കേരളത്തിൽ പവന് എന്തുകൊണ്ട് 4,000 രൂപ കുറഞ്ഞില്ല? വില ഇനി മെല്ലെ കുറച്ചാൽ മതിയെന്ന് തീരുമാനം
Mail This Article
ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറച്ചിന് തൊട്ടുപിന്നാലെ ഇന്നലെ ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും ഒറ്റയടിക്ക് താഴ്ത്തിയ കേരളത്തിലെ സ്വർണ വ്യാപാരികൾ ഇന്ന് വില കുറയ്ക്കേണ്ടെന്ന് തീരുമാനിച്ചു.
എന്താണതിന് കാരണം? ബജറ്റിലെ തീരുമാനം കണക്കാക്കിയാൽ ഇന്നും ഏതാണ്ട് 250 രൂപയോളം ഗ്രാമിന് കുറയണം. പവന് 2,000 രൂപയും. അതായത്, രണ്ടുദിവസം കൊണ്ട് ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറയണം.
പക്ഷേ, ഇന്ന് വില കുറയ്ക്കേണ്ടെന്ന് വ്യാപാരികളുടെ അസോസിയേഷനുകളിലെ വില നിർണയ സമിതികൾ തീരുമാനിക്കുകയായിരുന്നു. വെള്ളിക്ക് മാത്രമാണ് ഇന്ന് വില കുറച്ചത്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 210 രൂപ കുറച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഇന്നലെ കുറഞ്ഞതാണ്. ഇന്നാണ് നടപ്പിൽ വരുത്തിയതെന്ന് മാത്രം. ഫലത്തിൽ, ഇന്ന് സംസ്ഥാനത്ത് വെള്ളിക്ക് മാത്രമേ വില കുറഞ്ഞിട്ടുള്ളൂ. ദേശീയതലത്തിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞിട്ടുണ്ട്.
500 രൂപ കുറയേണ്ടതായിരുന്നു, പക്ഷേ...
ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ (ബേസിക് കസ്റ്റംസ് ഡ്യൂട്ടി) 6 ശതമാനമായാണ് കുറച്ചത്. നേരത്തേ 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം സെസ് എന്നിങ്ങനെ മൊത്തം 15 ശതമാനമായിരുന്നു ഇറക്കുമതി നികുതി ബാധ്യത. തീരുവയിൽ 9 ശതമാനം കുറവുവന്നതിന് ആനുപാതികമായാണ് ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറയേണ്ടത്. ഇതിന്‍റെ പകുതിയാണ് ഇന്നലെ കുറച്ചത്. ഇന്നും വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
ഇന്നലെ വില നിർണയം 6,850 രൂപ ബാങ്ക് റേറ്റ് പ്രകാരമായിരുന്നു. ഇന്ന് ബാങ്ക് റേറ്റ് 6,889 രൂപയാണ്. മാത്രമല്ല, രാജ്യാന്തര വില ഔൺസിന് 2,396 ഡോളറിൽ നിന്ന് 2,416 ഡോളറിലേക്ക് കയറിയിട്ടുമുണ്ട്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് ഇന്ന് വില മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത്.
ആരാണ് സ്വർണ വില നിശ്ചയിക്കുന്നത്?
വ്യാപാരികളുടെ അസോസിയേഷനുകളാണ് നിലവിൽ കേരളത്തിൽ സ്വർണ വില ഓരോ ദിവസവും നിശ്ചയിക്കുന്നത്. ഭീമ ജുവലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (AKGSMA/എകെജിഎസ്എംഎ), ജസ്റ്റിൻ പാലത്ര നേതൃത്വം നൽകുന്ന ഇതേ പേര് തന്നെയുള്ള സംഘടന എന്നിവ കേരളത്തിൽ ഓരോ ദിവസവും സ്വർണ വില നിശ്ചയിക്കുന്നുണ്ട്.
