ഫാക്ട് വീണ്ടും നഷ്ടത്തിൽ; ഓഹരികൾക്കും ക്ഷീണം, 20% കുതിച്ച് ഡബ്ല്യുഐപിഎൽ, ബിപിഎല്ലിനും നേട്ടം
Mail This Article
കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്/FACT) നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലും കുറിച്ചത് നഷ്ടം. 48.67 കോടി രൂപയാണ് നഷ്ടമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ 71.81 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ട് രേഖപ്പെടുത്തിയിരുന്നത്. 4 വർഷത്തെ തുടർച്ചയായ ലാഭക്കുതിപ്പിന് വിരാമമിട്ട് ഫാക്ട് നഷ്ടത്തിലേക്ക് വീണത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2023-24) അവസാനപാദമായ ജനുവരി-മാർച്ചിലാണ്. 61.2 കോടി രൂപയായിരുന്നു മാർച്ചുപാദ നഷ്ടം. തൊട്ടുമുൻവർഷത്തെ സമാനപാദത്തിൽ 165.44 കോടി രൂപയുടെ ലാഭമായിരുന്നു ഫാക്ടിനുണ്ടായിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം മുൻവർഷത്തെ റെക്കോർഡ് 612.83 കോടി രൂപയിൽ നിന്ന് 146.17 കോടി രൂപയിലേക്കും കുത്തനെ കുറഞ്ഞിരുന്നു. നടപ്പുവർഷം ജൂൺപാദത്തിൽ പ്രവർത്തന വരുമാനം 1,232.57 കോടി രൂപയിൽ നിന്ന് 599.58 കോടി രൂപയിലേക്ക് താഴ്ന്നു. മൊത്ത വരുമാനം 1,277.49 കോടി രൂപയിൽ നിന്ന് 650.94 കോടി രൂപയായും താഴ്ന്നു. ഇന്ന് ഉച്ചയോടെയാണ് ഫാക്ട് ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച നേട്ടത്തോടെ 1,000 രൂപയ്ക്ക് മുകളിൽ പോയ ഓഹരിവില, പ്രവർത്തനഫലം വന്നതിനു പിന്നാലെ താഴ്ന്നു. ഒരുവേള 920 രൂപവരെ താഴ്ന്ന ഓഹരിവില നിലവിലുള്ളത് 5.34% ഇടിഞ്ഞ് 940.20 രൂപയിൽ. 62,000 കോടി രൂപ വിപണിമൂല്യമുള്ള ഫാക്ട്, കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ്. നിക്ഷേപകർക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ 115% നേട്ടവും സമ്മാനിച്ചിട്ടുണ്ട് ഫാക്ട് ഓഹരി.
20% കുതിച്ച് അപ്പർ-സർക്യൂട്ടിൽ ഡബ്ല്യുഐപിഎൽ
കണ്ണൂർ ആസ്ഥാനമായ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന്റെ (WIPL) ഓഹരി വില ഇന്ന് 20% കുതിച്ച് അപ്പർ-സര്‍ക്യൂട്ടിലെത്തി. 229.12 രൂപയിലാണ് ഓഹരി വിലയുള്ളത്. കമ്പനി ഇന്നലെ ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു. ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 44 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി താഴ്ന്നെങ്കിലും ഇക്കഴിഞ്ഞ മാർച്ചുപാദത്തിലെ 9 ലക്ഷം രൂപയുടെ നഷ്ടത്തിൽ നിന്ന് കരകയറിയത് നേട്ടമായി. 194 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരി വില ഉയർന്നത് 81%.
ബിപിഎൽ ഓഹരികളും ഉണർവിൽ
കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ ബിപിഎല്ലിന്റെ ഓഹരികളും ഇന്ന് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലാണുള്ളത്. 122.12 രൂപയാണ് നിലവിൽ ഓഹരി വില. ജൂൺപാദ പ്രവർത്തനഫലം ഇന്നലെ പുറത്തുവന്നിരുന്നു. സംയോജിത ലാഭം 2.54 കോടി രൂപയിൽ നിന്ന് 13.37 കോടി രൂപയിലേക്കും മൊത്ത വരുമാനം 14.60 കോടി രൂപയിൽ നിന്ന് 28.95 കോടി രൂപയിലേക്കും ഉയർന്നത് കമ്പനിക്ക് നേട്ടമായി. 598 കോടി രൂപ വിപണിമൂല്യമുള്ള ബിപിഎല്ലിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത് 84% നേട്ടം.