ADVERTISEMENT

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ പുതിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയിൽ 'ആദ്യ അതിഥി' എത്തി. കൊച്ചി തുറമുഖ അതോറിറ്റിക്ക് കീഴിൽ എറണാകുളം വില്ലിങ്ടൺ ഐലൻഡിലുള്ള 42 ഏക്കറിൽ 970 കോടി രൂപ ചെലവിട്ട് യാഥാർഥ്യമാക്കിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയുടെ (ISRF) സാങ്കേതിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കപ്പലായ എച്ച്എസ്‍സി പരലിയാണ് (HSC Parali) അറ്റകുറ്റപ്പണിക്കായി വന്നത്.

6,000 ടൺ ഷിപ്പ് ഭാരശേഷിയും ആറ് വർക്ക്സ്റ്റേഷനുകളും ഏകദേശം 1,400 മീറ്റർ ബെർത്തുമുള്ളതാണ് ഐഎസ്ആർഎഫ്. 130 മീറ്റർ വരെ നീളമുള്ള വെസ്സലുകളെ കൈകാര്യം ചെയ്യാം. ഒരേ സമയം 6 വെസ്സലുകളെ വരെ കൈകാര്യം ചെയ്യാനാകുമെന്നതും പ്രത്യേകതയാണ്. 1,800 കോടി രൂപ ചെലവഴിച്ച് കൊച്ചിൻ ഷിപ്പ്‍യാർഡിന് സമീപം തേവരയിൽ സജ്ജമാക്കുന്ന പുതിയ ഡ്രൈഡോക്കിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. ഏകദേസം 30 നില കെട്ടിടത്തിന്റെ ഉയരമുള്ള കൂറ്റൻ ക്രെയിൻ ഇവിടെ കഴിഞ്ഞദിവസം ഉയർത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കായ ഇവിടയെും ഒക്ടോബറോടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇരു പദ്ധതികളുടെയും കമ്മിഷനിങ് കഴിഞ്ഞ ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു.

എംഎസ്‍സിഐ സൂചികയിലും അംഗത്വം

ഓഹരികൾക്ക് ആഗോള ശ്രദ്ധ ലഭ്യമാക്കുന്ന രാജ്യാന്തര സൂചികയായ മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ സൂചികയിൽ (MSCI Index) ഈ മാസം നടക്കുന്ന പുനഃക്രമീകരണത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡിനും ഇടംലഭിച്ചേക്കും. ഡിക്സൺ ടെക്നോളജീസ്, വോഡഫോൺ ഐഡിയ, സൈഡസ് ലൈഫ് സയൻസസ്, കെപിഐടി ടെക്നോളജീസ്, റെയിൽ വികാസ് നിഗം (ആർവിഎൻഎൽ), ഓയിൽ ഇന്ത്യ, ഓറക്കിൽ ഫിനാൻഷ്യൽ സർവീസസ് എന്നിവയ്ക്കും ഇടം ലഭിക്കുമെന്നാണ് കരുതുന്നത്.

Cochin-shipyard1
ചിത്രം : കൊച്ചിൻ ഷിപ്പ്‍യാർഡ്

എംഎസ്‍സിഐ സൂചികയിൽ അംഗത്വം ലഭിക്കുന്നതോടെ വിദേശ നിക്ഷേപമടക്കം കൂടുതൽ നിക്ഷേപം ലഭിക്കാൻ വഴിയൊരുങ്ങും. കൊച്ചിൻ ഷിപ്പ്‍യാർഡിന്റെയും ഓയിൽ ഇന്ത്യ, സൈഡസ്, ഓറക്കിൾ ഫിനാൻഷ്യൽ, കെപിഐടി ടെക് എന്നിവയുടെയും ഓഹരികളിലേക്ക് 13-14.4 കോടി ഡോളർ (ഏകദേശം 1,200 കോടി രൂപ) നിക്ഷേപം ലഭിക്കാനാണ് സാധ്യതയെന്ന് ജെഎം ഫിനാൻഷ്യൽ വിലയിരുത്തുന്നു. 

ഓഹരികൾ നഷ്ടത്തിൽ

ഇന്ന് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികളിൽ വ്യാപാരം നടക്കുന്നത് നഷ്ടത്തോടെ. 4.38% താഴ്ന്ന് 2,223.50 രൂപയിലാണ് വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കവേ ഓഹരി വിലയുള്ളത്.കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 589 ശതമാനം നേട്ടം നൽകിയ ഓഹരിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. അതേസമയം, കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി 21% താഴേക്കുംപോയി. കഴിഞ്ഞ മാസങ്ങളിലെ വൻ മുന്നേറ്റത്തിന് പിന്നാലെ ഓഹരികൾ നേരിടുന്ന ലാഭമെടുപ്പ് സമ്മർദ്ദം വിലയെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. 58,500 കോടി രൂപ വിപണിമൂല്യവുമായി, കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്.

English Summary:

Cochin Shipyard's ₹970 Crore ISRF Begins Operations with Lakshadweep Vessel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com