ഇരു സംഘടനകളും വ്യത്യസ്ത വിലയാണ് പലപ്പോഴും നിശ്ചയിക്കാറുള്ളതെന്നത് വിപണിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാറുമുണ്ട്. ഇന്ന് ഇരു സംഘടനകളും സ്വർണ വിലയിൽ മാറ്റം വരുത്തിയില്ല. എങ്കിലും ജസ്റ്റിൻ പാലത്ര വിഭാഗത്തിന്‍റെ വില ഡോ. ഗോവിന്ദൻ നയിക്കുന്ന വിഭാഗം നിശ്ചയിച്ചതിനേക്കാൾ കുറവാണ്.
എങ്ങനെയാണ് വില നിർണയം?
ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുമായുള്ള വിനിമയ നിരക്ക്, സ്വർണത്തിന്‍റെ രാജ്യാന്തര വില, ഇതിന് ആനുപാതികമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് റേറ്റ്, മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും രാവിലെ 9.30ഓടെ സ്വർണ വില നിശ്ചയിക്കുന്നത്.
ഒറ്റയടിക്ക് തുടർച്ചയായി ഗ്രാമിന് 500 രൂപയും പവന് 4,000 രൂപയും കുറയ്ക്കുന്നത് ലാഭത്തെ ബാധിക്കുമെന്ന് ചില വിഭാഗം ജുവലറി ഉടമകൾ ഇന്നത്തെ വില നിർണയ യോഗത്തിൽ വാദിച്ചതായും സൂചനയുണ്ട്. ഇവരുടെ എതിർപ്പ് പരിഗണിച്ചാണ് ഇന്ന് വില മാറ്റാതിരുന്നതെന്നും അറിയുന്നു.
എന്തുകൊണ്ട് കുറച്ചില്ല? വിശദീകരണം ഇങ്ങനെ
ബാങ്ക് റേറ്റിലും രാജ്യാന്തര വിലയിലുമുണ്ടായ വർധന ഇന്നത്തെ വില നിർണയത്തെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും ഇറക്കുമതി തീരുവയിലുണ്ടായ വൻ കുറവ് കണക്കിലെടുത്ത്, ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും ഇന്ന് കുറയ്ക്കാമായിരുന്നു.
എന്നാൽ, ഇനി വില പടിപടിയായി കുറച്ചാൽ മതിയെന്ന് തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ന് മാറ്റം വരുത്താതിരുന്നതെന്നും വരുംദിവസങ്ങളിൽ ചെറിയതോതിലായി വില കുറയുമെന്നും ജസ്റ്റിൻ പാലത്ര മനോരമ ഓൺലൈനോട് പറഞ്ഞു.
വിലയിൽ സ്ഥിരതയാണ് കച്ചവടക്കാരും ഉപയോക്താക്കളും ആഗ്രഹിക്കുന്നത്. ഒറ്റയടിക്ക് വില തുടർച്ചയായി കുറയുന്നത് ഉപയോക്താക്കളെ സ്വർണം വാങ്ങുന്ന തീരുമാനം നീട്ടിവയ്ക്കാൻ പ്രേരിപ്പിക്കും. വില കൂടുതൽ കുറയാനായി അവർ കാത്തിരിക്കും. ഇത് നിലവിൽ തന്നെ മാന്ദ്യത്തിലുള്ള വിപണിയെ കൂടുതൽ തളർത്തും. ഇതൊഴിവാക്കാനാണ് ഒറ്റയടിക്ക് വൻ വിലക്കുറവ് വരുത്തേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വില, ബാങ്ക് റേറ്റ് എന്നിവ ഇന്നലത്തേതിനേക്കാൾ വർധിച്ചിട്ടുണ്ടെന്നും ഇറക്കുമതി തീരുവ കുറഞ്ഞതിന്‍റെ ആനുകൂല്യം വിലയിൽ വന്നു കഴിഞ്ഞെന്നും എകെജിഎസ്എംഎ സംസ്ഥാന ചെയർമാൻ ഡോ.ബി. ഗോവിന്ദൻ പറഞ്ഞു.