എട്ടാം ശമ്പള കമ്മിഷൻ എന്ന് നടപ്പാക്കും? മൗനം തുടര്‍ന്ന് കേന്ദ്രം
Mail This Article
എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെ കത്ത്. രണ്ട് ശമ്പള കമ്മിഷനുകൾ തമ്മില്‍ 10 വർഷത്തെ ഇടവേളയാണ് കേന്ദ്രം സാധാരണയായി പിന്തുടരുന്നത്.
ഏഴാം ശമ്പള കമ്മിഷൻ നടപ്പാക്കിയശേഷം 10 വർഷത്തെ ഇടവേളയില്‍ അടുത്ത ശമ്പള കമ്മിഷൻ നടപ്പാക്കണം. ഇതുപ്രകാരം, 2026 ജനുവരി ഒന്നുമുതൽ എട്ടാം ശമ്പള കമ്മിഷൻ പ്രാബല്യത്തില്‍ വരണം. എന്നാൽ, കമ്മിഷൻ രൂപീകരിക്കുന്ന കാര്യത്തിൽ കേന്ദ്രം മൗനത്തിലാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണ് നടപ്പാകേണ്ടത്.
എട്ടാം ശമ്പള കമ്മിഷൻ നിലവിൽ വന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഗണ്യമായ രീതിയിൽ ഉയരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഴയ പെൻഷൻ പദ്ധതിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ എൻപിഎസ്സിൽ പണമടച്ചു പോകുന്ന ഇപ്പോഴത്തെ ജീവനക്കാർക്ക് പെൻഷൻ നൽകുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.