ADVERTISEMENT

രാജ്യാന്തര വിപണിയിൽ സ്വർണ വില കനത്ത ചാഞ്ചാട്ടം തുടരവേ, കേരളത്തിൽ ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,400 രൂപയും പവന് 51,200 രൂപയുമാണ് ഇന്നും വില. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 5,310 രൂപയിൽ തുടരുന്നു. വെള്ളി വിലയിലും മാറ്റമില്ല, ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം.

കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് വിലയിൽ വൻ ഇടിവുണ്ടായിരുന്നു. ബജറ്റിന്‍റെ തലേദിവസം (ജൂലൈ 22) സ്വർണം  ഗ്രാമിന് 6,770 രൂപയും പവന് 54,160 രൂപയും വെള്ളിക്ക് ഗ്രാമിന് 96 രൂപയുമായിരുന്നു വില. ഇതാണ്, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കുത്തനെ കുറഞ്ഞത്.

ബജറ്റിന് ശേഷം സ്വർണം ഗ്രാമിന് 370 രൂപയും പവന് 2,960 രൂപയും കേരളത്തിൽ കുറഞ്ഞു. വെള്ളിക്ക് കുറഞ്ഞത് ഗ്രാമിന് 7 രൂപ. ബജറ്റിന് മുമ്പ് നികുതിയും മിനിമം 5 ശതമാനം പണിക്കൂലിയും ഹോൾമാർക്ക് ഫീസും കണക്കാക്കിയാൽ ഒരു പവൻ ആഭരണത്തിന് കേരളത്തിൽ 60,000 രൂപയെങ്കിലും കൊടുക്കണമായിരുന്നു. നിലവിൽ മിനിമം 55,428 രൂപ (പണിക്കൂലി 5 ശതമാനം പ്രകാരം) കൊടുത്താൽ മതിയാകും.

ചാഞ്ചാടി രാജ്യാന്തര വില
 

ലോകത്തെ ഒന്നാം നമ്പർ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിലെ സാമ്പത്തിക രംഗത്തെ ചലനങ്ങൾ സ്വർണ വിലയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുകയാണ്. ഔൺസിന് ഒരുവേള 2,354 ഡോളർ വരെ താഴ്ന്ന സ്വർണ വില ഇപ്പോൾ 2,370 ഡോളറിലേക്ക് കരകയറിയിട്ടുണ്ട്.

Image : iStock/ePhotocorp
Image : iStock/ePhotocorp

അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പ കണക്കുകൾ ഉടൻ പുറത്തുവരും. പണപ്പെരുപ്പം ആശ്വാസതലത്തിലാണെങ്കിൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ഇത് സ്വർണത്തിന് നേട്ടമാകും. കാരണം, പലിശ കുറയുന്നത് കടപ്പത്ര നിക്ഷേപങ്ങളെ അനാകർഷകമാക്കും. സ്വർണ നിക്ഷേപങ്ങളിലേക്ക് പണമൊഴുകുകയും ചെയ്യും. അതേസമയം, പലിശനിരക്ക് കുറയുന്നത് വൈകിയാൽ സ്വർണ വില ദുർബലമാകും.

പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കേ, നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടന്നതാണ് നിലവിൽ ചാഞ്ചാട്ടത്തിന് വഴിയൊരുക്കിയത്.

English Summary:

Gold prices remain unchanged in Kerala despite international market fluctuations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com