ADVERTISEMENT

ഇന്ത്യയിലെ ഗുണമേന്മ സാക്ഷ്യപ്പെടുത്തലുകൾക്ക് ആഗോളതലത്തിൽ കാര്യമായ സ്വീകാര്യതയില്ലാത്തതും എനർജി സ്റ്റാർ പോലെയുള്ളവ ലഭിക്കാനുള്ള കടമ്പകളും പരിഹരിക്കുന്നതിനായി കേന്ദ്ര ചെറുകിട, ഇടത്തരം മന്ത്രാലയം ‘സീറോ ഡിഫക്ട് സീറോ എഫക്ട് (Zed)’ എന്ന സർട്ടിഫിക്കേഷൻ 2016 ൽ ആണ് അവതരിപ്പിച്ചത്. എന്നാൽ, പദ്ധതി പ്രതീക്ഷിച്ചപോലെ വിജയമായില്ല. ഇപ്പോൾ സർട്ടിഫിക്കേഷന്റെ പരിമിതികൾ പരിഹരിച്ച് 2022 ഏപ്രിലിൽ മന്ത്രാലയം പുനരവതരിപ്പിച്ചു.

ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഉൽപാദന പ്രക്രിയയിൽ പരിസ്ഥിതിയെയും പ്രകൃതിവിഭവങ്ങളെയും ബാധിക്കാത്ത ചെറുകിട സംരംഭങ്ങൾക്കാണ് സർട്ടിഫിക്കേഷൻ ലഭിക്കുക. ഉൽപാദന മേഖലയിലെ സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ Zed ലഭിക്കുക. താമസിയാതെ സേവന മേഖലയിലുള്ളവർക്കും ലഭ്യമാകും.

എന്താണു നേട്ടം?

സർട്ടിഫിക്കേഷനുള്ളവർക്കു തങ്ങളുടെ ഉൽപന്നങ്ങളിലും ആവരണങ്ങളിലും Zed ലേബൽ പ്രദർശിപ്പിക്കാം. ഗുണനിലവാരമുള്ളതും പരിസ്ഥിതി സൗഹാർദവുമായ ഉൽപന്നമാണെന്ന് സർക്കാർ സാക്ഷ്യപ്പെടുത്തുന്നതിനാൽ അവയ്ക്കു രാജ്യത്തിനകത്തും പുറത്തും ഉപഭോക്‌തൃ വിശ്വാസം നേടിയെടുക്കുക എളുപ്പമായിരിക്കും. നിക്ഷേപകരെ ആകർഷിക്കാനും Zed ഒരു പരിധി വരെ സഹായകമാകും. ബാങ്ക് വായ്പകളിന്മേലും പലവിധ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്.

എവിടെയാണു മാറ്റങ്ങൾ?

ആധികാരികമായ ഏതു സർട്ടിഫിക്കേഷൻ ലഭിക്കാനും സംരംഭത്തിന്റെ പ്രധാന പ്രക്രിയകളിൽ കാതലായ മാറ്റങ്ങൾ വേണം. എന്നാൽ, Zed അക്കാര്യത്തിൽ കുറച്ച് ഉദാരമാണ്. ബ്രോൺസ്, സിൽവർ, ഗോൾഡ് എന്നീ മൂന്നു സർട്ടിഫിക്കേഷനുകളാണ് ഇതു മുന്നോട്ടു വയ്ക്കുന്നത്. 6 ഘടകങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള മാറ്റം വരുത്തിയാൽ ബ്രോൺസും 14 ഘടകങ്ങളിൽ മാറ്റം വരുത്തിയാൽ സിൽവറും 20 ലും
മാറ്റം വരുത്തിയാൽ ഗോൾഡും ലഭ്യമാകും. (ഘടകങ്ങളേതൊക്കെയെന്നറിയാൻ zed.msme.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക).

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷ സമർപ്പിക്കാനായി എംഎസ്എംഇ മന്ത്രാലയത്തിന്റെ UDYAM പോർട്ടലിൽ (https://udyamregistration.gov.in) മൊബൈൽ നമ്പർ ഉൾപ്പെടെ സ്ഥാപനം റജിസ്റ്റർ ചെയ്തിരിക്കണം. ശേഷം Zed നായുള്ള ഔദ്യോഗിക വെബ്‌സൈറ്റിൽ (https://loginzed.msme.gov.in) നിർദിഷ്ട രേഖകൾ നൽകി അപേക്ഷിക്കാം. സഹായത്തിനു പരിചയസമ്പന്നനായ ഒരു കൺസൾറ്റന്റിന്റെ സഹായം തേടുന്നത് അഭികാമ്യമായിരിക്കും 


സർക്കാർ തരും 80% വരെ

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉന്നമനം ലക്‌ഷ്യം വയ്ക്കുന്ന Zed സർട്ടിഫിക്കേഷന് സർക്കാർ ധനസഹായം നൽകും. ഒരു കോടി രൂപയ്ക്ക് താഴെ മൂലധനവും 5 കോടി വരെ വിറ്റുവരവും ഉള്ള സ്ഥാപനങ്ങൾക്ക് ആകെ ചിലവിന്റെ 80% ധനസഹായമായി കിട്ടും. 10 കോടിയിൽ താഴെ മൂലധനവും 50 കോടി വരെ വിറ്റുവരവും ഉള്ളവയ്ക്ക് 60 ശതമാനവും 20 കോടിയിൽ താഴെ മൂലധനവും 100 കോടി വരെ വിറ്റുവരവും ഉള്ളവയ്ക്ക് 50 ശതമാനവും സർക്കാർ ധനസഹായം ഉണ്ട്. ഇതിന് പുറമെ, വനിതാ സംരംഭകർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും അധികമായി 10% ധനസഹായം ലഭ്യമാണ്.

English Summary : Know More about ZED Certification by MSME Ministry



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com