ADVERTISEMENT

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വ‌ർഷത്തെ (2024-25)​ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 294.13 കോടി രൂപയുടെ ലാഭം (Net Profit After Tax) രേഖപ്പെടുത്തി. മുൻവ‌ർഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാൾ 45.29 ശതമാനം അധികമാണിത്.

പ്രവ‌ർത്തന ലാഭം  (Operating Profit) 490.24 കോടി രൂപയിൽ നിന്ന് 3.62 ശതമാനം വർധിച്ച് 507.68 കോടി രൂപയിലെത്തി. കിട്ടാക്കടം (NPA) തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (Provisions) 199 കോടി രൂപയിൽ നിന്ന് 43.07 ശതമാനം കുറഞ്ഞ് 113 കോടി രൂപയായത് മികച്ച ലാഭം നേടാൻ സഹായകമായി.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൊത്തം നിഷ്ക്രിയ ആസ്തി (GNPA) അനുപാതം 5.13 ശതമാനത്തിൽ നിന്ന് 4.50 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (NNPA) 1.85 ശതമാനത്തിൽ നിന്ന് 1.44 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമാണ്.  അറ്റ പലിശ വരുമാനം (NII) 807.77 കോടി രൂപയിൽ നിന്ന് 7.18 ശതമാനം വർധിച്ച് 865.77 കോടി രൂപയിലുമെത്തി.

അതേസമയം,​ ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നായ കറന്റ് അക്കൗണ്ട് സേവിങ്ങ്സ് അക്കൗണ്ട് (കാസ)​ അനുപാതം (CASA Ratio) 32.64 ശതമാനത്തിൽ നിന്ന് 32.06 ശതമാനത്തിലേക്കും അറ്റ പലിശ മാ‌ർജിൻ (NIM)​ 3.34 ശതമാനത്തിൽ നിന്ന് 3.26 ശതമാനത്തിലേക്കും കുറഞ്ഞത് ക്ഷീണമായി.

മൊത്തം ബിസിനസ് 1.86 ലക്ഷം കോടി
 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം ബിസിനസ് (Total Business) 1.69 ലക്ഷം കോടി രൂപയിൽ നിന്ന് 10 ശതമാനം മെച്ചപ്പെട്ട് 1.86 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തി. മൊത്തം വായ്പകൾ 74,​102 കോടി രൂപയിൽ നിന്ന് 11 ശതമാനം ഉയ‌ർന്ന് 82,​580 രൂപയായി. മൊത്തം റീറ്റെയ്ൽ നിക്ഷേപം 99,​745 കോടി രൂപയാണ്. 92,​043 കോടി രൂപയിൽ നിന്ന് 8 ശതമാനമാണ് വർധന.

കറന്റ് അക്കൗണ്ട് സേവിങ്ങ്സ് അക്കൗണ്ട് (CASA) നിക്ഷേപം 31,​166 കോടി രൂപയിൽ നിന്ന് 33,​195 കോടി രൂപയായി; വള‌‌ർച്ച 7 ശതമാനം. എൻആർഐ നിക്ഷേപം 6.06 ശതമാനം വർധിച്ച് 30,​102 രൂപയിലുമെത്തി. 1.03 ലക്ഷം കോടി രൂപയാണ് മൊത്തം നിക്ഷേപം.

Businesswoman counting money, calculating the conversion rate of Indian Rupee money as a return of financial investment at the table in her office indoors.
Businesswoman counting money, calculating the conversion rate of Indian Rupee money as a return of financial investment at the table in her office indoors.

സ്വർണ വായ്പകൾ 14,​478 കോടി രൂപയിൽ നിന്ന് 12.70 ശതമാനം ഉയ‌ന്ന് 16,​317 കോടി രൂപയായി. വ്യക്തിഗത,​ കാ‌ർഷിക,​ ഭവന,​ വാഹന വായ്പകളിലും വാ‌ർഷികാടിസ്ഥാനത്തിൽ മികച്ച വള‌ർച്ചയുണ്ട്.

ആസ്തി നിലവാരം മെച്ചപ്പെടുത്താൻ ബാങ്ക് സ്വീകരിച്ച ഫലപ്രദമായ നടപടികളാണ് മികച്ച പ്രവർത്തനത്തിന് സഹായിച്ചതെന്ന് മാനേജിങ്ങ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. മൂലധന പര്യാപ്തതാ അനുപാതം (CAR) 16.49 ശതമാനത്തിൽ നിന്ന് 18.11 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും നേട്ടമാണ്.

ഓഹരികളിൽ നഷ്ടം
 

ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചശേഷമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ജൂൺപാദ പ്രവ‌ർത്തനഫലം പുറത്തുവിട്ടത്. അതുകൊണ്ട്, ബാങ്കിന്റെ ഓഹരികളിലെ ഇന്നത്തെ പ്രകടനത്തിൽ ഈ ഫലം പ്രതിഫലിച്ചിട്ടില്ല.

Image : iStock/Amey Bane
Image : iStock/Amey Bane

ഇന്ന് വ്യാപാരാന്ത്യത്തിൽ ഓഹരി വിലയുള്ളത് 1.01 ശതമാനം താഴ്ന്ന് 26.54 രൂപയിലാണ്. 6,​943 കോടി രൂപയാണ് എൻഎസ്ഇയിലെ കണക്കനുസരിച്ച് ബാങ്കിന്റെ വിപണിമൂല്യം. ഈ വ‌ർഷം ഫെബ്രുവരി രണ്ടിന് കുറിച്ച 37.18 രൂപയാണ് ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിലെ 18.06 രൂപയാണ് 52-ആഴ്ചയിലെ താഴ്ച.

English Summary:

South Indian Bank posts 45% growth in Q1 PAT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com