ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടും ആരോപണങ്ങളുടെ പെരുമഴയും മലയാള സിനിമയുടെ പ്രതിഛായയെ എങ്ങനെ ബാധിച്ചുവെന്ന ചർച്ച നടക്കുമ്പോൾ മലയാളത്തിലെ ബംപർ റിലീസ് കാലമായ ഓണച്ചിത്രങ്ങളും കടന്നു വരുന്നു. ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് കൂട്ടിയ സിനിമ വിവാദം തിയറ്റർ പ്രേക്ഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണു നിർമാതാക്കളും തിയറ്റർ ഉടമകളും.

75 കോടി രൂപയിലേറെയാണ് പുതിയ 4 മലയാള സിനിമകളുടെ ‘ഓണം ഇൻവെസ്റ്റ്മെന്റ്’. സിനിമകളുടെ ഒടിടി സാറ്റലൈറ്റ് വിൽപനയും പ്രതിസന്ധിയിലായതോടെ തിയറ്റർ ഹിറ്റ് എന്ന പഴയ ഫോർമുലയിലേക്കു തിരിച്ചുപോകുകയാണ് സിനിമ.

 വമ്പൻ മുതൽമുടക്കോടെ വരുന്ന ജിതിൻ ലാലിന്റെ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം, ആന്റണി വർഗീസും രാജ് ബി. ഷെട്ടിയും ഒന്നിക്കുന്ന അജിത് മാമ്പള്ളിയുടെ കൊണ്ടൽ, ജിൻജിത് അയ്യത്താന്റെ ആസിഫ് അലി– അപർണ ബാലമുരളി ചിത്രം കിഷ്കിന്ധാകാണ്ഡം ഒമർ ലുലുവിന്റെ റഹ്മാൻ ചിത്രം ബാഡ്ബോയ്സ് എന്നിവയാണ് പ്രധാന ഓണം റിലീസുകൾ. അടുത്തയാഴ്ചയിലാണ് ചിത്രങ്ങളെല്ലാം തിയറ്ററിലെത്തുന്നത്.

‘‘തിയറ്ററിലേക്കു പ്രേക്ഷകർ എത്തുമോയെന്ന ആകാംക്ഷയുണ്ട്. ചിത്രങ്ങൾക്ക് നല്ല റിപ്പോർട്ട് കിട്ടിയാൽ പ്രേക്ഷകർ ഒഴുകിയെത്തും .മറ്റൊന്നും അതിന് തടസ്സമാകില്ല ’’–പുതിയ ചിത്രങ്ങളുടെ നിർമാതാക്കളിലൊരാൾ പറഞ്ഞു.

cinema

‘‘ ആത്യന്തികമായി ആളുകൾക്ക് സിനിമ വേണം. അത് ആസ്വദിക്കണം എന്ന ആഗ്രഹമുണ്ട്. ഒരു ഉത്സവകാലത്ത് പ്രത്യേകിച്ചും പുതിയ സിനിമകൾ തേടുന്നവരാണ് കേരളത്തിലെ പ്രേക്ഷകർ ’’–ഓണം റിലീസ് ചിത്രമായ കിഷ്കിന്ധാകാണ്ഡത്തിന്റെ സംവിധായകൻ ദിൻജിത് അയ്യത്താൻ ചൂണ്ടിക്കാട്ടുന്നു.

സിനിമയ്ക്കു പുറത്തെ കോലാഹലങ്ങൾ പ്രേക്ഷകരെ ബാധിക്കില്ലെന്ന അഭിപ്രായമാണ് കേരളത്തിലെ പ്രമുഖ തിയറ്റർ ഗ്രൂപ്പായ ഷേണായീസിന്റെ മാനേജിങ് പാർട്നർ സുരേഷ് ഷേണായിക്ക്. 

നല്ല രീതിയിൽ കലക്‌ഷൻ നേടി മുന്നോട്ടുപോയ വാഴ, നുണക്കുഴി എന്നീ ചിത്രങ്ങൾക്ക് വിവാദങ്ങൾ വന്നതോടെ കലക്‌ഷൻ കുറഞ്ഞത് വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. എന്നാൽ വിവാദമല്ല ഓണപ്പരീക്ഷ വന്നതാണ് ചിത്രങ്ങൾക്ക് പോയ വാരം കലക്‌ഷൻ കുറഞ്ഞതിന്റെ കാരണമെന്നാണു നിർമാതാക്കളുടെ പക്ഷം.

‘‘ മലയാള സിനിമയ്ക്ക് ഒരു ചീത്തപ്പേരുണ്ടായിട്ടുണ്ട്. അത് മാറണം. സിനിമ അഗ്നിശുദ്ധിതെളിയിച്ച് തിരിച്ചുവരണം. അതുണ്ടാകും ’’– നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സന്ദീപ് സേനൻ ചൂണ്ടിക്കാട്ടി.

English Summary:

Onam movie release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com