ചൈന ലോകം ഭരിക്കുമോ? പെട്രോ യുവാൻ കളത്തിലിറങ്ങുന്നു, ഡോളറിന് എന്ത് സംഭവിക്കും
Mail This Article
ചൈന ലോകം ഭരിക്കുമോ എന്ന കാര്യം വർഷങ്ങളായി നയതന്ത്രജ്ഞരുടെയും, സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും ചർച്ച വിഷയമാണ്. ഷി ജിങ് പിങ് വർഷങ്ങളായി രഹസ്യമായി അത്തരമൊരു ദൗത്യത്തിന് പിന്നിലാണ് എന്ന് കരുതുന്നവരുണ്ട്. ഡോളറിനെ ഒഴിവാക്കി സമ്പാദ്യമെല്ലാം സ്വർണത്തിലേക്ക് വഴിമാറ്റിയും, സ്വന്തം കറൻസിയായ യുവാനെ ശക്തനാക്കിയും കളം പിടിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്.
പെട്രോ ഡോളർ സ്വാധീനം
ക്രൂഡ് ഓയിൽ കയറ്റുമതിക്കായി കൈമാറ്റം ചെയ്യപ്പെടുന്ന യുഎസ് ഡോളറുകളാണ് പെട്രോ ഡോളറുകൾ എന്നറിയപ്പെടുന്നത്. അമേരിക്കയും അസംസ്കൃത എണ്ണ ഉൽപ്പാദകരും തമ്മിൽ പരസ്പരാശ്രയം വർധിച്ചു വന്നപ്പോൾ ആയിരുന്നു പെട്രോ ഡോളറുകൾ ഉദയം ചെയ്തത്. അതിനു ശേഷം പെട്രോ ഡോളറുകൾക്കു സാമ്പത്തികമായും, രാഷ്ട്രീയമായും ഒരുപാടു പ്രാധാന്യം കൈവന്നു. അസംസ്കൃത എണ്ണ കൈമാറ്റത്തിന് എണ്ണ വാങ്ങാൻ രാജ്യങ്ങൾ യുഎസ് ഡോളർ കൈവശം വയ്ക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു .ഇത് യു എസ് ഡോളറിന് സ്ഥിരമായ ഡിമാൻഡ് ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇങ്ങനെ യു എസ് ഡോളർ പിടികിട്ടാതെ ഉയരാനും, വളരാനും തുടങ്ങി. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ അവരുടെ അധിക യുഎസ് ഡോളർ, പലപ്പോഴും യുഎസ് ട്രഷറി സെക്യൂരിറ്റികളിലും ഡോളർ മൂല്യമുള്ള മറ്റ് ആസ്തികളിലും ആയിരുന്നു നിക്ഷേപിച്ചിരുന്നത്. വരുമാനം നേടുമ്പോൾ അവ സുരക്ഷിതമായി സൂക്ഷിക്കുന്ന പെട്രോഡോളർ റീസൈക്ലിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ യുഎസ് ബജറ്റിനും വ്യാപര കമ്മികൾക്കും ധനസഹായം അങ്ങനെയും ലഭിച്ചിരുന്നു.
പെട്രോഡോളർ സംവിധാനം യുഎസിന് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ മേൽ ഒരു പരിധിവരെ സ്വാധീനവും നൽകിയിരുന്നു. കാരണം ഈ രാജ്യങ്ങൾ യുഎസ് ഡോളറിൻ്റെ സ്ഥിരതയെ ആശ്രയിച്ചു. കറൻസിയുടെ ശക്തി നിലനിർത്തുന്നതിൽ നിക്ഷിപ്ത താൽപ്പര്യവും കാണിച്ചിരുന്നു.
ഇങ്ങനെ ഡോളർ അരങ്ങു വാണിരുന്ന സമയത്താണ് ക്രിപ്റ്റോ കറൻസികളും, സി ബി ഡി സി കളും രംഗത്തെത്തിയത്. അമേരിക്കയുടെ ആധിപത്യം തകർക്കാൻ താല്പര്യമുള്ള രാജ്യങ്ങൾ അപ്പോഴാണ് ഡോളറിനു ഒരു ബദലിനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ, ചൈനയ്ക്കും, ഇന്ത്യയ്ക്കും കൂടുതൽ ശക്തരാകാൻ വഴിയൊരുങ്ങി. അസംസ്കൃത എണ്ണ ഇറക്കുമതിയാണ് കാര്യങ്ങൾ മാറ്റി മറിച്ചത്.
അസംസ്കൃത എണ്ണ പിടിവള്ളി
ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ഇറക്കുമതിക്കാരായ ചൈന, 2023-ൽ പ്രതിദിനം 11.3 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് 2022-നെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണ് എന്ന് ചൈന കസ്റ്റംസ് ഡാറ്റ കണക്കുകൾ കാണിക്കുന്നു. ചൈനയിലെ ഗതാഗത ആവശ്യങ്ങൾക്ക് മാത്രമല്ല, വളരുന്ന പെട്രോകെമിക്കൽ വ്യവസായത്തിന് കൂടിയാണ് ഇത്രയും അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്.
