റിട്ടയർമെന്റ് തുക എങ്ങനെ നിക്ഷേപിക്കുന്നതാണ് അനുയോജ്യം
Mail This Article
ഞാൻ കഴിഞ്ഞയിടെ സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. എന്റെ റിട്ടയർമെന്റ് തുക എങ്ങനെ നിക്ഷേപിക്കുന്നതാണ് അനുയോജ്യം?
ദിവാകരൻ, വയനാട്
സർക്കാർ സർവീസിൽ നിന്ന് വിരമിച്ചതിനാൽ പ്രതിമാസ പെൻഷൻ ലഭ്യമാകുമെന്ന് കരുതുന്നു. രണ്ടുവർഷത്തെ പ്രതിമാസ വരുമാന തുക എമർജൻസി ഫണ്ടായി മ്യൂച്വൽ ഫണ്ടിലെ കാലാവധി കുറഞ്ഞ ബോണ്ട് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് അനുയോജ്യമാണ്.
ആരോഗ്യ ഇൻഷുറൻസ് പോളിസി ആരംഭിക്കുക. ചികിത്സാച്ചെലവുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന തുകയ്ക്ക് ടോപ്അപ് ഇൻഷുറൻസ് തുക കൂടി ലഭ്യമാക്കുന്നത് നല്ലതായിരിക്കും. പ്രതിമാസം പെൻഷൻ ലഭ്യമാകാത്ത വകുപ്പുകളിൽ നിന്നു വിരമിച്ചവരാണെങ്കിലോ ലഭ്യമാകുന്ന തുക ചെലവുകൾക്ക് തികയാതെ വരികയാണെങ്കിലോ റിട്ടയർമെന്റ് പ്ലാനിങ് അനിവാര്യമാണ്. പ്രതിമാസം ലഭ്യമാക്കേണ്ട തുകയുടെ 120 ഇരട്ടി തുക മ്യൂച്വൽ ഫണ്ടിലെ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുകയും സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാനിലൂടെ പ്രതിമാസ പെൻഷൻ ഉറപ്പിക്കുകയും ചെയ്യാം.
മറ്റു സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. ഹ്രസ്വകാല നിക്ഷേപങ്ങളാണെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകളോ ബോണ്ട് ഫണ്ടുകളോ അനുയോജ്യമാണ്. ദീർഘകാല നിക്ഷേപങ്ങൾക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളാണ് അനുയോജ്യം.