വീസ വേണോ, റൂപേ വേണോ? ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നെറ്റ്‍വർക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം ഇന്നുമുതൽ
Mail This Article
ന്യൂഡൽഹി∙ ഇഷ്ടമുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നെറ്റ്‍വർക് തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നു. ബാങ്കിൽ നിന്ന് വീസ കാർഡ് വേണോ, റുപേയ് കാർഡ് വേണോ അതോ മാസ്റ്റർകാർഡ് വേണോയെന്ന് ഇനി തീരുമാനിക്കാം. ഇതുസംബന്ധിച്ച റിസർവ് ബാങ്ക് ഉത്തരവ് ഇന്നു പ്രാബല്യത്തിൽ വരും. കാർഡ് പുതുക്കുമ്പോൾ ഇഷ്ടമുള്ള കാർഡ് നെറ്റ്‍വർക്കിലേക്ക് മാറാനും കഴിയും. ബാങ്കുകൾ ഇതുസംബന്ധിച്ച് വരും ദിവസങ്ങളിൽ വ്യക്തത വരുത്തിയേക്കും.
വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 കാർഡ് ശൃംഖലകളാണ് ഇന്ത്യയിലുള്ളത്. ഇവയുമായി കരാറിൽ ഏർപ്പെട്ടാണ് ബാങ്കുകൾ നമുക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ നൽകുന്നത്. എന്നാൽ ഇതുവരെ ഇഷ്ടമുള്ള കാർഡ് നെറ്റ്‍വർക് തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നില്ല. ബാങ്കാണ് ഇക്കാര്യം തീരുമാനിച്ചിരുന്നത്.
പുതിയ കാർഡ് എടുക്കുന്നവർക്ക് ബാങ്കുകൾ ഒന്നിലേറെ ഓപ്ഷനുകൾ നൽകണമെന്നാണ് റിസർവ് ബാങ്ക് ഉത്തരവ്. 10 ലക്ഷത്തിൽ താഴെമാത്രം കാർഡ് ഇഷ്യു ചെയ്തിട്ടുള്ള ബാങ്കുകൾക്ക് ആർബിഐ ഉത്തരവ് ബാധകമല്ല.
നിലവിൽ വീസ കാർഡുള്ള വ്യക്തിക്ക് അയാളുടെ ബാങ്കിന് റുപേയ് കാർഡ് നെറ്റ്‍വർക്കുമായി കരാറുണ്ടെങ്കിൽ കാർഡ് പുതുക്കുമ്പോൾ മാറ്റിവാങ്ങാം. അടുത്തതവണ വീണ്ടും വീസ കാർഡിലേക്ക് തിരിച്ചുംപോകാം.
ഓരോ കാർഡ് നെറ്റ്‍വർക്കും വ്യത്യസ്തമായ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. (ഉദാ: ലൗഞ്ച് ആക്സസ്, സ്പാ, ഒടിടി സബ്സ്ക്രിപ്ഷൻ, സിനിമാടിക്കറ്റ്). ആനുകൂല്യങ്ങൾ കൂടുതലുള്ളത് നോക്കി തിരഞ്ഞെടുക്കാം.
ഉപയോക്താവിന് ഓപ്ഷൻ ലഭിക്കുന്നതോടെ കാർഡ് നെറ്റ്‍വർക്കുകൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ നിർബന്ധിതരായേക്കും.