ADVERTISEMENT

രാജ്യാന്തര തലത്തിൽ ലാഭമെടുപ്പ് തകൃതിയായതോടെ മലക്കംമറിഞ്ഞ് സ്വർണവില. കേരളത്തിൽ ഇന്ന് ഗ്രാമിന് 45 രൂപ താഴ്ന്ന് വില 6,815 രൂപയായി. 360 രൂപ കുറഞ്ഞ് 54,520 രൂപയാണ് പവൻ വില. ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. അന്ന് പവന് 55,000 രൂപയിലും ഗ്രാമിന് 6,875 രൂപയിലുമായിരുന്നു വ്യാപാരം.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വില താഴേക്കാണ് നീങ്ങിയത്. ഇന്നലെയും ഇന്നുമായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു.

കനംകുറഞ്ഞതും (ലൈറ്റ് വെയ്റ്റ്) കല്ലുകൾ പതിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 40 രൂപ താഴ്ന്ന് 5,660 രൂപയായി. ബുധനാഴ്ച 100 രൂപയായിരുന്ന വെള്ളി വില ഇന്നുള്ളത് 97 രൂപയിൽ. ഗ്രാമിന് ഒരു രൂപ ഇന്ന് കുറഞ്ഞു.

രാജ്യാന്തര വിലയും താഴേക്ക്
 

ബുധനാഴ്ച ഔൺസിന് 2,483 ഡോളറെന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തര സ്വർണ വില പിന്നീട് ഇടിയുന്നതാണ് കണ്ടത്. ഉയർന്ന വില മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ നിന്ന് നിക്ഷേപകർ ലാഭമെടുത്ത് പിന്മാറിയതും ഡോളറിന്‍റെ കുതിപ്പും വിലയിറക്കത്തിന് വഴിയൊരുക്കി.

Image : iStock/Neha Patil
Image : iStock/Neha Patil

ഔൺസിന് 2,423 ഡോളർ വരെ താഴ്ന്ന വില ഇപ്പോഴുള്ളത് 2,428 ഡോളറിൽ. വരുംദിവസങ്ങളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് യുഎസ് ഡോളറിലാണെന്നിരിക്കേ, ഡോളർ ശക്തിയാർജിക്കുന്നതും  സ്വർണ വില കുറയാനിടയാക്കുന്നു.

ഇന്നൊരു പവൻ ആഭരണത്തിന് വിലയെന്ത്?
 

പണിക്കൂലിയും നികുതികളുമടക്കം മിനിമം 59,540 രൂപ കൊടുത്താലായിരുന്നു ബുധനാഴ്ച കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാമായിരുന്നത്. മൂന്ന് ശതമാനമാണ് സ്വർണത്തിന് ജിഎസ്‍ടി. ഹോൾമാർക്ക് ഫീസ് 53.10 രൂപ (45 രൂപ+18% ജിഎസ്‍ടി). പുറമേ പണിക്കൂലിയും കൊടുക്കണം. 

Image : iStock/ePhotocorp
Image : iStock/ePhotocorp

പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്‍റെ രൂപകൽപന അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 59,018 രൂപയാണ് ഇന്നൊരു പവൻ ആഭരണത്തിന് നൽകേണ്ട വില.

English Summary:

Gold, silver prices fell in Kerala amid volatility in global market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com