വീണ്ടും കൂപ്പുകുത്തി സ്വർണം; പവൻ വില 4 മാസത്തെ താഴ്ചയിൽ, വിവാഹ പാർട്ടികൾക്ക് വൻ നേട്ടം
Mail This Article
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം പകർന്ന് സ്വർണ വില ഇന്നും കൂപ്പുകുത്തി. ഗ്രാമിന് ഇന്ന് 95 രൂപ താഴ്ന്ന് വില 6,400 രൂപയായി. 760 രൂപ കുറഞ്ഞ് 51,200 രൂപയാണ് പവൻ വില. കഴിഞ്ഞ ഏപ്രിലിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയാണിത്.
18 കാരറ്റ് സ്വർണ വില ഗ്രാമിന് 85 രൂപ താഴേക്കിറങ്ങി 5,310 രൂപയായി. വെള്ളി വിലയും ഇടിയുകയാണ്. ഇന്ന് ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം. ബജറ്റിന് മുമ്പത്തെ വാരം വെള്ളി വില 100 രൂപയായിരുന്നു.
ഒരു ദിവസം വൈകി വന്ന വിലക്കുറവ്
കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന്‍റെ ചുവടുപിടിച്ച് ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും ഒറ്റയടിക്ക് കുറയേണ്ടതായിരുന്നു കേരളത്തിൽ. എന്നാൽ, ബജറ്റിന് തൊട്ടുപിന്നാലെ അന്ന് ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും വെട്ടിക്കുറച്ച വ്യാപാരികൾ ഇന്നലെ വില കുറയ്ക്കാൻ തയ്യാറായില്ല.
ഒറ്റയടിക്ക് വൻ വിലക്കുറവ് വരുത്തേണ്ടെന്ന നിലപാടായിരുന്നു കാരണം. വരുംദിവസങ്ങളിലായി പടിപടിയെന്നോണം വില കുറച്ചാൽ മതിയെന്നും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായാണ് പ്രധാനമായും ഇന്ന് വില കുറച്ചത്.
വിവാഹ പാർട്ടികൾക്ക് നേട്ടമാക്കാം
സ്വർണ വില കുറഞ്ഞുനിൽക്കുന്നത് കൂടുതൽ നേട്ടമാകുക വിവാഹാവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ്. കുറഞ്ഞ വില പ്രയോജനപ്പെടുത്തി, മുൻകൂർ ബുക്കിങ്ങിലൂടെ സാമ്പത്തിക നേട്ടം സ്വന്തമാക്കാം. ഒട്ടുമിക്ക മുൻനിര ജ്വല്ലറികളും ഒരുമാസം മുതൽ ഒരുവർഷം വരെ മുൻകൂർ ബുക്കിങ്ങ് സൗകര്യം നൽകുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണാഭരണങ്ങളുടെ വിലയുടെ നിശ്ചിത ശതമാനം മുൻകൂർ അടച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്.
പിന്നീട് സ്വർണാഭരണങ്ങൾ കൈപ്പറ്റുന്ന ദിവസത്തെ വിലയും ബുക്ക് ചെയ്ത ദിവസത്തെ വിലയും തമ്മിൽ താരതമ്യം ചെയ്യും. ഇതിലേതാണോ കുറഞ്ഞവില, ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. അതായത് ബുക്ക് ചെയ്തശേഷം വില ഉയർന്നാലും അത് ഉപയോക്താവിനെ ബാധിക്കില്ല. എന്നാൽ, വില താഴേക്കാണ് നീങ്ങിയതിൽ, ആ വിലയ്ക്ക് സ്വർണം കിട്ടുകയും ചെയ്യും.
രാജ്യാന്തര വിലയിലും തകർച്ച
രാജ്യാന്തര വില കുത്തനെ ഇടിഞ്ഞതും ഇന്ന് കേരളത്തിൽ വില കുറയാൻ കാരണമായി. കഴിഞ്ഞവാരം ഔൺസിന് എക്കാലത്തെയും ഉയരമായ 2,483.65 ഡോളർ വരെ എത്തിയ രാജ്യാന്തര വില ഇന്ന് 2,368 ഡോളർ വരെ ഇടിഞ്ഞു. ഇപ്പോൾ വില 2,374 ഡോളർ.
അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറയുമെന്ന വിലയിരുത്തൽ ശക്തമായതിനാൽ സ്വർണ വില ഉയരേണ്ടതാണ്. എന്നാൽ, നിക്ഷേകർ ലാഭമെടുത്ത് പിന്മാറുന്നത് നിലവിൽ വിലയിടിവിന് വഴിവയ്ക്കുന്നു. അമേരിക്കയുടെ ഉപയോക്തൃച്ചെലവ് സംബന്ധിച്ച കണക്കുകൾ വൈകാതെ പുറത്തുവരും. പണപ്പെരുപ്പത്തിന്‍റെ ദിശ നിർണയിക്കുന്നതാകും ഇത്.
പണപ്പെരുപ്പം കുറയുകയാണെങ്കിൽ സെപ്റ്റംബറോടെ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശഭാരം കുറച്ചേക്കും. പണപ്പെരുപ്പം ഉയർന്നാൽ, പലിശ കുറയ്ക്കാൻ വൈകും. അത് സ്വർണത്തിന് തിരിച്ചടിയാകും.
ഒരു പവൻ ആഭരണത്തിന് ഇന്നെന്ത് നൽകണം?
കേന്ദ്ര ബജറ്റിന് മുമ്പുള്ള ദിവസം നികുതികളും പണിക്കൂലിയും (മിനിമം 5 ശതമാനം കണക്കാക്കിയാൽ) അടക്കം 60,000 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകുമായിരുന്നുള്ളൂ. പണിക്കൂലിക്ക് പുറമേ മൂന്ന് ശതമാനം ജിഎസ്‍ടിയും ഹോൾമാർക്ക് ഫീസും (45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന തുകയായ 53.10 രൂപ) ഉൾപ്പെടുന്നതാണ് ആഭരണ വില. ഇന്ന് 55,428 രൂപ കൊടുത്താൽ ഒരു പവൻ ആഭരണം വാങ്ങാം. അതായത്, ബജറ്റിന് മുമ്പത്തേക്കാൾ 4,550 രൂപയോളം കുറവ്.