ADVERTISEMENT

ക്ഷേമ പെൻഷൻ കുടിശിക വീട്ടുന്നത് ഉൾപ്പെടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള പണം തേടി സംസ്ഥാന സർക്കാർ വീണ്ടും 'ഇ-കുബേരനെ' സമീപിക്കുന്നു. റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിംഗ് സൊല്യൂഷൻ സംവിധാനമായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കി ജൂലൈ രണ്ടിന് 1,500 കോടി രൂപ കടം വാങ്ങും. 

നടപ്പ് സാമ്പത്തിക വർഷം (2024-25) കേരളമെടുത്ത കടം ഇതിനകം 10,000 കോടി രൂപയിലെത്തിയിട്ടുണ്ട്. ജൂലൈ രണ്ടിലെ കടമെടുപ്പോടെ ഇത് 11,500 കോടി രൂപയാകും. ഏപ്രിൽ 23ന് 1,000 കോടി രൂപയും 30ന് 2,000 കോടി രൂപയും മേയ് 28ന് 3,500 കോടി രൂപയും കടമെടുത്ത കേരളം ജൂൺ 4ന് 2,000 കോടി രൂപയും 25ന് 1,500 കോടി രൂപയും എടുത്തതോടെയാണ് ഈ വർഷത്തെ ഇതുവരെയുള്ള കടം 10,000 കോടി രൂപയായത്.

പരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് കേരളം

സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്‍റെ (ജിഎസ്ഡിപി) 3 ശതമാനം വരെ കടമെടുക്കാനാണ് സംസ്ഥാനങ്ങൾക്ക് അനുവാദമുള്ളത്. ഇതുപ്രകാരം, നടപ്പുവർഷം ആകെ 21,253 കോടി രൂപ കേരളത്തിന് കടമെടുക്കാം. ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 10,000 കോടി രൂപ കേരളമെടുത്തു കഴിഞ്ഞു. നടപ്പുവർഷം അവസാനിക്കാൻ 9 മാസങ്ങൾ കൂടിയുണ്ടെന്നിരിക്കേ, ഇനി ശേഷിക്കുന്നത് 11,253 കോടി രൂപ കൂടി മാത്രം. 

കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ 3.5 ശതമാനമായി ഉയർത്തണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉയർത്തിയിട്ടുണ്ട്. മാത്രമല്ല, കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകളെ മുൻകാല പ്രാബല്യത്തോടെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടി വഴി ഈ വർഷവും അടുത്തവർഷവും കേരളത്തിന് 4,710 കോടി രൂപ വീതം നഷ്ടമാകും. 

ഈ മാനദണ്ഡം ഒഴിവാക്കി 4,710 കോടി രൂപ വീതം ഈ വർഷവും അടുത്തവർഷവും  കടമെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ, സംസ്ഥാനത്തിന്‍റെ വികസന ആവശ്യങ്ങൾക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും നിവേദനത്തിലുണ്ട്.

കടമെടുക്കാൻ 8 സംസ്ഥാനങ്ങൾ

ജൂലൈ രണ്ടിന് കടമെടുക്കാൻ കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളാണ് താൽപ്പര്യമറിയിച്ചിട്ടുള്ളത്. ഇവ സംയോജിതമായി 14,100 കോടി രൂപ എടുക്കുമെന്ന് റിസർവ് ബാങ്കിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശാണ് മുന്നിൽ (5,000 കോടി രൂപ). പഞ്ചാബ് 2,500 കോടി രൂപയും തെലങ്കാനയും തമിഴ്നാടും 2,000 കോടി രൂപ വീതവുമെടുക്കും. ജമ്മു കശ്മീർ 500 കോടി രൂപയും മേഘാലയ 400 കോടി രൂപയും മണിപ്പുർ 200 കോടി രൂപയും കടമെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com