2023ൽ റഷ്യ, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു പ്രധാനമായും ചൈന അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. 2023ൽ റഷ്യയിൽ നിന്ന് കൂടുതലായി അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ചൈനയും, ഇന്ത്യയും കൂടുതലായി റഷ്യൻ ഇറക്കുമതിയെ ആശ്രയിക്കുന്നത് സൗദി അറേബ്യക്കാണ് ഏറ്റവും ക്ഷീണം ഉണ്ടാക്കിയത്. വലിയ ഇറക്കുമതിക്കാരെ പിണക്കാതിരിക്കാൻ ഡോളറിനെ തള്ളി, ചൈനയുടെ യുവാനെ അസംസ്കൃത എണ്ണ ഇടപാടുകളിൽ സെറ്റില്‍മെന്റിനായി ഉപയോഗിക്കാൻ അങ്ങനെ സൗദി അറേബ്യക്ക് മുകളിലും സമ്മർദ്ദമുണ്ടായി. ഡോളറിനെ തഴയണം എന്ന ആഗ്രഹം സൗദി അറേബ്യയ്ക്കും ഉണ്ടായിരുന്നു.
1970 കൾ മുതൽ കളം പിടിച്ചിരുന്ന 'പെട്രോ ഡോളർ' വഴി മാറി കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്നു അമേരിക്ക പോലും വിചാരിച്ചിരുന്നില്ല.
പെട്രോ യുവാൻ
2022 ൽ ലോക വ്യാപാരത്തിന് ഉപയോഗിക്കുന്ന കറൻസികളിൽ അഞ്ചാം സ്ഥാനത്തായിരുന്നു യുവാൻ. അസംസ്കൃത എണ്ണ വ്യാപാരത്തിൽ സെറ്റിൽമെന്ററിനു 'യുവാൻ' ഉപയോഗിക്കുക എന്നതാണ് 'പെട്രോ യുവാൻ' കൊണ്ടുദ്ദേശിക്കുന്നത്. പെട്രോ കെമിക്കൽ വ്യവസായത്തിൽ ചൈനയുടെ സ്വാധീനം ഇപ്പോൾ വളരുകയാണ്. ചൈനീസ് പെട്രോകെമിക്കൽ വ്യവസായം മിഡിൽ ഈസ്റ്റിൽ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതിക്ക്, ചൈനീസ് കറൻസിയിൽ പണം നൽകാൻ ഇന്ത്യക്ക് മുകളിലും വലിയ സമ്മർദ്ദമുണ്ടായിരുന്നു. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ ഇന്ത്യൻ പൊതുമേഖലാ റിഫൈനറി സ്ഥാപനങ്ങളിൽ ചിലതു ചൈനീസ് യുവാൻ ഉപയോഗിച്ച് അസംസ്കൃത എണ്ണ വാങ്ങിയത് ഇന്ത്യൻ സർക്കാർ തലത്തിൽ പ്രധാനമന്ത്രിക്ക് അടക്കം വൻ അതൃപ്തി ഉണ്ടാക്കിയിരുന്നു.
2023 ഒക്ടോബറിൽ തന്നെ രാജ്യാന്തര അസംസ്കൃത എണ്ണ വ്യാപാരത്തിൽ ചൈന, യുവാൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു. 'പെട്രോ യുവാൻ' കളത്തിലിറങ്ങിയത് ഒരു സുപ്രഭാതത്തിലല്ല, മറിച്ചു നാളുകളോളം പല ചർച്ചകൾക്കും, വിലപേശലുകൾക്കും ശേഷമാണ് കളി തുടങ്ങിയിരിക്കുന്നത്. അയൽരാജ്യങ്ങൾക്ക് കടം കൊടുത്ത് കൂടെ നിർത്തുന്ന നയതന്ത്രത്തിൽ നിന്നും 'പെട്രോ യുവാനിൽ' ഒരു കൈ നോക്കാനാണ് ചൈനയുടെ ഇപ്പോഴത്തെ താല്പര്യം. ഡോളർ കുത്തക ഇഷ്ടമല്ലാത്ത ഭൂരിപക്ഷം രാജ്യങ്ങളും ഇതിനു കൂട്ട് നിൽക്കുമെങ്കിലും, ഇന്ത്യ ഇതിൽ എന്ത് നിലപാട് എടുക്കുമെന്നു നോക്കിയിരിക്കുകയാണ് മറ്റു രാജ്യങ്ങൾ.
ഡി ഡോളറൈസേഷൻ വളരെ പതുക്കെയുള്ള ഒരു മാറ്റമായിരിക്കും. എന്നാലും വരും വർഷങ്ങളിൽ ഇതിനു ആക്കം കൂടും എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ബാങ്കുകൾ മത്സരിച്ചു ഡിജിറ്റൽ കറൻസികളിലേക്ക് മാറുന്നതും,ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ലീഗൽ ടെൻഡർ ആയി സ്വീകാര്യമാകുന്നതും സാമ്പത്തിക ലോകത്തിൽ ഡോളറിന്റെ നില വീണ്ടും പരുങ്ങലിലാക്കും.ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാണ് യുവാൻ ഇറക്കി കളിയ്ക്കാൻ ചൈന തീരുമാനിച്ചിരിക്കുന്നത്.