ലാഭമെടുപ്പ് തകൃതി! സ്വർണ വില കുറഞ്ഞു, മാറ്റമില്ലാതെ വെള്ളി, കാതോർക്കാം അമേരിക്കയിലേക്ക്
Mail This Article
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ ഉയർന്ന കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപ താഴ്ന്ന് വില 6,680 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 53,440 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു.
കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,530 രൂപയായി. വെള്ളി വിലയിൽ ഇന്നും മാറ്റമില്ല; വില ഗ്രാമിന് 92 രൂപ.
എന്തുകൊണ്ട് ഇന്ന് വില കുറഞ്ഞു?
കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയത് രാജ്യാന്തര വില അൽപം താഴാനിടയാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലെയും സ്വർണ വിലയെ സ്വാധീനിച്ചു. കഴിഞ്ഞദിവസം ഔൺസിന് 2,532 ഡോളർ എന്ന സർവകാല റെക്കോർഡ് തൊട്ട രാജ്യാന്തര വില 2,500.67 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
ലാഭമെടുപ്പ് സമ്മർദ്ദം തുടർന്നേക്കാമെന്ന് ചില നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ വില 2,480 ഡോളർ വരെ താഴ്ന്നേക്കുമെന്നും അവർ പറയുന്നു. ഇത് യാഥാർഥ്യമായാൽ കേരളത്തിലും വരുംദിവസങ്ങളിൽ വില കുറയാം. എന്നാൽ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ, ദീർഘകാലത്തിൽ സ്വർണ വില മുന്നേറാൻ തന്നെയാണ് സാധ്യതയെന്നും നിരീക്ഷകർ പറയുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നാളെ നടത്തുന്ന ജാക്സൺ ഹോൾ സിമ്പോസിയത്തിലെ പ്രഭാഷണത്തിലേക്കാണ് ഏവരും കാതോർക്കുന്നത്. പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച സൂചനകൾ പ്രഭാഷണത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്നൊരു പവൻ ആഭരണ വിലയെന്ത്?
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 58,110 രൂപ കൊടുത്താലായിരുന്നു ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടുമായിരുന്നത്. ഇന്നത് 57,850 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇന്നലത്തേതിനേക്കാൾ 260 രൂപയുടെ കുറവ്.
സ്വർണ വില കുറയുന്നത് മുൻകൂർ ബുക്കിങ് പ്രയോജനപ്പെടുത്തി, കുറഞ്ഞ വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ്. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ, പിന്നീട് വില ഉയർന്നാലും ബുക്ക് ചെയ്ത വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. പ്രമുഖ ജ്വല്ലറികളെല്ലാം ഈ ഓഫർ നൽകുന്നുണ്ട്.