് ഒരു ട്രേഡർ ആയി അറിയപ്പെടാനാണ് ജ്യോത്സന ആഗ്രഹിക്കുന്നത്. ബിസിനസ് എന്നതിലുപരി ഇതൊരു പാഷനായി കണ്ടാലേ വിജയിക്കാനാകൂവെന്നും സ്ത്രീകൾക്കു വിജയം കൈവരിക്കാനാകുന്ന മികച്ചൊരു ബിസിനസ് രംഗമാണ് ഇതെന്നും ജ്യോത്സന പറയുന്നു.
ഇതിലൂടെ സമ്പാദിച്ച പണം കൂട്ടിവച്ചാണ് ഏറെ മോഹിച്ചിരുന്ന ഒരു പഞ്ചവർണ തത്തയെ ജ്യോത്സന സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയ്ക്കു മുകളിലേക്കാണ് ഈ പക്ഷിയുടെ വിപണിവില.
സ്നേഹമാണ് മൂലധനം
‘‘ആർക്കും തുടങ്ങാവുന്നൊരു ബിസിനസാണെങ്കിലും യാതൊരു ധാരണയും ഇല്ലാതെ ഈ രംഗത്തേക്കു കടന്നുവരരുത്. കാരണം ലൈവ് സ്റ്റോക്കാണ്. കാര്യങ്ങൾ മനസ്സിലാക്കി വേണം തുടങ്ങാൻ. ചെറിയ തുക മുടക്കി പക്ഷികളെ വാങ്ങി പരിപാലിച്ച് പഠിക്കാം.
നല്ല ക്ഷമയ്ക്കൊപ്പം നമ്മുടേതായ ആശയങ്ങളും ബിസിനസ് വിപുലപ്പെടുത്തുന്നതിൽ പ്രയോഗിക്കാം. മണി ഓറിയന്റഡായി മാത്രം ഇതിനെ കാണാതിരിക്കുക. നമുക്ക് ഇവയോടുള്ള സ്നേഹമാണ് ആദ്യം വേണ്ട മൂലധനം.’’ തുടക്കക്കാരോടു ജ്യോത്സനയ്ക്ക് പറയാനുള്ളത് ഇതാണ്.
മോശമല്ലാത്ത വരുമാനം
പക്ഷികളെ ബ്രീഡ് ചെയ്തു വളർത്തി വിൽക്കുന്നതിലെ റിസ്ക് വാങ്ങി വിൽക്കുമ്പോഴില്ല. ആവശ്യക്കാർ പറയുന്നതനുസരിച്ച് മികച്ചവയെ ഫാമുകളിൽനിന്നു വാങ്ങി പരിപാലിച്ചു കൈമാറുകയാണു ചെയ്യുന്നത്. ജോഡിക്ക് 4,000–5,000 രൂപയ്ക്കൊക്കെ വാങ്ങുന്നവയെ 6,000–7,000 റേഞ്ചിൽ വിൽക്കാൻ കഴിയും. അതുപോലെ ലക്ഷത്തിനു മുകളിൽ വിലയുള്ള ഇനമാണെങ്കിൽ ലാഭം പതിനായിരങ്ങളായി മാറുന്നു.
ഓരോ പക്ഷിക്കും മാർക്കറ്റിൽ ഒരു വിലയുണ്ട്. എന്നാൽ, മികച്ച പരിചരണം കൊടുത്തു വളർത്തുന്ന ഇണക്കമുള്ളവയ്ക്ക് മോഹവില ലഭിക്കാം. അവിടെയാണ് ബിസിനസിലെ ലാഭം. റിസ്ക് ഉണ്ടെങ്കിലും ബ്രീഡിങ്ങും മുട്ടവിരിയിക്കലും വളർത്തലുമെല്ലാം ഈ രംഗത്തു നേട്ടം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
അതുപോലെ ഓരോരുത്തർക്കും മാറ്റിവയ്ക്കാനുതകുന്ന സമയത്തിനനുസരിച്ച് വിപുലപ്പെടുത്താവുന്ന, വീട്ടിൽ തുടങ്ങാവുന്നൊരു ബിസിനസാണിത്
English Summary : Love Birds is a Profitable Business You Can Do from Home Itself